'ബോറടി' മാറ്റാൻ ലോകത്തിലെ ഏറ്റവും അപകടകാരിയായ ചെടി വളര്‍ത്തുന്ന ഒരാള്‍...
പേരില്‍ സൂചനയുള്ളത് പോലെ തന്നെ കുത്തുന്ന സ്വഭാവമാണ് ഈ ചെടിക്കുള്ളത്. അതായത് ഇതിന്‍റെ ഇലകളിലും തണ്ടുകളിലുമെല്ലാം ആയിരക്കണക്കിന് നേര്‍ത്ത മുള്ളുകളുണ്ട്. കാഴ്ചയില്‍ പെട്ടെന്ന് മനസിലാകില്ലെങ്കിലും തൊട്ടാല്‍ കാര്യം എളുപ്പത്തില്‍ മനസിലാകും. കാരണം അത്രയും അസഹനീയമാണത്രേ ഇതിന്‍റെ വേദന.
ജീവിതത്തില്‍ എപ്പോഴെങ്കിലും വിരസത തോന്നാത്തവര്‍ കാണില്ല. ചിലര്‍ക്കാണെങ്കില്‍ ഇടയ്ക്കിടെ ഈ വിരസത തങ്ങളെ ആകെയും മൂടുന്നതായി തോന്നുകയും ക്രമേണ നിരാശയിലേക്കോ വിഷാദത്തിലേക്കോ എല്ലാം വീണുപോവുകയും ചെയ്യാം.
ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അകറ്റിനിര്‍ത്താൻ, ജീവിതത്തെ സജീവമാക്കാനും പലതും നമുക്ക് ചെയ്യാം. ക്രിയാത്മകമായ കാര്യങ്ങളിലേര്‍പ്പെടാം. എഴുത്ത്, വായന, വര, സംഗീതം, നൃത്തം പോലുള്ള കാര്യങ്ങള്‍. മറ്റ് ചിലരാകട്ടെ പൂന്തോട്ട പരിപാലനം പോലുള്ള മേഖലകളിലേക്കും തിരിയും.
ഇത്തരത്തില്‍ ജീവിതത്തിലെ വിരസത അഥവാ 'ബോറടി' മാറ്റാൻ ലോകത്തിലെ ഏറ്റവും അപകടകാരിയായ ചെടി നട്ടുവളര്‍ത്തകയാണ് ഒരാള്‍. കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ ഏവര്‍ക്കും വിചിത്രമായി തോന്നാമിത്. എന്നാല്‍ സംഭവം യഥാര്‍ത്ഥമാണ്.
'ജിമ്പീ' എന്നറിയപ്പെടുന്ന കുത്തുന്ന ചെടി, അല്ലെങ്കില്‍ മരം ആണ് യുകെയില്‍ നിന്നുള്ള നാല്‍പത്തിയൊമ്പതുകാരനായ ഡാനിയേല്‍ എമിലിൻ ജോണ്‍സ് വളര്‍ത്തുന്നത്. സാധാരണഗതിയില്‍ ഇത് മലേഷ്യയിലും ഓസ്ട്രേലിയയിലുമെല്ലാമുള്ള മഴക്കാടുകളിലാണ് കാണപ്പെടുന്നത്.
പേരില്‍ സൂചനയുള്ളത് പോലെ തന്നെ കുത്തുന്ന സ്വഭാവമാണ് ഈ ചെടിക്കുള്ളത്. അതായത് ഇതിന്‍റെ ഇലകളിലും തണ്ടുകളിലുമെല്ലാം ആയിരക്കണക്കിന് നേര്‍ത്ത മുള്ളുകളുണ്ട്. കാഴ്ചയില്‍ പെട്ടെന്ന് മനസിലാകില്ലെങ്കിലും തൊട്ടാല്‍ കാര്യം എളുപ്പത്തില്‍ മനസിലാകും. കാരണം അത്രയും അസഹനീയമാണത്രേ ഇതിന്‍റെ വേദന.
ശരീരമാകെ വൈദ്യുതി കടന്നുപോകുന്നത് പോലെ തോന്നാം. ഒരു തരിപ്പ് ആകെയും കയറാം. പൊള്ളുന്നത് പോലെയോ ആസിഡ് വീഴുന്നത് പോലെയോ എല്ലാമാണത്രേ ഇതിന്‍റെ വേദന അനുഭവപ്പെടുക.ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ വേദന നിലനില്‍ക്കും.
ഓസ്ട്രേലിയയില്‍ നിന്ന് വലിയ വില കൊടുത്താണത്രേ ഡാനിയേല്‍ ഇതിന്‍റെ വിത്തുകള്‍ സംഘടിപ്പിച്ചത്. ശേഷം പൂന്തോട്ടത്തിലൊന്നും വയ്ക്കാതെ മുറിയില്‍ സുരക്ഷിതമായി കൂട്ടിനുള്ളിലാണ് വളര്‍ത്തുന്നത്. കൂടിന് പുറത്ത് അപകടമുണ്ട് സൂക്ഷിക്കുകയെന്ന മുന്നറിയിപ്പും ഒട്ടിച്ചു.
എന്തിനാണ് ഇത്രയും അപകടകാരിയായ ചെടി വളര്‍ത്തുന്നത് എന്ന് ചോദിച്ചാല്‍ സാഹസികനായ ഡാനിയേലിന് ഒരു മറുപടിയേ ഉള്ളൂ, അത് ആദ്യമേ പറഞ്ഞത് പോലെ വിരസതയെന്നതാണ്. എങ്കിലും ചെടികളോട് ഇദ്ദേഹത്തിന് എല്ലായ്പോഴും ഇഷ്ടമാണ്. പല ചെടികളും വളര്‍ത്തിനോക്കി. അവയിലെല്ലാമുള്ള താല്‍പര്യം നഷ്ടപ്പെട്ടുതുടങ്ങിയപ്പോഴാണത്രേ ജിമ്പിയെ കുറിച്ചറിഞ്ഞതും അതിലേക്ക് തിരിഞ്ഞതും.
Also Read:- ആളെ കൊല്ലും എട്ടുകാലി; കാലാവസ്ഥ മാറിയപ്പോള്‍ പെറ്റുപെരുകി ഭീഷണിയായി