ഒരു സ്ത്രീയെ പോലെ സ്കര്‍ട്ടും ഹീല്‍സുമണിഞ്ഞ് വര്‍ഷങ്ങളായി ജോലിക്ക് പോകുന്നൊരാള്‍!

തന്‍റെ ഫാഷ‍ൻ സങ്കല്‍പങ്ങള്‍ അങ്ങനെയായിരുന്നുവെന്നും അതിന് അനുസരിച്ചാണ് ഇത്തരത്തിലൊരു വസ്ത്രധാരണത്തിലെത്തിയതെന്നും ബ്രയാൻ പറയുന്നു.

man who wears skirts and heels to work shares his view on this

വസ്ത്രങ്ങള്‍ക്ക് ലിംഗവ്യത്യാസമില്ല എന്ന തരത്തിലുള്ള കാഴ്ചപ്പാട് ഇന്ന് വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം- പുരുഷന്മാര്‍ ധരിക്കുന്ന വസ്ത്രം എന്നിങ്ങനെയുള്ള വേര്‍തിരിവിന്‍റെ ആവശ്യമില്ലെന്നും ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ മറ്റെല്ലാം തരത്തിലുള്ള തുല്യതയില്ലായ്മയ്ക്കും പിന്തുണയേ ആകൂ എന്നും വാദിക്കുന്നവരുണ്ട്. 

ഇതിന് പുറമെ സ്വവര്‍ഗരതിക്കാരെയും ട്രാൻസ്ജെൻഡര്‍ വ്യക്തികളെയുമെല്ലാം ഉള്‍ക്കൊള്ളുന്ന എല്‍ജിബിടിക്യൂ സമുദായങ്ങള്‍ കൂടി സജീവമായതോടെ വസ്ത്രധാരണത്തിന്‍റെ പേരിലുള്ള ചര്‍ച്ചകള്‍ക്ക് കുറെക്കൂടി ആക്കം കൂടി.

എന്നാല്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഇങ്ങനെ സജീവമാകും മുമ്പ് തന്നെ വസ്ത്രധാരണത്തില്‍ ലിഗവ്യത്യാസം മറികടന്നൊരാളാണ് ജര്‍മ്മൻകാരനായ മാര്‍ക് ബ്രയാൻ. ഇപ്പോള്‍ അറുപത്തിമൂന്ന് വയസാണ് ബ്രയാന്.  ആറ് വര്‍ഷമായി ജോലിസ്ഥലത്തേക്ക് സ്കര്‍ട്ടും ഹീല്‍സുമെല്ലാം ധരിച്ച് ഒരു സ്ത്രീയെ പോലെയാണ് ബ്രയാൻ പോകുന്നത്. 

തന്‍റെ ഫാഷ‍ൻ സങ്കല്‍പങ്ങള്‍ അങ്ങനെയായിരുന്നുവെന്നും അതിന് അനുസരിച്ചാണ് ഇത്തരത്തിലൊരു വസ്ത്രധാരണത്തിലെത്തിയതെന്നും ബ്രയാൻ പറയുന്നു. നേരത്തെ തന്നെ ബ്രയാൻ ഹീല്‍സ് ഇടയ്ക്ക് ഉപയോഗിച്ചിരുന്നു. ആദ്യം സഹപ്രവര്‍ത്തകര്‍ അത്ഭുതത്തോടെ നോക്കിയിരുന്നുവെങ്കിലും പിന്നീട് അവര്‍ക്കിത് ശീലമായി. ഇതിന് ശേഷമാണ് പതിയെ സ്കര്‍ട്ട് ധരിച്ചുതുടങ്ങിയത്. എന്നാലിപ്പോള്‍ വസ്ത്രധാരണത്തിന്‍റെ പേരില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ പലരും താൻ സ്വവര്‍ഗരതിക്കാരനാണെന്ന് (ഗേ ) തെറ്റിദ്ധരിക്കാറുണ്ടെന്നും അത് തനിക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നുമാണ് ബ്രയാൻ പറയുന്നത്. 

'എന്‍റെ വസ്ത്രവും ലൈംഗികതയും വ്യക്തിത്വവുമെല്ലാം കൂട്ടിക്കുഴച്ച് കാണേണ്ടതില്ല. ഞാൻ ആഡംബരം ഇഷ്ടപ്പെടുന്നയാളാണ്. ഭംഗിയുള്ളതെല്ലാം ഇഷ്ടപ്പെടും. സ്ത്രീകള്‍ ഭംഗിയായി നടക്കുന്നത് എനിക്കിഷ്ടമാണ്. ഈ അഭിരുചികളില്‍ നിന്നുമെല്ലാമാണ് ഇങ്ങനെയൊരു വസ്ത്രധാരണം വന്നത്. ഞാൻ വിവാഹിതനും അച്ഛനുമാണ്. എന്‍റെ ജീവിതത്തില്‍ ഈ വസ്ത്രധാരണത്തിന് മറ്റ് മാനങ്ങളൊന്നും കാണേണ്ടതില്ല...'- ബ്രയാൻ പറയുന്നു.

വീട്ടിലെത്തിയാല്‍ ഏതൊരു പുരുഷനും ധരിക്കുന്ന സാധാരണ വസ്ത്രങ്ങളാണ് താൻ ധരിക്കാറുള്ളതെന്നും പുറത്ത് പോകുമ്പോള്‍ പ്രത്യേകിച്ച് ജോലിക്ക് പോകുമ്പോഴാണ് സ്കര്‍ട്ടും ഹില്‍സും ധരിക്കാറുള്ളതെന്നും ഇദ്ദേഹം പറയുന്നു. 

'ഞാൻ വ്യത്യസ്തത ആഗ്രഹിച്ചിരുന്നു. എനിക്കതിന് സാധിക്കുമെന്ന് ഞാൻ കാണിച്ചു. എനിക്ക് നേരത്തെ തന്നെ സ്ത്രീകള്‍ ടൈറ്റ് സ്കര്‍ട്ട്സും ഹീല്‍സുമെല്ലാം ധരിക്കുന്നത് ഇഷ്ടമാണ്. അത് ലൈംഗികതാല്‍പര്യമല്ല. പ്രൊഫഷണല്‍ ആയിട്ടാണ് സ്ത്രീകള്‍ അത് ധരിക്കുന്നത്... -'- ബ്രയാൻ വ്യക്തമാക്കുന്നു. 

സോഷ്യല്‍ മീഡിയയിലും നല്ല രീതിയിലുള്ള ശ്രദ്ധ ബ്രയാന് ലഭിക്കാറുണ്ട്. ഒരു മോഡല്‍ എന്ന നിലയിലും ഇദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mark Bryan (@markbryan911)

Also Read:- 'ബോള്‍ഡ്' ആകുന്ന മലയാളി നടിമാര്‍; വസ്ത്രത്തിന്‍റെ അളവെടുക്കാൻ 'ആങ്ങളമാരും'...

Latest Videos
Follow Us:
Download App:
  • android
  • ios