'ഈ കുഞ്ഞിന് സ്നേഹവും അഭിനന്ദനവും നല്‍കാതെ പോകുന്നതെങ്ങനെ'; വീഡിയോ...
സബിത ചന്ദ എന്ന ട്വിറ്റര്‍ യൂസറാണ് ആദ്യമായി ഈ വീഡിയോ പങ്കുവച്ചത്. പിന്നീട് ആയിരക്കണക്കിന് പേര്‍ കണ്ടതോടെ ഈ വീഡിയോ പലരും പങ്കുവയ്ക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ദിവസവും എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും കാഴ്ചക്കാരെ കൂട്ടുന്നതിന് വേണ്ടി തന്നെ ബോധപൂര്‍വം തയ്യാറാക്കുന്നവയായിരിക്കും. എന്നാല്‍ ചില വീഡിയോകള്‍ ആകസ്മികമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളും ആയിരിക്കും.
ഇത്തരത്തിലുള്ള വീഡിയോകളില്‍ പലതും നമ്മെ ആഴത്തില്‍ സ്പര്‍ശിക്കുകയോ, നമ്മുടെ കണ്ണുകളില്‍ അല്‍പം നനവ് വരുത്തുകയോ എല്ലാം ചെയ്യാറുണ്ട്. അങ്ങനെയൊരു കാഴ്ചയാണിപ്പോള്‍ ട്വിറ്ററില്‍ ഒരു വിഭാഗം പേര്‍ പങ്കുവച്ചിരിക്കുന്നത്.
സബിത ചന്ദ എന്ന ട്വിറ്റര്‍ യൂസറാണ് ആദ്യമായി ഈ വീഡിയോ പങ്കുവച്ചത്. പിന്നീട് ആയിരക്കണക്കിന് പേര്‍ കണ്ടതോടെ ഈ വീഡിയോ പലരും പങ്കുവയ്ക്കുകയായിരുന്നു.
ഒരു സ്കൂളില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. നെറ്റിനുള്ളില്‍ കുടുങ്ങിയ ഒരു കാക്കയെ ഒരു വിദ്യാര്‍ത്ഥി രക്ഷപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. ആദ്യം വീഡിയോയില്‍ ഈ കുട്ടിയെ മാത്രമാണ് കാണുന്നത്. ഏറെ പരിശ്രമിച്ച് കാക്കയെ വലയില്‍ നിന്ന് വേര്‍പെടുത്തിയെടുക്കാൻ ശ്രമിക്കുകയാണ് കുട്ടി.
ഒരു കൈ കൊണ്ട് കാക്കയുടെ തലയില്‍ ശ്രദ്ധയോടെ പിടിച്ചിട്ടുണ്ട്. മറുകൈ കൊണ്ട് അതിനെ വലയില്‍ നിന്ന് പതിയെ വേര്‍പ്പെടുത്തുകയാണ്. കാക്കയെ വലയില്‍ നിന്ന് വേര്‍പെടുത്തിയെടുക്കുമ്പോഴേക്ക് കൂട്ടുകാരെല്ലാം അവന് ചുറ്റും കൂടുന്നുണ്ട്. ഇവരെല്ലാം അനുതാപപൂര്‍വം കാക്കയെ തലോടുന്നതും നോക്കിനില്‍ക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. കുഞ്ഞുങ്ങളുടെ കളങ്കമില്ലാത്ത മനസിന്‍റെ നന്മയും വിശാലതയുമാണ് ഈ കാഴ്ചയില്‍ മുഴുവനും നിറഞ്ഞുനില്‍ക്കുന്നത്.
ഒടുവില്‍ കാക്കയെ പറത്തി വിടുമ്പോള്‍ സന്തോഷം കൊണ്ട് കുട്ടികളെല്ലാം ഒന്നടങ്കം തുള്ളിച്ചാടുകയും കയ്യടിക്കുകയുമാണ്. കരുണയുള്ള ഒരു ഹൃദയം എണ്ണമറ്റ ജീവനുകളെ സ്പര്‍ശിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് സബിത വീഡിയോ പങ്കുവച്ചത്. ഈ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ സത്യമാണെന്ന് വീഡിയോ കണ്ടവരെല്ലാം കമന്‍റിലൂടെ അഭിപ്രായപ്പെടുന്നു. ഈ കുഞ്ഞിന് സ്നേഹവും അഭിനന്ദനവും അറിയിക്കാതിരിക്കാനാവില്ലെന്നും, നമ്മുടെ കുഞ്ഞുങ്ങളെല്ലാം ഇങ്ങനെ ഹൃദയവിശാലതയുള്ളവരായി വളരട്ടെയെന്നുമെല്ലാം കമന്‍റുകളില്‍ ആളുകളെഴുതിയിരിക്കുന്നു.
വീഡിയോ കണ്ടുനോക്കൂ...