ലോക റെക്കോര്‍ഡ് ഒക്കെ 'കോമഡി' ആയോ; ഗിന്നസ് ലോക റെക്കോര്‍ഡിന് വിമര്‍ശനം
ഇതിന്‍റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പങ്കുവച്ചിരിക്കുകയാണ്. എന്നാലീ വീഡിയോയ്ക്ക് താഴെ കാര്യമായ വിമര്‍ശനങ്ങളാണുയര്‍ന്നിരിക്കുന്നത്.
അടുത്തിടെയായി അസാധാരണമെന്ന് തോന്നിപ്പിക്കുന്ന പല വിഷയങ്ങളിലും ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്നവരെ കുറിച്ച് പല വാര്‍ത്തകളും വന്നിരുന്നു. അതുകൊണ്ട് തന്നെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ ധാരാളം വിമര്‍ശനങ്ങളും ഇതെച്ചൊല്ലി വരുന്നുണ്ട്. സമാനമായി ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ് മറ്റൊരു ലോക റെക്കോര്‍ഡും.
മുപ്പത് സെക്കൻഡുകള്‍ക്കുള്ളില്‍ കൂടുതല്‍ മുട്ട വൃത്തിയായി പൊട്ടിച്ചെടുത്തു എന്ന പേരിലാണ് റെക്കോര്‍ഡ്. യുഎസില്‍ നിന്നുള്ള ക്രിസ്റ്റഫര്‍ സാൻഡര്‍ എന്നയാളാണ് ഈ റെക്കോര്‍ഡ് നേടിയിരിക്കുന്നത്.
ഇതിന്‍റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പങ്കുവച്ചിരിക്കുകയാണ്. എന്നാലീ വീഡിയോയ്ക്ക് താഴെ കാര്യമായ വിമര്‍ശനങ്ങളാണുയര്‍ന്നിരിക്കുന്നത്. ഇതിനാണോ ലോക റെക്കോര്‍ഡ് എന്നും, ലോക റെക്കോര്‍ഡ് ഇപ്പോള്‍ 'കോമഡി' ആയി മാറിയിരിക്കുന്നുവെന്നും , ഇദ്ദേഹം മുട്ട പൊട്ടിച്ചൊഴിക്കുന്നത് അത്ര വേഗതയിലൊന്നുമല്ലെന്നുമെല്ലാം വിമര്‍ശനങ്ങളുണ്ട്.
മുമ്പ്, ഗിന്നസ് ലോക റെക്കോര്‍ഡ് എന്ന ബഹുമതി നേടാൻ ഏറെ പ്രയാസമായിരുന്നുവെന്നും അതിന് അതിന്‍റേതായ മൂല്യമുണ്ടായിരുന്നുവെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു. എന്നാലിന്ന് അത്തരത്തിലുള്ള പ്രാധാന്യമെല്ലാം ലോക റെക്കോര്‍ഡിന് നഷ്ടപ്പെട്ടിരിക്കുന്നു. ഇക്കാര്യം തീര്‍ച്ചയായും പരിശോധിക്കാൻ ഇതുമായി ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 17 മണിക്കൂറിനുള്ളില്‍ 67 പബുകളില്‍ കയറി മദ്യപിച്ചതിന് ഒരാള്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് റെക്കോര്‍ഡ് ബഹുമതി നല്‍കുന്നതിനെതിരെയും അന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇംഗ്ലണ്ട് സ്വദേശിയായ നതാൻ ക്രംപ് എന്ന യുവാവാണ് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പബുകളില്‍ കയറി മദ്യപിച്ചതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. അതിന് മുമ്പ് പതിനേഴ് മണിക്കൂറിനുള്ളില്‍ 56 പബുകളില്‍ കയറി മദ്യപിച്ചയാള്‍ക്കായിരുന്നു റെക്കോര്‍ഡ് നല്‍കിയിരുന്നത്.
Also Read:- ഭീമൻ കോണ്ടം മുതൽ നീളൻ മീശ വരെ; വിചിത്രമായ റെക്കോർഡുകൾ