Asianet News MalayalamAsianet News Malayalam

വീട്ടിലെ അലമാരയിൽ നിന്ന് 30 പവനിലധികം സ്വർണവും പണവും കാണാതായി: അന്വേഷണം നീണ്ടത് അടുത്ത ബന്ധുവിലേക്ക് തന്നെ

സുരേഷ് ബാബുവിന്റെ സഹോദരന്റെ മകളടെ ഭര്‍ത്താവാണ് കേസിൽ പിടിയിലായ അല്‍ അമീന്‍. മോഷണ ശേഷം ഇയാൾ സ്വന്തം നാടായ പത്തനാപുരത്തേക്ക് പോയിരുന്നു.

30 pavan gold and money stolen from the shelf of a house and investigation lead to a close relative
Author
First Published Jul 3, 2024, 10:41 AM IST

ബാലരാമപുരം: പട്ടപ്പകല്‍ വീട് കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി പൊലീസിന്റെ പിടിയിലായി. കൊല്ലം പത്തനാപുരം കലഞ്ഞൂര്‍ ഡിപ്പോ ജംങ്ഷനില്‍ അന്‍സി മന്‍സിലില്‍ അല്‍-അമീന്‍ ഹംസയാണ് (21) പിടിയിലായത്. ബാലരാമപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മോഷ്ടാവിനെ പിടികൂടിയത്.

തിങ്കളാഴ്ച  ഉച്ചയ്ക്കാണ് തിരുവനന്തപുരം കോഴോട് ജിആര്‍ ഭവനില്‍ സുരേഷ് ബാബുവിന്റെ വീട്ടിലെ അലമാര കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. സുരേഷ് ബാബുവിന്റെ സഹോദരന്റെ മകളടെ ഭര്‍ത്താവാണ് അല്‍ അമീന്‍. പ്രണയ വിവാഹമായിരുന്നു ഇയാളുടേത്. മോഷണം നടന്ന വീടിന്റെ തൊട്ടടുത്താണ് അൽ അമീന്റെ ഭാര്യവീട്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അല്‍അമീന്‍ സ്വര്‍ണാഭരണം കവര്‍ന്ന ശേഷം പത്തനാപുരത്തേക്ക് പോയി. സംശയം തോന്നിയവരെയെല്ലാം പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അല്‍അമീന്‍ പിടിയിലായത്.

സുരേഷ് ബാബുവിന്റെ ഭാര്യയും മരുമകളും തൊഴിലുറപ്പ് ജോലിക്ക് പോയ സമയത്തായിരുന്നു അലമാര കുത്തിതുറന്ന് മോഷണം. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 30.5 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഓട്ടോ തൊഴിലാളിയായ സുരേഷ് ബാബു ഈ സമയത്ത് കൂട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോയിരിക്കുകയായിരുന്നു. ഭാര്യ രേണുകയും മരുമകള്‍ താരയും തൊഴിലുറപ്പ് ജോലിക്കും പോയി. രാവിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന, സ്ഥിരമായി അണിയുന്ന മാല അണിഞ്ഞ ശേഷം അലമാര അടച്ച് താക്കോൽ മാറ്റി വെച്ച ശേഷമാണ് താര ജോലിക്ക് പോയത്.

ഉച്ചക്ക് ഭക്ഷണം കഴിക്കുവാനെത്തിയപ്പോള്‍ വീടിന്റെ പിന്‍വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത് തുടര്‍ന്ന് പരിശോധിച്ചപ്പോൾ അലമാര തുറന്ന് കിടക്കുന്നത് കണ്ടു. മുപ്പത് പവന്റെ സ്വര്‍ണഭരണങ്ങളും അയ്യായിരം രൂപയും മോഷണം പോയതായി കണ്ടെത്തി. തുണിക്കുള്ളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. തൊട്ടടുത്തുള്ള അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടരപവന്റെ കൊലുസും ഒന്നരപവന്റെ വളയും നഷ്ടപ്പെട്ടില്ല. പിന്‍വശത്തെ വാതില്‍  തുറന്നായിരുന്നു മോഷണം. വീടുമായി അടുത്തു ബന്ധമുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് തുടക്കം മുതലെ സംശയമുണ്ടായിരുന്നു. ഈ വഴിക്കുള്ള അന്വേഷണത്തിലാണ് പ്രതി വലയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios