അങ്ങനെ 'ഇന്ത്യയിലെ അവസാനത്തെ ചായക്കട'യും 'ഡിജിറ്റല്‍' ആയി!
അരുള്‍മൊഴി വര്‍മൻ എന്ന ട്വിറ്റര്‍ ഐഡിയിലൂടെയാണ് ആദ്യം ഇക്കാര്യം ചിത്രങ്ങള്‍ സഹിതം പങ്കുവയ്ക്കപ്പെട്ടത്. പിന്നീടിത് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും ട്വീറ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യയിലെ അവസാനത്തെ ചായക്കടയെന്ന് കേള്‍ക്കുമ്പോള്‍ ചിലരിലെങ്കിലും ഇതെന്താണെന്ന കൗതുകമുയരാം. ചിത്രത്തില്‍ കാണുന്നത് പോലെ ഈ ചായക്കടയുടെ പേരും ഇതുതന്നെയാണ്. 'ഇന്ത്യാസ് ലാസ്റ്റ് ടീ ഷോപ്പ്', അഥവാ ഇന്ത്യയിലെ അവസാനത്തെ ചായക്കട.
യഥാര്‍ത്ഥത്തില്‍ ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ അവസാനത്തെ ചായക്കട തന്നെയാണ്. ഉത്തരാഖണ്ഡിലെ മനാ ഗ്രാമത്തിലാണ് ഈ ചായക്കടയുള്ളത്. ഈ സ്ഥലം കഴിഞ്ഞാല്‍ പിന്നെ ഇന്ത്യ- ചൈനീസ് അതിര്‍ത്തിക്കുള്ളില്‍ മറ്റ് ചായക്കടകളൊന്നുമില്ല. അങ്ങനെയാണ് ഈ കടയ്ക്ക് ഇങ്ങനെയൊരു പേര് തന്നെ വച്ചിരിക്കുന്നതും.
ദിനം പ്രതി ധാരാളം ടൂറിസ്റ്റുകള്‍ വന്നെത്തുന്ന സ്ഥലമാണിത്. സംഗതി രാജ്യത്തിന്‍റെ അങ്ങറ്റത്ത്, ഒരു ഗ്രാമത്തിലുള്ള കടയാണെങ്കിലും ഇവിടെയും ഇപ്പോള്‍ ഡിജിറ്റല്‍ പേയ്മെന്‍റ് അഥവാ ഓണ്‍ലൈനായി പണമിടപാട് നടത്താനുള്ള സൗകര്യമെത്തിയിരിക്കുകയാണ്. ഇതാണ് സോഷ്യല്‍ മീഡിയിയലിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
അരുള്‍മൊഴി വര്‍മൻ എന്ന ട്വിറ്റര്‍ ഐഡിയിലൂടെയാണ് ആദ്യം ഇക്കാര്യം ചിത്രങ്ങള്‍ സഹിതം പങ്കുവയ്ക്കപ്പെട്ടത്. പിന്നീടിത് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് രസകരമായ സംഭവത്തിന് ഏറെ ശ്രദ്ധ ലഭിച്ചത്.
ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്‍റ് ഇത്രമാത്രം വ്യാപകമായി എന്നതിന്‍റെ തെളിവാണിതെന്ന രീതിയിലാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. നിരവധി പേര്‍ ഇതില്‍ അഭിമാനം തോന്നുന്നതായി അറിയിച്ചിട്ടുണ്ട്. അതേസമയം ഡിജിറ്റലായി പണമിടപാട് നടക്കുന്നു എന്നതുകൊണ്ട് മാത്രം രാജ്യം വികസനത്തിലാണെന്ന് വാദിക്കാൻ സാധിക്കില്ലെന്ന വിമര്‍ശനവും ഉയര്‍ത്തുന്നു.
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ മാത്രം ഇപ്പുറമാണ് 'ഇന്ത്യാസ് ലാസ്റ്റ് ടീ ഷോപ്പ്' സ്ഥിതി ചെയ്യുന്നത്. ഇവിടെ വരെ വന്ന് ചായ കുടിക്കാനായി മാത്രം നിത്യവും ധാരാളം വിനോദസഞ്ചാരികളെത്താറുണ്ട്.
Also Read:- നിറപുഞ്ചിരിയുമായി ഒരു ചായക്കാരി; വൈറലായി വീഡിയോ