കസ്റ്റമേഴ്സ് ടിപ് ആയി നല്‍കിയത് ലക്ഷങ്ങള്‍; ജീവനക്കാരിയെ പിരിച്ചുവിട്ട് റെസ്റ്റോറന്‍റ്
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ടിപ് വയ്ക്കുമ്പോള്‍ പരമാവധി എത്ര രൂപ വയ്ക്കാം? നൂറ്? അഞ്ഞൂറ്? ഇത്ര പോലും പലരുടെയും ചിന്തയില്‍ കൂടുതല്‍ തന്നെ ആയിരിക്കും. എന്നാലിവിടെയിതാ ലക്ഷങ്ങളാണ് ഒരു സംഘം പേര്‍ റെസ്റ്റോറന്‍റ് ജീവനക്കാരിക്ക് ടിപ് ആയി നല്‍കിയിരിക്കുന്നത്.
റെസ്റ്റോറന്‍റുകളില്‍ പോയി ഇരുന്ന് ഭക്ഷണം കഴിക്കുന്നത് തിരക്കില്‍ അല്ല- എങ്കില്‍ രസകരമായൊരു വിനോദമായിത്തന്നെ കാണാവുന്നതാണ്. അല്ലെങ്കില്‍ ഒരു അവധി ദിവസം പ്രിയപ്പെട്ടവര്‍ക്കൊപ്പം ഇത്തരത്തില്‍ പോകുന്നതും ഏറെ മനോഹരമായ അനുഭവം ആണ്.
ഇങ്ങനെ കഴിക്കാൻ പോകുമ്പോഴാകട്ടെ പ്രതീക്ഷിച്ചതിലുമധികം ഭംഗിയായി വരവേല്‍ക്കുകയും സര്‍വീസ് നല്‍കുകയും ചെയ്യുന്ന ജീവനക്കാര്‍ക്ക് കഴിവനുസരിച്ച് ടിപ്പ് നല്‍കുന്നവരും ഏറെയാണ്. ഇതെല്ലാം നമ്മുടെയെല്ലാം ചുറ്റുപാടുകളില്‍ പതിവുള്ള കാര്യങ്ങള്‍ തന്നെ.
എന്നാല്‍ ഇത്തരത്തില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ടിപ് വയ്ക്കുമ്പോള്‍ പരമാവധി എത്ര രൂപ വയ്ക്കാം? നൂറ്? അഞ്ഞൂറ്? ഇത്ര പോലും പലരുടെയും ചിന്തയില്‍ കൂടുതല്‍ തന്നെ ആയിരിക്കും. എന്നാലിവിടെയിതാ ലക്ഷങ്ങളാണ് ഒരു സംഘം പേര്‍ റെസ്റ്റോറന്‍റ് ജീവനക്കാരിക്ക് ടിപ് ആയി നല്‍കിയിരിക്കുന്നത്.
അമേരിക്കയിലെ അര്‍കൻസാസിലാണ് സംഭവം. മുപ്പത് പേരടങ്ങുന്ന സംഘമാണത്രേ ഒന്നിച്ച് റെസ്റ്റോറന്‍റില്‍ കഴിക്കാനെത്തിയത്. ഇവര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തിരുന്നത് റയാൻ ബ്രാൻറ്റ് എന്ന ജീവനക്കാരിയായിരുന്നു.
ഒടുവില്‍ സംഘം പോകാൻ നേരം റയാന്‍റെ പക്കലായി ടിപ് നല്‍കുകയായിരുന്നു. അപ്പോഴും ഇത്രയും വലിയൊരു തുക ടിപ് ആയി കിട്ടുമെന്ന് അവര്‍ കരുതിയിരുന്നില്ല. നോക്കുമ്പോള്‍ ഏതാണ്ട് 3.6 ലക്ഷം രൂപയാണ് അവര്‍ക്ക് കിട്ടിയിരിക്കുന്നത്. സംഘത്തിലെ എല്ലാവരും പിരിച്ചെടുത്ത തുകയാണ് ടിപ് ആയി നല്‍കിയതെന്നാണ് സൂചന.
സംഭവം റെസ്റ്റോറന്‍റില്‍ വലിയ ചര്‍ച്ചയാവുകയും പല അഭിപ്രായങ്ങള്‍ വിഷയത്തില്‍ വരികയും ചെയ്തു. ഒടുവില്‍ കിട്ടിയ ടിപ്പിന്‍റെ 20 ശതമാനം റയാനോട് എടുക്കാനും ബാക്കി എല്ലാവര്‍ക്കുമായി വീതിച്ചുനല്‍കാനും റെസ്റ്റോറന്‍റ് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ചതോടെ ഇവരെ ജോലിയില്‍ നിന്ന് പുറത്താക്കി.
സംഭവം റയാൻ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇതോടെ വാര്‍ത്തകളിലും റയാന്‍റെ അനുഭവം ഇടംനേടി. താൻ പഠനത്തിനായി എടുത്ത ലോണും, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി എടുത്ത ലോണും അടയ്ക്കാനുണ്ട്- അതിനെല്ലാം പണം ആവശ്യമായിരുന്നു. ഈ സാഹചര്യത്തില്‍ ടിപ് വീതിച്ചുനല്‍കണമെന്ന നിര്‍ദേശം നിരസിക്കുകയായിരുന്നു. ഇതോടെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നും ഇവര്‍ വിശദമാക്കുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ തന്നെ സംഘടിച്ച ചിലര്‍ റയാന് ധനസഹായം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
Also Read:- 'ഷേവിംഗ് ക്രീം ആണോ?'; ഫാഷൻ മേളയില്‍ ധരിച്ച വസ്ത്രത്തിന് 'ട്രോള്‍' ഏറ്റുവാങ്ങി റിഹാന...