തിരക്കുള്ള റോഡില്‍ പഴ്സ് വീണുപോയതറിഞ്ഞില്ല; പിന്നീട് സംഭവിച്ചത്- വൈറല്‍ പോസ്റ്റ്
ബംഗലൂരുവില്‍ താമസിക്കുന്നൊരാള്‍, അദ്ദേഹത്തിന്‍റെ പഴ്സ് ഒരിടത്ത് വച്ച് നഷ്ടപ്പെട്ടുപോവുകയും തുടര്‍ന്ന് സംഭവിച്ചത് എന്തെല്ലാമാണ് എന്നുമാണ് പോസ്റ്റില്‍ വിശദീകരിച്ച് പറഞ്ഞിരിക്കുന്നത്.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ തങ്ങളുടെ അനുഭവങ്ങളും, ചിന്തകളും, അഭിപ്രായങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ച് പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ നാം കാണുന്നതാണ്. ഇവയില്‍ ചിലതെല്ലാം പ്രതീക്ഷിക്കുന്നതിലുമധികം ശ്രദ്ധ നേടുകയും വൈറലായി മാറുകയും ചെയ്യാറുണ്ട്.
വായിക്കുമ്പോഴോ കാണുമ്പോഴോ വൈകാരികമായി നമുക്ക് അടുപ്പം തോന്നുന്ന അനുഭവങ്ങളോ, അത്തരത്തിലുള്ള എഴുത്തോ കാഴ്ചയോ എല്ലാമാണ് ഇങ്ങനെ നമ്മെ ആകര്‍ഷിക്കാറ്, അല്ലേ?
സമാനമായ രീതിയില്‍ എക്സില്‍ (മുൻ ട്വിറ്റര്‍) വൈറലായിക്കൊണ്ടിരിക്കുന്നൊരു പോസ്റ്റിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. എന്താണ് ഇതിലിത്ര പ്രത്യേകതമായിട്ടുള്ളത് എന്ന് ചോദിച്ചാല്‍, അത്ര അപൂര്‍വമായതോ അത്ഭുതപ്പെടുത്തുന്നതോ ആയ ഒന്നും തന്നെ ഇതിലില്ല എന്ന് പറയേണ്ടിവരും. അതേസമയം നമ്മുടെ മനസ് തൊടുന്ന, നമ്മെ ഇത്തിരി നേരമെങ്കിലും ചിന്തിപ്പിക്കുന്ന ഒരനുഭവക്കുറിപ്പ് തന്നെയാണിത് എന്ന് നിസംശയം പറയാം.
ബംഗലൂരുവില്‍ താമസിക്കുന്നൊരാള്‍, അദ്ദേഹത്തിന്‍റെ പഴ്സ് ഒരിടത്ത് വച്ച് നഷ്ടപ്പെട്ടുപോവുകയും തുടര്‍ന്ന് സംഭവിച്ചത് എന്തെല്ലാമാണ് എന്നുമാണ് പോസ്റ്റില്‍ വിശദീകരിച്ച് പറഞ്ഞിരിക്കുന്നത്. പോസ്റ്റിനൊപ്പം ഒരാളുടെ ഫോട്ടോയും കൊടുത്തിട്ടുണ്ട്. ഇത് ആരാണ് എന്ന് പോസ്റ്റ് മുഴുവനായി വായിച്ചുവരുമ്പോഴാണ് മനസിലാവുക.
ബംഗലൂരുവിലെ നാഗെനഹള്ളിയില്‍ തിരക്കുള്ള മെയിൻ റോഡില്‍ വച്ചാണത്രേ പഴ്സ് നഷ്ടപ്പെട്ടുപോയത്. ഡ്രൈവിംഗ് ലൈസൻസും രണ്ടായിരം രൂപയും പല കാര്‍ഡുകളുമെല്ലാമടങ്ങിയ പഴ്സ് വീണുപോയത് ഇദ്ദേഹം അറിഞ്ഞില്ലത്രേ. പിന്നീട് പഴ്സ് വീണുകിട്ടിയെന്ന് പറഞ്ഞ് ഒരാള്‍ ഫോണ്‍ ചെയ്തപ്പോള്‍ മാത്രമാണ് സംഭവം മനസിലാകുന്നത്.
അങ്ങനെ പഴ്സ് വാങ്ങിക്കാൻ നാഗെനഹള്ളിയില്‍ തന്നെ വന്നു. പഴ്സ് കിട്ടിയ ആള്‍ അത് തിരികെ തന്ന് ചെക്ക് ചെയ്യാൻ പറഞ്ഞു. എങ്ങനെ ഫോണ്‍ നമ്പര്‍ കിട്ടി എന്ന് ചോദിച്ചു.
ഇന്നലെ പഴ്സ് കിട്ടിയത് മുതല്‍ ഫോണ്‍ നമ്പര്‍ കിട്ടാൻ ശ്രമിക്കുകയായിരുന്നുവെന്നും, ഒടുവില്‍ പഴ്സിനകത്ത് കിടന്നുകിട്ടിയ ഒരു ബില്ലില്‍ നിന്നാണ് നമ്പര്‍ കിട്ടിയതെന്നും അയാള്‍ പറഞ്ഞു. ഇത്രയും കഷ്ടപ്പെടാനുള്ള മനസ് എങ്ങനെയുണ്ടായി എന്ന് അതിശയിച്ചപ്പോള്‍ പണം ഇന്ന് വരും നാളെ പോകും, മറ്റൊരാളുടെ പണം നമുക്ക് എന്തിനാണ് എന്നായിരുന്നു അയാളുടെ മറുപടി. മാത്രമല്ല ഡ്രൈവിംഗ് ലൈസൻസും മറ്റ് കാര്‍ഡുകളുമൊക്കെ നഷ്ടപ്പെട്ടാല്‍ ഒരാള്‍ക്ക് അത് എന്തുമാത്രം വലുതാണ് എന്ന് തനിക്ക് അറിയാമെന്നും അയാള്‍ പറഞ്ഞു. പഴ്സ് തന്നതിന് പകരമായി തനിക്കൊന്നും തരേണ്ടതില്ല എന്നുകൂടി ചേര്‍ത്തു.
ലോകത്ത് ഇപ്പോഴും ഇതുപോലെ സദുദ്ദേശങ്ങളോടെ മുന്നോട്ടുപോകുന്ന മനുഷ്യരുണ്ട്. എല്ലാം നമുക്ക് നഷ്ടമായിപ്പോയിട്ടില്ല- ഇതാ, ഇതാണ് ആ മനുഷ്യൻ, രമേശണ്ണ- തന്‍റെ പഴ്സ് കളഞ്ഞുകിട്ടുകയും അത് ഭദ്രമായി തന്നെ ഏല്‍പിക്കുകയും ചെയ്ത ആള്‍, - ഇതായിരുന്നു പോസ്റ്റ്.
നിത്യജീവിതത്തിലെ തിരക്കുകള്‍ക്കും മടുപ്പുകള്‍ക്കും ഇടയില്‍ നമ്മെ തെല്ലൊന്ന് സന്തോഷിപ്പിക്കാനും, ഒന്ന് പിടിച്ചുനിര്‍ത്തി അല്‍പം പ്രതീക്ഷയും വെളിച്ചവും നമ്മളിലേക്ക് പകരാനും ഇങ്ങനെയുള്ള അനുഭവങ്ങളും അവയുടെ വിവരണങ്ങളും സഹായിക്കുമെന്ന് നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്‍റായി കുറിച്ചിരിക്കുന്നു. ഓരോ മനുഷ്യനും വലിയ ഓര്‍മ്മപ്പെടുത്തലാണ് ഇത്തരം കുഞ്ഞ്- കുഞ്ഞ് സംഭവങ്ങളെന്നും പലരും കുറിച്ചിരിക്കുന്നു.
വൈറലായ പോസ്റ്റ്...
Also Read:- വീട്ടില്‍ വളര്‍ത്തുന്ന കടുവ!; ഉടമസ്ഥനെയാണോ ഓടിക്കുന്നത്? വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-