'ആ നാലാമത്തെ ലഡു'; മരിച്ചുപോയ രോഗിയെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഡോക്ടര്‍

ഒരാളുടെ മരണം ഉണ്ടാക്കുന്ന ശൂന്യതയെ കുറിച്ച് ഡോ. എബി എഴുതിയിരിക്കുന്നത് ശരിക്കും ഹൃദയസ്പര്‍ശിയാണ്. അയാളുടെ ഭാര്യക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടിരിക്കുന്നു. രണ്ട് മിടുക്കികളായ മക്കള്‍ക്ക് അച്ഛനില്ലാതെയായിരിക്കുന്നു. ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ് ഒരാളുടേത് എന്നും ഡോ. എബി എഴുതുന്നു. 

doctors touching note about his died patient hyp

ആരോഗ്യകാര്യങ്ങളില്‍ ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പലപ്പോഴും ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരുമെല്ലാം തങ്ങളുടെ അനുഭവങ്ങള്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമെല്ലാം പങ്കുവയ്ക്കാറുണ്ട്. 

ഇത്തരത്തില്‍ വരുന്ന ചില കുറിപ്പുകളോ ചിത്രങ്ങളോ വീഡിയോകളോ എല്ലാം നമ്മുടെ മനസിനെ ആഴത്തില്‍ സ്പര്‍ശിക്കാറുണ്ട്. സമാനമായ രീതിയില്‍ സോഷ്യല്‍ മീഡ‍ിയയില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ് കരള്‍ സ്പെഷ്യലിസ്റ്റായ ഡോ. എബി ഫിലിപ്സ് പങ്കുവച്ചൊരു ചിത്രവും കുറിപ്പും.

അദ്ദേഹത്തിന്‍റെ മേശപ്പുറത്ത് ഒരു കവറിലായി ഇരിക്കുന്ന മൂന്ന് ലഡു കാണാം. 'ആ നാലാമത്തെ ലഡു' എന്നാണ് ഡോക്ടറുടെ നീണ്ട കുറിപ്പിന്‍റെ തലക്കെട്ട്. സംഭവം മദ്യാസക്തിയെ തുടര്‍ന്ന് ഹെപ്പറ്റൈറ്റിസ് ബാധിച്ചൊരു രോഗിയുടെ മരണത്തെയും അയാളുടെ കുടുംബത്തെയും കുറിച്ചാണ് ഡോക്ടര്‍ എഴുതിയിരിക്കുന്നത്. 

നിര്‍ധന കുടുംബത്തിന്‍റെ അത്താണിയാകേണ്ട ആള്‍ മദ്യത്തിന് കീഴ്പ്പെട്ടു. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം പല രീതിയില്‍ പ്രയാസം നേരിട്ടു. 

ഡോ. എബി അടക്കം പല ഡോക്ടര്‍മാരും, പലരും ഈ കുടുംബത്തെ കഴിയുന്നത് പോലെ സഹായിച്ചിരുന്നു എന്ന് അദ്ദേഹത്തിന്‍റെ കുറിപ്പില്‍ നിന്ന് തന്നെ വ്യക്തം. ചികിത്സയിലൂടെയും മരുന്നുകളിലൂടെയും രോഗിക്ക് അല്‍പമെങ്കിലും ആശ്വാസം കൊടുക്കാൻ പലവട്ടം ഇവര്‍ക്ക് സാധിച്ചിരുന്നു.

എന്നാല്‍ ഓരോ തവണയും സുഖപ്പെടുമ്പോഴേക്ക് അയാള്‍ വീണ്ടും പഴയ ശീലത്തിലേക്ക് തന്നെ മടങ്ങും. ഇനി ചികിത്സിച്ച് ആരോഗ്യം വീണ്ടെടുത്ത് കൊടുക്കേണ്ട- സുഖം തോന്നിയാല്‍ വീണ്ടും മദ്യപാനത്തിലേക്ക് തന്നെ തിരിയുന്നത് കുടുംബത്തിന് താങ്ങാനാകാത്ത ബാധ്യതയാണ് തീര്‍ക്കുന്നതെന്ന് അയാളുടെ ഭാര്യ തന്നോട് അഭ്യര്‍ത്ഥിക്കുക വരെ ചെയ്തതായി ഡോക്ടര്‍ കുറിപ്പില്‍ പറയുന്നു.

എന്തായാലും ഒടുവില്‍ അയാള്‍ മരണത്തിന് കീഴടങ്ങുക തന്നെ ചെയ്തു. ഇതിന് ശേഷം അയാളുടെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ ഡോക്ടര്‍ക്ക് കൊണ്ടുവന്ന് കൊടുത്ത ലഡുവാണിത്. അവരുടെയും രണ്ട് മക്കളുടെയും വക മൂന്ന് ലഡു. പക്ഷേ താൻ അപ്പോഴും നാലാമത്തെ ആ ലഡുവിനെ കുറിച്ചാണ് ഓര്‍ക്കുന്നത് എന്നാണ് ഡോ. എബി പറയുന്നത്. 

ഒരാളുടെ മരണം ഉണ്ടാക്കുന്ന ശൂന്യതയെ കുറിച്ച് ഡോ. എബി എഴുതിയിരിക്കുന്നത് ശരിക്കും ഹൃദയസ്പര്‍ശിയാണ്. അയാളുടെ ഭാര്യക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടിരിക്കുന്നു. രണ്ട് മിടുക്കികളായ മക്കള്‍ക്ക് അച്ഛനില്ലാതെയായിരിക്കുന്നു. ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ് ഒരാളുടേത് എന്നും ഡോ. എബി എഴുതുന്നു. 

മദ്യപാനം അത് അമിതമാകുമ്പോള്‍ എത്രമാത്രം വലിയ വിപത്താണ് വ്യക്തിക്കും കുടുംബത്തിനും ഉണ്ടാക്കുകയെന്ന ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ് ഡോ. എബിയുടെ ഈ കുറിപ്പ്. നിരവധി പേരാണ് ഇതിനോട് പ്രതികരണം അറിയിക്കുന്നത്. 

 

Also Read:- ട്രെയിനില്‍ ബഹളം വച്ച യുവാവിനെ സഹയാത്രികര്‍ പിടിച്ചൊതുക്കി; ഇതിനിടെ യുവാവിന് ദാരുണാന്ത്യം

 

Latest Videos
Follow Us:
Download App:
  • android
  • ios