ബംബിള്‍ ആപ്പിലെ ബയോയില്‍ ചെറിയൊരു മാറ്റം വരുത്തി; ഇതോടെ പെണ്‍കുട്ടികള്‍ 'ക്യൂ' ആയി
ബംബിളില്‍ തന്‍റെ ബയോയില്‍ ചെറിയൊരു മാറ്റം വരുത്തിയതോടെ പെണ്‍കുട്ടികള്‍ 'ക്യൂ'വിലായ രസകരമായ അനുഭവം പങ്കിട്ട് ശ്രദ്ധ നേടുകയാണ് ദില്ലിയില്‍ നിന്നുള്ള ഒരു യുവാവ്.
'ഡേറ്റിംഗ്' സംസ്കാരം ഇന്ന് നമ്മുടെ നാട്ടിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീയും പുരുഷനും സ്വതന്ത്രമായി സൗഹൃദം പങ്കിടാനും പരസ്പരം മനസിലാക്കാനും പ്രേമബന്ധത്തിലേക്ക് തിരിയാനുമെല്ലാമുള്ള അവസരമൊരുക്കാൻ ഇന്ന് ഡേറ്റിംഗ് ആപ്പുകളും മത്സരവുമായി രംഗത്തുണ്ട്.
ഇത്തരത്തില്‍ പേരുകേട്ടൊരു ഡേറ്റിംഗ് ആപ്പാണ് ബംബിള്‍. ഇങ്ങനെയുള്ള ആപ്പുകളില്‍ വ്യക്തികള്‍ സ്വന്തം വിശദാംശങ്ങളെല്ലം നല്‍കി അതില്‍ സ്വന്തം 'ബയോ' അഥവാ പ്രൊഫൈല്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
ഇത് നോക്കി തല്‍പരരായ മറ്റ് വ്യക്തികള്‍ ഇവരെ ബന്ധപ്പെടുന്നു. ചാറ്റിലൂടെ ഇവര്‍ക്ക് സംസാരിക്കാം. തുടര്‍ന്ന് ഫോണ്‍ കോളോ, നേരിട്ട് കാണലോ എല്ലാം ആവാം. അതെല്ലാം താല്‍പര്യവും യോജിപ്പും തോന്നുന്നതിന് അനുസരിച്ചായിരിക്കും.
എന്നാലിങ്ങനെ പ്രൊഫൈല്‍ ഉണ്ടാക്കുമ്പോള്‍ അതില്‍ ജോലി, അടിസ്ഥാനപരമായ ശാരീരിക സവിശേഷതകള്‍, അഭിരുചികള്‍ എല്ലാം നല്‍കാറുണ്ട്. ഇപ്പോഴിതാ ബംബിളില്‍ തന്‍റെ ബയോയില്‍ ചെറിയൊരു മാറ്റം വരുത്തിയതോടെ പെണ്‍കുട്ടികള്‍ 'ക്യൂ'വിലായ രസകരമായ അനുഭവം പങ്കിട്ട് ശ്രദ്ധ നേടുകയാണ് ദില്ലിയില്‍ നിന്നുള്ള ഒരു യുവാവ്.
അമൻ എന്നാണിദ്ദേഹത്തിന്‍റെ പേര്. ഒരു തമാശയ്ക്ക് വേണ്ടി അമൻ തന്‍റെ ഉയരം 6 അടി 2 ഇഞ്ചാണെന്ന് ബയോയില്‍ വെറുതെ എഡിറ്റ് ചെയ്ത് ചേര്‍ത്തുവത്രേ. അത്രയും നാള്‍ ഒരു മാച്ചും വരാതിരുന്ന അമന് ഉയരം എഡിറ്റ് ചെയ്ത് മാറ്റിയതോടെ ഒറ്റ ദിവസത്തില്‍ 9 മാച്ചുകളാണത്രേ വന്നത്.
ഒരു 'സോഷ്യല്‍ എക്സ്പിരിമെന്‍റ്' അഥവാ പരീക്ഷണം എന്ന നിലയിലാണ് താനിത് ചെയ്ത് നോക്കിയത് എന്ന് സോഫ്റ്റ്‍വെയര്‍ ഡെവലപ്പറായ അമൻ പറയുന്നു. നിങ്ങള്‍ മോശക്കാരനല്ല, നിങ്ങള്‍ ദരിദ്രനല്ല, നിങ്ങള്‍ നര്‍മ്മബോധമില്ലാത്തയാളല്ല പിന്നെന്താണ് പ്രശ്നം- ഉയരമില്ല എന്നത് മാത്രം. ഇതാണ് 'പ്രശ്നം' എന്ന് താൻ തിരിച്ചറിഞ്ഞതായി അമൻ പറയുന്നു.
അമന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായതോടെ സമാനമായ അനുഭവം മറ്റ് പല യുവാക്കളും പങ്കിട്ടിട്ടുണ്ട്. വലിയ പോസ്റ്റിലാണ് ജോലി എന്ന് എഡിറ്റ് ചെയ്തതോടെ മാച്ചുകള്‍ തേടി വന്ന കഥയും ചിലര്‍ പങ്കിടുന്നുണ്ട്. അതേസമയം ഡേറ്റിംഗ് ആപ്പുകളിലൊക്കെയാണ് ഇത് ഇത്ര വലിയ പ്രശ്നമെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ ഉയരം പെണ്‍കുട്ടികള്‍ പലപ്പോഴും അത്ര വലിയ പ്രശ്നമായി ഉന്നയിക്കില്ലെന്നുമെല്ലാം വാദിക്കുന്നവരും ഏറെയാണ്. എന്തായാലും അമന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് നിരവധി പേരുടെ ശ്രദ്ധയാകര്‍ഷിച്ചുവെന്ന് പറയാം.
അമന്‍റെ പോസ്റ്റ്...
Also Read:- 'അത് കലക്കി'; പ്രമേഹം ചികിത്സിക്കുന്നതിനുള്ള കേന്ദ്രം എവിടെയാണെന്ന് നോക്കിക്കേ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-