Neelamperoor Padayani : പ്ലാവില നിർത്ത് : നീലംപേരൂർ പടയണി അവസാന ഘട്ടത്തിലേക്ക്...

നാളെ പടയണി അവസാന ഘട്ടത്തിലേക്കു കടക്കുന്നു. കോലങ്ങൾക്ക് ഭംഗിയും തിളക്കവും കൂട്ടാനുതകുന്ന വെളുപ്പു നിറം കളത്തിലെത്തുന്നത് നാളത്തെ അടിയന്തിരക്കോലമായ കൊടിക്കൂറ ഉണ്ടാക്കുന്ന വാഴപ്പോളയിലൂടെയാണ്. അടുത്ത ദിവസം കുരുത്തോലയിൽ മെടഞ്ഞ കാവൽ പിശാചും എത്തും. 

neelamperoor padayani fest last days

സെപ്തംബർ 9 ന് ചൂട്ട് വയ്പിൽ തുടങ്ങിയ നീലംപേരൂർ പടയണിയുടെ മൂന്നാം ഘട്ടം ഇന്ന് പ്ലാവിലക്കോലങ്ങളുടെ വരവോടെ അവസാനിക്കും. സെപ്തംബർ 16ന് "കുട നിർത്ത്" പടയണിയോടെ രണ്ടാം ഘട്ടം പൂർത്തിയാവുകയും, അടുത്ത മൂന്ന് ദിവസങ്ങളിൽ പ്ലാവിലകൾ അടുക്കി കോർത്ത്കൊണ്ടുണ്ടാക്കിയ താപസൻ, ആന, ഹനുമാൻ എന്നിങ്ങനെ മൂന്ന് കോലങ്ങൾ ചൂട്ടുവെട്ടത്തിൻ്റെയും, പടയണി വായ്ത്താരിയുടെയും അകമ്പടിയിൽ ഭഗവതിക്കു മുമ്പിൽ എഴുന്നള്ളിക്കുകയും ഉണ്ടായി.

പ്ലാവിലകളിൽ ഉണ്ടാക്കുന്ന ശരീരവും, പഴുത്ത ചേമ്പിലയും മറ്റ് നിറമുള്ള ഇലകളും കൊണ്ട് ഉടയാടകളും, കവുങ്ങിൻ പാളയിൽ വരച്ചെടുത്ത മുഖവും, കവുങ്ങിൻ പൂക്കുലയും മറ്റും ചേർത്ത് അലങ്കരിച്ച ആഭരങ്ങളും ഒക്കെയായി പ്ലാവിലക്കോലങ്ങളുടെ വരവ് ഇന്ന് തീരുന്നതോടെ " പ്ലാവില നിർത്ത്" ആഘോഷിക്കുന്നു. ഇന്ന് പ്ലാവിലയിൽ തീർത്ത ഭീമൻ കോലമാണ് പ്രധാനി. 

എല്ലാ പടയണി ചടങ്ങുകളോടെയും ഇന്ന് രാത്രി, പടയണിക്കളത്തിൽ പ്ലാവില നിർത്ത് നടക്കും. പടയണി തുടങ്ങുന്നു എന്ന് വിളിച്ചറിയിക്കാൻ കളത്തിൽ നിന്ന് ഇലത്താളം ഉറക്കെ ശബ്ദിക്കും. നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും, പടയണി കാണാൻ നാനാ ദേശത്തു നിന്നു വരുന്നവരും അപ്പൊഴേക്കും "കുടംപൂജ കളി"ക്കു വേണ്ടി പടയണിക്കളത്തിൽ ഒരുക്കിയിരിക്കുന്ന ജ്യാലക്ക് ചുറ്റിലും തടിച്ചുകൂടും. 

കുടം പൂജകളിയിൽ വായ്പാട്ടിനാണ് പ്രാധാന്യം. നീലംപേരൂർ പടയണിയിൽ പാട്ടുകൾക്ക് വളരേ പ്രസക്തിയുണ്ട്. കുടംപൂജയിൽ പാടുന്നതിനായി ഗണപതി സ്തുതിക്കൊപ്പം, കുചേലവൃത്തം, സ്യമന്തകം, രാമായണം എന്നിങ്ങനെ കഥകൾ നീലംപേരൂരിൻ്റെ തനതായ പടയണിത്താളത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. പാട്ടുകൾ ഒന്നോ രണ്ടോ പേർ, ഓരോ വരികളായി ഉറക്കെ പാടുകയും, ചുറ്റുമുള്ളവർ കൈ കൊട്ടി താളത്തിലേറ്റുപാടുകയും ചെയ്യും. കഥ പുരോഗമിക്കുന്നതിനനുസരിച്ച്, വേഗം കൂടുന്നതിനൊപ്പം ഇടക്കിടക്ക് കളത്തിൽ, ജ്വാലക്ക് ചുറ്റും "ഇറങ്ങിക്കളിക്കാൻ" പാകത്തിന് വായ്ത്താരിയും ഉണ്ട്. 

കുടംപൂജക്കു ശേഷം " തോത്തോ കളി"യാണ്. ദേവസ്വം ഭാരവാഹി ക്ഷേത്ര മുറ്റത്തെ ചേരമാൻ പെരുമാൾ സ്മാരകത്തിന് മുമ്പിൽ വന്ന് അനുജ്ഞ വാങ്ങുമ്പൊഴേക്ക് നാട്ടിലെ ആണുങ്ങളെല്ലാം കൈയ്യിൽ കരുതി വരുന്ന നീളമുള്ള തോർത്ത് കൈവെള്ളയിൽ പ്രത്യേക രീതിയിൽ കോർത്ത്, തോത്തോ കളിക്കാൻ നിരന്നിട്ടുണ്ടാവും. "തീത്തോ.... തിത്തക... തീത്തോ.... തിത്തകൈ... " എന്ന പതിഞ്ഞ താളത്തിൽ, ചെണ്ടക്കൊപ്പം തോർത്തുകൾ ഒരേ നിരയിൽ പതിയെ ഇരുവശങ്ങളിലേക്കും വീശി വീശി താളത്തിൽ വശങ്ങളിലേക്ക് ശരീരം ചലിപ്പിച്ച് അവർ തോത്തോ കളി തുടങ്ങും. താളം മുറുകി മുറുകി പടയണിയുടെ സ്ഥായീ താളമായ "വല്യന്നം വന്നട തെയ്ക്കതിന്തക" എന്ന വായ്ത്താരിയിലെത്തുമ്പൊഴേക്ക് തോർത്തുകൾ കോർത്ത കൈകൾ മുകളിലേക്കുയർന്ന് വായുവിലങ്ങനെ ആവേശത്തോടെ ആടിക്കൊണ്ടിരിക്കും. 

നീലംപേരൂരിൻ്റെ മാനസസരസിലേക്ക് അരയന്നങ്ങൾ വീണ്ടും പറന്നിറങ്ങുന്നു

അതിനു ശേഷമാണ് ഓരോ കോലങ്ങളും, വായ്പാട്ടുകളുടെ അകമ്പടിയോടെ ഭഗവതിക്കു മുമ്പിൽ എത്തുന്നത്. ഓരോ കോലങ്ങൾക്കും അതാത് കഥാപാത്രങ്ങളുടേതായ പാട്ടുകൾ ഉണ്ട്. പടയണിയാവേശം താളത്തിൽ തുള്ളിത്തിമർത്ത് നിൽക്കുമ്പൊഴേക്കും, പടയണി നടത്തിപ്പുകാരിൽ ഒരാൾ ക്ഷേത്ര മുറ്റത്തെ ആൽത്തറയ്ക്കു ചുറ്റും ഒരു പനങ്കൈ കൊണ്ട് പ്രദക്ഷിണം ചെയ്ത് വരും. അതോടെ ഉയർത്തി പിടിച്ചിരുന്ന ചുട്ടുകൾ "ഹുയ്യോ" എന്ന വായ്ത്താരിയോടെ നിലത്ത് അമർത്തി അണച്ച് പടയണി അവസാനിപ്പിക്കുന്നു. 

നാളെ പടയണി അവസാന ഘട്ടത്തിലേക്കു കടക്കുന്നു. കോലങ്ങൾക്ക് ഭംഗിയും തിളക്കവും കൂട്ടാനുതകുന്ന വെളുപ്പു നിറം കളത്തിലെത്തുന്നത് നാളത്തെ അടിയന്തിരക്കോലമായ കൊടിക്കൂറ ഉണ്ടാക്കുന്ന വാഴപ്പോളയിലൂടെയാണ്. അടുത്ത ദിവസം കുരുത്തോലയിൽ മെടഞ്ഞ കാവൽ പിശാചും എത്തും. സെപ്തംബർ 23ന് മകം പടയണി ദിവസം കുടംപൂജകളി മുതൽ എല്ലാ പടയണി ചടങ്ങുകളോടും ഒപ്പം '' അമ്പലക്കോട്ടയും '' കളത്തിൽ എഴുന്നള്ളിക്കും. സെപ്തംബർ 24 ന് വലിയ പടയണിയോടെ നിറപണി പൂർത്തിയാക്കി എല്ലാ കോലങ്ങളും, വഴിപാടായി സമർപ്പിക്കപ്പെട്ട പുത്തനന്നങ്ങളും ഭഗവതിക്കു മുന്നിൽ സമർപ്പിക്കും.

എഴുതിയത്:
​ഗോപിക ​ഗോപകുമാർ 

 

Latest Videos
Follow Us:
Download App:
  • android
  • ios