ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ നിങ്ങളെ 'നെഗറ്റീവ്' ആക്കുന്ന വ്യക്തിയെ തിരിച്ചറിയൂ...

ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണ് വാക്കുകളിലധികമുള്ള ആക്രമണങ്ങള്‍. ശാരീരികമായി ഏത് തരത്തിലുള്ള മുന്നേറ്റമുണ്ടായാലും ഒരിക്കലും അതിനെതിരെ കണ്ണടക്കാതിരിക്കുക. കേവലം ബലമായ ഒരു പിടുത്തമാണെങ്കില്‍ പോലും ആ വ്യക്തിയിലൊളിച്ചിരിക്കുന്ന മൃഗത്തെ മനസിലാക്കാനുള്ള അവസരമായി അത് കണക്കാക്കുക. ഇത്തരം വ്യക്തികള്‍ വൈകാരികമായി പൊട്ടിത്തെറിക്കുന്ന സാഹചര്യത്തില്‍ അപകടകരമായ കാര്യങ്ങള്‍ ചെയ്യുമെന്ന് സാധ്യത കല്‍പിക്കുക

identify the toxic family member with these signs

ലോക്ഡൗണ്‍ ആയതോടെ മിക്കവരും വീടുകളില്‍ തന്നെ ഒതുങ്ങിക്കൂടുന്ന സാഹചര്യമാണുള്ളത്. വിദ്യാര്‍ത്ഥികളോ, ജോലി ചെയ്യുന്നവരോ ആകട്ടെ, അവധിയിലായതിനാല്‍ എല്ലാവരും ഒത്തൊരുമിച്ച് വീട്ടില്‍ തന്നെയാണ്. 

വീട് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഒരു സുരക്ഷിതത്വബോധവും തണലുമെല്ലാം അനുഭവപ്പെടാറുണ്ട്. എന്നാല്‍ എല്ലാവരുടേയും കാര്യത്തില്‍ ഇതായിരിക്കണമെന്നില്ല യാഥാര്‍ത്ഥ്യം. ഗാര്‍ഹിക പീഡനങ്ങളുടെ കാര്യത്തില്‍ ഒട്ടും പിറകിലല്ലാത്ത സമൂഹമാണ് നമ്മുടേത്. 

അത് കണക്കുകളിലൂടെ തന്നെ പലപ്പോഴായി വ്യക്തമായിട്ടുള്ള സംഗതിയാണ്. ഇപ്പോഴാകട്ടെ, ലോക്ഡൗണ്‍ മൂലം കുടുംബാംഗങ്ങളെല്ലാം മുഴുവന്‍ സമയം വീട്ടിലുള്ള സാഹചര്യം കൂടിയായതിനാല്‍ ഗാര്‍ഹിക പീഡനത്തിന്റെ തോതും കുത്തനെ വര്‍ധിച്ചിട്ടുണ്ട്. 

ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ലോക്ഡൗണ്‍ സമയത്തുണ്ടായ ഗാര്‍ഹിക പീഡനങ്ങളുടെ വര്‍ധനവ് നേരത്തേ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പലപ്പോഴും വീട്ടിനകത്തുള്ള വില്ലന്മാരെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതും, തിരിച്ചറിഞ്ഞാലും പ്രതികരിക്കാന്‍ ധൈര്യമില്ലാതെ പോകുന്നതുമെല്ലാമാണ് വിനയാകുന്നത്. അധികവും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നത് സ്ത്രീകളും കുട്ടികളുമാണ്. അതും കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. 

 

identify the toxic family member with these signs

 

വീട്ടിനകത്ത് സുരക്ഷിതരാണോ, അല്ലെങ്കില്‍ ആരാണ് ആ സുരക്ഷിതത്വബോധത്തിന് എതിരെ പ്രവര്‍ത്തിക്കുന്നത് എന്നത് തീര്‍ച്ചയായും ഓരോരുത്തരും തിരിച്ചറിയേണ്ട വസ്തുത തന്നെയാണ്. ഇതെങ്ങനെ മനസിലാക്കാം... 

ഒന്ന്...

വീട്ടിനകത്തിരിക്കുമ്പോള്‍ എപ്പോഴും അസ്വസ്ഥതയാണോ? അങ്ങനെയെങ്കില്‍ വീട്ടിനകത്തുള്ള ആരുടെ സാന്നിധ്യത്തിലാണ് ഈ അസ്വസ്ഥത രൂപപ്പെടുന്നത് എന്ന് മനസിലാക്കാന്‍ ശ്രമിക്കുക. ആരോടാണ് സംസാരിക്കാന്‍ താല്‍പര്യപ്പെടാത്തത്, ആരിലാണ് ഒട്ടും തൃപ്തി അനുഭവപ്പെടാത്തത്, സംസാരിക്കുമ്പോള്‍ 'നെഗറ്റീവ്' ആയി തോന്നുന്നത് ആരിലാണ് എന്നെല്ലാം ശ്രദ്ധിക്കുക. അത്തരത്തില്‍ ആരെങ്കിലും വീട്ടിലുണ്ടെങ്കില്‍ നിങ്ങള്‍ അയാളിലോ, അയാള്‍ നിങ്ങളിലോ 'ഓ ക്കെ' അല്ലെന്ന് തിരിച്ചറിയുക. 

രണ്ട്...

അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു കുടുംബത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ അതിലധികമുള്ള ബന്ധം പരസ്പരം സൂക്ഷിക്കാന്‍ കഴിയുന്നതിലൂടെയാണ് കുടുംബത്തിന്റെ ഊഷ്മളമായ അന്തരീക്ഷം നിലനിര്‍ത്താനാവുക. 'ടോക്‌സിക്' ആയ ഒരു വ്യക്തി നിങ്ങളുടെ വീട്ടിലുണ്ടെങ്കില്‍ ഇത് സാധിക്കില്ല. വളരെ നിസാരമായ വിഷയങ്ങള്‍ക്ക് പോലും വലിയ വഴക്കുണ്ടാക്കാനും, ആ വഴക്ക് വ്യക്തിപരമായി എടുക്കാനും, തുടര്‍ന്നും അതേ വഴക്കില്‍ മുന്നോട്ടുപോകാനും എപ്പോഴും അവര്‍ താല്‍പര്യപ്പെട്ടുകൊണ്ടിരിക്കും. ഒരുപക്ഷേ നിങ്ങള്‍ പറയുന്ന കാര്യങ്ങളെ അയാള്‍ മറ്റൊന്നായി എടുക്കുകയോ ചിത്രീകരിക്കുകയോ ചെയ്‌തേക്കാം. നിങ്ങളുടെ വ്യക്തിത്വത്തെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങളും അയാള്‍ നടത്തിയേക്കാം. ഇത്തരത്തിലൊരാള്‍ എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കില്‍ കരുതിയിരിക്കുക. 

മൂന്ന്...

ഒരു കുടുംബത്തിലെ ഓരോ അംഗങ്ങള്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും കാണാം. 'എന്റേതല്ലാത്ത ഏതിനേയും തള്ളിക്കളയണം' എന്ന് ഇക്കൂട്ടത്തില്‍ ആരെങ്കിലും ചിന്തിച്ചാല്‍ അത് മറ്റുള്ളവരുടെ സ്വസ്ഥതയെ ബാധിക്കും. 

 

identify the toxic family member with these signs

 

ഇങ്ങനെ തന്റേതല്ലാത്ത അഭിപ്രായങ്ങളേയും കാഴ്ചപ്പാടുകളേയും എപ്പോഴും എതിര്‍ത്തുകൊണ്ടിരിക്കുന്ന ഒരാള്‍ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കില്‍ മനസിലാക്കുക, അദ്ദേഹം 'ടോക്‌സിക്' ആയ വ്യക്തിത്വത്തിന് ഉടമയാണ്. തീര്‍ച്ചയായും അദ്ദേഹത്തില്‍ നിന്ന് അകലം പാലിച്ചുനില്‍ക്കുക. 

നാല്...

ഒരിക്കലും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയോ പെരുമാറ്റങ്ങളെയോ മതിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യാത്ത ഒരാള്‍ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കില്‍ തീര്‍ച്ചയായും അയാള്‍ നിങ്ങള്‍ക്ക് 'നെഗറ്റീവ്' ആയി അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഒന്നിനും 'താങ്ക്‌സ്' പറയാത്ത, ഒന്നും 'നന്നായി' എന്ന് പറയാത്ത അത്തരം വ്യക്തികളില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. നിങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഏത് ആശയവും തീരുമാനവും അവര്‍ തള്ളിക്കളയാനാണ് സാധ്യത. അതിനാല്‍ സ്വയത്തെ ആശ്രയിച്ച് നില്‍ക്കാന്‍ നിങ്ങള്‍ പരിശീലിക്കുക. 

അഞ്ച്...

ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണ് വാക്കുകളിലധികമുള്ള ആക്രമണങ്ങള്‍. ശാരീരികമായി ഏത് തരത്തിലുള്ള മുന്നേറ്റമുണ്ടായാലും ഒരിക്കലും അതിനെതിരെ കണ്ണടക്കാതിരിക്കുക. കേവലം ബലമായ ഒരു പിടുത്തമാണെങ്കില്‍ പോലും ആ വ്യക്തിയിലൊളിച്ചിരിക്കുന്ന മൃഗത്തെ മനസിലാക്കാനുള്ള അവസരമായി അത് കണക്കാക്കുക. ഇത്തരം വ്യക്തികള്‍ വൈകാരികമായി പൊട്ടിത്തെറിക്കുന്ന സാഹചര്യത്തില്‍ അപകടകരമായ കാര്യങ്ങള്‍ ചെയ്യുമെന്ന് സാധ്യത കല്‍പിക്കുക. പരമാവധി ഇത്തരം വ്യക്തിത്വങ്ങളില്‍ നിന്ന് അകലം പാലിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയോ, അല്ലെങ്കില്‍ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനം അന്വേഷിക്കുകയോ ചെയ്യുക. പലപ്പോഴും കുറ്റകൃത്യങ്ങള്‍ എന്ന് പറയുന്നത് ആകസ്മികമായി സാന്ദര്‍ഭികമായി സംഭവിക്കുന്നതാണെന്ന് മനസിലാക്കുക. അതിനുള്ള അവസരം നമ്മള്‍ തന്നെ ഒരുക്കിക്കൊടുക്കാതിരിക്കുക.

Also Read:- ലോക്ക്ഡൗണ്‍ സ്ത്രീകള്‍ക്ക് തിരിച്ചടി; കണക്കുകള്‍ പുറത്തുവിട്ട് വനിതാ കമ്മീഷന്‍...

Latest Videos
Follow Us:
Download App:
  • android
  • ios