World Rose Day 2022 : ഇന്ന് ലോക റോസ് ദിനം; എന്താണ് ഈ ദിവസത്തിന്‍റെ പ്രത്യേകതയെന്ന് അറിയാമോ?

റോസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവര്‍ക്കും പ്രണയവുമായി ബന്ധപ്പെട്ട ഓര്‍മ്മകളായിരിക്കും മനസില്‍ വരിക. അതിനാല്‍ തന്നെ ഇത് പ്രണയം സംബന്ധിച്ച് എന്തെങ്കിലും പ്രാധാന്യമുള്ള ദിനമായി കണക്കാക്കപ്പെടുകയും ചെയ്യാം. എന്നാല്‍ അങ്ങനെയല്ല.

world rose day for fighting cancer patients

ഇന്ന് സെപ്തംബര്‍ 22, ലോക റോസ് ദിനമാണ്. റോസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവര്‍ക്കും പ്രണയവുമായി ബന്ധപ്പെട്ട ഓര്‍മ്മകളായിരിക്കും മനസില്‍ വരിക. അതിനാല്‍ തന്നെ ഇത് പ്രണയം സംബന്ധിച്ച് എന്തെങ്കിലും പ്രാധാന്യമുള്ള ദിനമായി കണക്കാക്കപ്പെടുകയും ചെയ്യാം. എന്നാല്‍ അങ്ങനെയല്ല. റോസ് ദിനമെന്നാല്‍ അതിന് പ്രണയവുമായി അങ്ങനെ പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവുമില്ല.

യഥാര്‍ത്ഥത്തില്‍ ഇത് ക്യാൻസര്‍ പോരാളികള്‍ക്ക് ആത്മധൈര്യവും പ്രതീക്ഷയും പകരാനുള്ള ദിനമാണ്. ക്യാൻസറിനെതിരെ പോരാടാനുള്ള ശക്തിയും, ഊര്‍ജ്ജവും പകരുകയെന്ന ഉദ്ദേശത്തോടെ അവര്‍ക്ക് ഒരു റോസ് കൈമാറിക്കൊണ്ടാണ് ഈ ദിനം ആഘോഷിക്കേണ്ടത്. 

രോഗികളുമായി ചുറ്റിപ്പറ്റി നില്‍ക്കുന്ന എല്ലാവരും, സുഹൃത്തുക്കള്‍- ബന്ധുക്കള്‍- കുടുംബാംഗങ്ങള്‍- ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവരും രോഗികള്‍ക്ക് ഈ ദിവസം റോസ് സമ്മാനിക്കും. രോഗത്തിനെതിരെ പോരാടി വിജയിക്കാൻ അവര്‍ക്കൊരു കൈ നല്‍കുന്നതിന് തുല്യമായോ, ഞങ്ങള്‍ കൂടെത്തന്നെയുണ്ട് എന്ന ഉറപ്പായോ എല്ലാം ഇതിനെ കണക്കാക്കാം. 

പന്ത്രണ്ടാം വയസില്‍ ക്യാൻസറിനെതിരെ പോരാടി അത്ഭുതപൂര്‍വം ജീവിതത്തെ മുറുകെ പിടിച്ച ഒരു പെൺകുട്ടിയുണ്ട്. കാനഡക്കാരിയായ മെലിൻഡ‍ റോസ്. അവളുടെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം റോസ് ദിനമായി ക്യാൻസര്‍ രോഗികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. അപൂര്‍വയിനം ബ്ലഡ് ക്യാൻസര്‍ ബാധിച്ച മെലിൻഡ റോസിന് അധികം ആയുസില്ലെന്നായിരുന്നു പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ വിധിച്ചത്. 

ആഴ്ചകള്‍ മാത്രമായിരിക്കും ആയുസ് എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എല്ലാവരിലും സന്തോഷം പരത്തുന്ന, അസാമാന്യമായ മനശക്തിയുള്ള പെൺകുട്ടി പക്ഷെ തുടര്‍ന്നും ആറ് മാസത്തോളം ജീവിച്ചു. കീമോതെറാപ്പി തളര്‍ത്തിയ ശരീരവുമായി അവള്‍ സ്കൂളില്‍ പോയി. ആരെയും അതിശയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വ്യക്തിത്വം. 

കൂടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെയും ബന്ധുക്കളെയും ഡോക്ടര്‍മാരെയും എല്ലാം അവള്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ സന്തോഷിപ്പിച്ചു. എല്ലാവര്‍ക്കും കത്തുകളെഴുതി ഇ-മെയില്‍ ചെയ്യും, കവിതകളെഴുതി അയക്കും. മരണശേഷം ഇതെല്ലാം അവളെ കുറിച്ചുള്ള ആദരിക്കപ്പെടുന്ന ഓര്‍മ്മകളായി. ഇതിന്‍റെ തുടര്‍ച്ചയെന്നോണമായിരുന്നു സെപ്തംബര്‍ 22 ക്യാൻസര്‍ രോഗികള്‍ക്കായി റോസ് ദിനമായി ആചരിക്കാനുള്ള തീരുമാനമുണ്ടായത്. 

Also Read:- 'പ്രമേഹമുള്ളവരില്‍ ഭാവിയില്‍ ക്യാൻസര്‍ സാധ്യത?'; പഠനം പറയുന്നത് കേള്‍ക്കൂ...

Latest Videos
Follow Us:
Download App:
  • android
  • ios