'ഇപ്പോഴത്തെ പിള്ളേര് കൊള്ളാം', പക്ഷേ... ബിലാൽ ആരാധകരേക്കൊണ്ട് വലഞ്ഞ് സന്തോഷും അതിഥികളും
ഇന്ന് വാസ്കോ ഹൌസ് എന്ന് പറഞ്ഞാൽ ഗൂഗിളിന് പോലും മനസിലാകാത്ത സ്ഥിതിയാണ് ഉള്ളത്. ഗൂഗിളിൽ ഈ വീടിന്റെ പേര് ബിലാൽ ഹൌസ് എന്നാണ്. ഇതിന് പുറമേയാണ് രാവും പകലുമില്ലാതെ എത്തുന്ന ബിലാൽ ഫാൻസ്.
മട്ടാഞ്ചേരി: അമൽ നീരദ് സംവിധാനം ചെയ്ത മലയാളചലച്ചിത്രം ബിഗ് ബി സിനിമ ഏറെ പ്രശസ്തമാണ്. അതുപോലെ പ്രശസ്തമാണ് സിനിമയിൽ മേരി ടീച്ചറും പിള്ളേരും കൂടി താമസിച്ച വീട്. സിനിമ കഴിഞ്ഞ് വർഷങ്ങളായിട്ടും വീടന്വേഷിച്ചെത്തുന്ന സിനിമാപ്രേമികളെ കൊണ്ടും മമ്മൂട്ടി ആരാധകരെ കൊണ്ടും വലഞ്ഞിരിക്കുകയാണ് വീടിന്റെ യഥാർത്ഥ ഉടമ.
മലയാള സിനിമയിൽ വേറിട്ട രീതിയിൽ വന്ന മമ്മൂട്ടി ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. 2007ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. വാസ്കോഡഗാമയെ സംസ്കരിച്ച സെന്റ് ഫ്രാൻസിസ് പള്ളിയുടെ സമീപത്താണ് ബിഗ്ബി സിനിമയുടെ ഷൂട്ടിംഗിന് ഉപയോഗിച്ച വാസ്കോ ഹൌസുള്ളത്. എന്നാൽ ഇന്ന് വാസ്കോ ഹൌസ് എന്ന് പറഞ്ഞാൽ ഗൂഗിളിന് പോലും മനസിലാകാത്ത സ്ഥിതിയാണ് ഉള്ളത്. ഗൂഗിളിൽ ഈ വീടിന്റെ പേര് ബിലാൽ ഹൌസ് എന്നാണ്.
ഈ വീട്ടിൽ പ്രവർത്തിക്കുന്ന ഹോം സ്റ്റേയുടെ ഉടമ സന്തോഷാണ് നിലവിൽ ബിഗ്ബി ആരാധകരേ കൊണ്ടും മമ്മൂട്ടി ആരാധകരേക്കൊണ്ടും വലഞ്ഞിരിക്കുന്നത്. ഫോർട്ട് കൊച്ചി കാണാനായി എത്തുന്നവരിലെ ബിലാൽ ഫാൻസ് രാത്രി, പകൽ, വൈകുന്നേരം, വെളുപ്പിനെ ഇങ്ങനെ സമയം പോലും കണക്കിലെടുക്കാതെയാണ് ഈ കെട്ടിടത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നത്. മതിൽ ചാടി കടക്കാൻ നോക്കുന്നവർ, ചിത്രത്തിലെ ഡയലോഗുകൾ വിളിച്ച് പറയുന്ന ആരാധകർ, ചിത്രത്തിലെ ഇന്നസെന്റിന്റെ തമാശ രംഗം ആവർത്തിക്കാൻ ശ്രമിക്കുന്നവർ, റീലെടുക്കുന്നവർ എന്നിങ്ങനെ ആരാധകരേകൊണ്ട് വലഞ്ഞിരിക്കുകയാണ് ഹോം സ്റ്റേ ഉടമ.
വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികൾ തങ്ങുന്ന ഇടമായ വാസ്കോ ഹോം സ്റ്റേ ഉടമ ആരാധക ശല്യം സഹിക്കാനാവാതെ ആദ്യം മതിലിൽ ആണികൾ വച്ചും ഇതും മറികടന്ന് ആളുകൾ എത്താൻ തുടങ്ങിയതോടെ മതിലിന് ഉയരം കൂട്ടി. സ്ത്രീകൾ അടക്കമുള്ള ആരാധകരാണ് മതില് മറികടക്കാൻ ശ്രമിക്കുന്നത്. ഇതിന് പുറമേയാണ് വീടിന്റ മതിലുയർത്തി കെട്ടിടത്തിന്റെ ഭംഗി കളഞ്ഞതിനും പഴി കേൾക്കുന്നുണ്ട് സന്തോഷ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം