രാത്രി വൈകി ഗെയിം കളിച്ചതിന് കുഞ്ഞിന് അച്ഛൻ നല്‍കിയ ശിക്ഷ; അടി വേണ്ടത് അച്ഛനെന്ന് കമന്‍റുകള്‍
കുട്ടികള്‍ കൂടുതല്‍ സമയം ഫോണിലോ ഗെയിമിലോ എല്ലാം ചെലവിടുമ്പോള്‍ മാതാപിതാക്കള്‍ ശാസിക്കുകയോ ചെറിയ രീതിയില്‍ ശിക്ഷിക്കുകയോ എല്ലാം ചെയ്യാറുണ്ട്. എന്നാലിപ്പോഴിതാ രാത്രി വൈകി മകൻ ഗെയിം കളിച്ചതിന് ഒരച്ഛൻ മകന് നല്‍കിയിരിക്കുന്ന ശിക്ഷയാണ് വലിയ ചര്‍ച്ചയുണ്ടാക്കുന്നത്.
കുട്ടികള്‍ അധികസമയം മൊബൈല്‍ ഫോണിലോ ഗെയിമിലോ എല്ലാം ചെലവിടുന്നത് എപ്പോഴും മാതാപിതാക്കള്‍ക്ക് തലവേദനയാണ്. ഒന്ന്, അവര്‍ ഇക്കാരണം കൊണ്ട് പഠനത്തില്‍ നിന്ന് വലിയ രീതിയില്‍ അകലാം. രണ്ട് ഫോണിനോടോ ഗെയിമുകളോടോ ഉള്ള 'അഡിക്ഷൻ' തന്നെ വലിയ പ്രശ്നം. ഇത് നിസാരമായ സംഗതിയല്ല. ഈ പ്രവണത കുട്ടികളെ കുടുംബത്തില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും പ്രകൃതിയില്‍ നിന്നുമെല്ലാം മാറ്റിനിര്‍ത്തുകയും ചെയ്യാം. ഇതും ചില മാതാപിതാക്കളുടെ ആശങ്കയാണ്.
അതിനാല്‍ തന്നെ കുട്ടികള്‍ കൂടുതല്‍ സമയം ഫോണിലോ ഗെയിമിലോ എല്ലാം ചെലവിടുമ്പോള്‍ മാതാപിതാക്കള്‍ ശാസിക്കുകയോ ചെറിയ രീതിയില്‍ ശിക്ഷിക്കുകയോ എല്ലാം ചെയ്യാറുണ്ട്.
എന്നാലിപ്പോഴിതാ രാത്രി വൈകി മകൻ ഗെയിം കളിച്ചതിന് ഒരച്ഛൻ മകന് നല്‍കിയിരിക്കുന്ന ശിക്ഷയാണ് വലിയ ചര്‍ച്ചയുണ്ടാക്കുന്നത്. ചൈനയിലെ ഷെൻസെനിലാണ് സംഭവം. രാത്രി ഒരു മണിക്ക് പതിനൊന്നുകാരനായ മകൻ കിടക്കയിലിരുന്ന് ഗെയിം കളിക്കുന്നത് കണ്ട അച്ഛൻ ഇതിന്‍റെ ശിക്ഷയായി മകനെക്കൊണ്ട് തുടര്‍ച്ചയായി 17 മണിക്കൂര്‍ ഗെയിം കളിപ്പിച്ചിരിക്കുകയാണ്.
എന്ന് മാത്രമല്ല ഇതിന്‍റെ വീഡിയോകള്‍ ഇദ്ദേഹം ടിക് ടോകിന് സമാനമായ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ഡോയുൻ'ല്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം ഏവരും അറിഞ്ഞത്.
കുഞ്ഞ് ഛര്‍ദ്ദിക്കുന്നത് വരെ ഇദ്ദേഹം ഈ ശിക്ഷ തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇനിയിത് ആവര്‍ത്തിക്കില്ലെന്ന് കുഞ്ഞ് കരഞ്ഞുപറഞ്ഞിട്ടും ഇദ്ദേഹമിത് ചെവിക്കൊണ്ടില്ലെന്നും വീഡിയോകളെ ഉദ്ദരിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുഞ്ഞ് കസേരയിലിരുന്ന് മയങ്ങിപ്പോകുമ്പോഴെല്ലാം തട്ടിയുണര്‍ത്തി നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഇദ്ദേഹം കുഞ്ഞിനെ വീണ്ടും ഗെയിം കളിപ്പിക്കുന്നതാണ് വീഡിയോയിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവം വലിയ വിവാദമായതോടെ ഇത്തരത്തിലുള്ള ശിക്ഷാരീതികള്‍ മാതാപിതാക്കള്‍ അവലംബിക്കുന്നതിലെ മനുഷ്യാവകാശ ലംഘനങ്ങളും അപകടങ്ങളുമെല്ലാം ഏവരും ചര്‍ച്ച ചെയ്യുകയാണ്. ഇങ്ങനെ മക്കളെ ശിക്ഷിച്ച് നേര്‍വഴിക്ക് നയിക്കാമെന്ന് ചിന്തിക്കുന്നവര്‍ക്കാണ് ആദ്യം അടി കൊടുക്കേണ്ടത് എന്നാണ് മിക്കവരുടെയും പ്രതികരണം. അതേസമയം ഗെയിം പോലുള്ള, വലിയ രീതിയില്‍ 'അഡിക്ഷൻ' വരുന്ന കാര്യങ്ങളില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാൻ ശിക്ഷകള്‍ അല്‍പം കടുപ്പിക്കേണ്ടി വരുമെന്ന് അഭിപ്രായപ്പെടുന്നൊരു ചെറിയ വിഭാഗവുമുണ്ട്.
Also Read:- ആറ് വര്‍ഷം ഭാര്യയായി കൂടെ ജീവിച്ച സ്ത്രീ സഹോദരിയാണെന്ന് കണ്ടെത്തിയതായി ഒരാള്‍...