'ഡാഡി ലോകം മാറ്റിമറിച്ചു, പക്ഷേ എന്നോടൊപ്പം കളിക്കാനിനി വരില്ലല്ലോ'; ഫ്‌ളോയ്ഡിന്റെ മകള്‍...
മിനോപോളിസില്‍ നടന്ന പ്രതിഷേധത്തിനിടെ തന്റെ അങ്കിളിന്റെ തോളിലിരുന്ന് കൊണ്ട് ജിയാന ഉച്ചത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. സന്തോഷത്തോടെ 'എന്റെ ഡാഡി ലോകം മാറ്റിമറിച്ചല്ലോ...' എന്നായിരുന്നു ആ കൊച്ചുപെണ്‍കുട്ടി കൂവിളിച്ചുകൊണ്ട് പറഞ്ഞത്
'ഐ കാണ്ട് ബ്രീത്ത്...'... എനിക്ക് ശ്വാസം മുട്ടുന്നു... ലോകം മുഴുവന്‍ ഏറ്റുപറയുകയാണ് ജോര്‍ജ് ഫ്‌ളോയ്ഡിന്റെ ഈ അവസാന വാക്കുകള്‍. വംശീയതയ്ക്ക് ഇരയാക്കപ്പെട്ട് വെളുത്ത വര്‍ഗക്കാരായ പൊലീസുകാരുടെ കാല്‍മുട്ടിനിടയില്‍ ശ്വാസം കിട്ടാതെ നെഞ്ചുതകര്‍ന്നു മരിച്ച ജോര്‍ജ് ഫ്‌ളോയ്ഡിന് മരണശേഷമെങ്കിലും നീതിയും ആദരവും നല്‍കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് മനുഷ്യരാണ് അമേരിക്കയിലും പുറത്തുമെല്ലാം പ്രതിഷേധസമരങ്ങള്‍ നടത്തുന്നത്.
കാലാകാലങ്ങളായി അമേരിക്കയില്‍ തുടര്‍ന്നുവരുന്ന വംശവെറിയുടെ തെളിവായിട്ടാണ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തെ പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. കറുത്ത വര്‍ഗക്കാര്‍ക്ക് മുഴുവനും നീതി കിട്ടണം, ഇനിയും തെരുവില്‍ കിടന്ന് മരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നാണ് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.
തന്റെ മരണം കൊണ്ട് ലോകത്തെ ആകെയും ഇളക്കിമറിച്ച് ഫ്‌ളോയ്ഡ് കടന്നുപോയിരിക്കുന്നു. അവകാശസമരങ്ങളും, ചോദ്യം ചെയ്യലുകളും, വിമര്‍ശനങ്ങളും, വൈകാരികമായ പൊട്ടിത്തെറികളുമെല്ലാം ഒരു വശത്ത് നടക്കുമ്പോള്‍ തങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്ന നഷ്ടത്തിന്റെ വലുപ്പം മനസിലാകാതെ, അനാഥത്വത്തിന്റെ ആഴം തിരിച്ചറിയാതെ അമ്പരന്നുനില്‍ക്കുകയാണ് ഫ്‌ളോയ്ഡിന്റെ രണ്ട് മക്കളും.
'ഏറ്റവും നല്ല അച്ഛനായിരുന്നു അദ്ദേഹം. ഏറ്റവും നല്ല മനുഷ്യനായിരുന്നു എന്നതിന് അതില്‍ക്കൂടുതല്‍ തെളിവ് ആവശ്യമാണോ...' ഫ്‌ളോയ്ഡിന്റെ ഭാര്യ റോക്‌സി വാഷിംഗ്ടണ്‍, മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സംസാരിക്കവേ വിതുമ്പിക്കൊണ്ട് പറഞ്ഞ വാക്കുകളാണിത്. ഇത് പറയുമ്പോള്‍ റോക്‌സിക്കൊപ്പം ആറുവയസുകാരിയായ മകള്‍ ജിയാനയും ഉണ്ടായിരുന്നു.
അച്ഛന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ജിയാനയ്ക്ക് മനസിലായിട്ടില്ല.
'എങ്ങനെയാണ് ഞാനത് എന്റെ കുഞ്ഞിനോട് പറയേണ്ടത്. ഞാനൊന്നും പറഞ്ഞിട്ടില്ല. ഡാഡി മരിച്ചു, ശ്വാസം കിട്ടാതെ ഏറെ നേരം കിടന്നതുകൊണ്ട് ഡാഡി മരിച്ചു, അത്രയേ ഞാനവളോട് പറഞ്ഞിട്ടുള്ളൂ..' - റോക്‌സിയുടെ വാക്കുകള്‍.
(റോക്സിയും ജിയാനയും വാർത്താസമ്മേളനത്തിനിടെ...)
ഇത്രയും തന്നെയാണ് ജിയാനയ്ക്ക് അറിയാവുന്നത്. പക്ഷേ, വ്യാപകമായി പ്രചരിച്ച വീഡിയോയുടെ ചില ഭാഗങ്ങള്‍ അവളും കണ്ടു.
'അത് ഡാഡിയാണെന്ന് വിശ്വസിക്കാന്‍ പറ്റിയില്ല. ആരെങ്കിലും അന്നേരം ഡാഡിയെ സഹായിച്ചിരുന്നെങ്കില്‍ എന്നെനിക്ക് തോന്നി. ഞാനുണ്ടായിരുന്നെങ്കില്‍ ഡാഡിയെ തീര്‍ച്ചയായും സഹായിക്കുമായിരുന്നു. ഇപ്പോള്‍ ഡാഡിയെ മിസ് ചെയ്യുന്നുണ്ട്. എന്റെ കൂടെ കളിക്കാന്‍ ഇനി ഡാഡി വരില്ലല്ലോ...- കേള്‍ക്കുന്ന ആരുടെയും ഹൃദയത്തില്‍ ചെന്നുതറയ്ക്കുന്ന വാക്കുകളാണ് കുഞ്ഞ് ജിയാന നിഷ്‌കളങ്കമായി പറയുന്നത്.
(ജോർജ് ഫ്ളോയ്ഡും മകളും- പഴയ ചിത്രം...)
'ഗുഡ് മോണിംഗ് അമേരിക്ക' എന്ന പ്രമുഖ ഷോയില്‍ പങ്കെടുത്തുകൊണ്ട് റോക്‌സിയും ജിയാനയും ഫ്‌ളോയ്ഡിനെക്കുറിച്ചുള്ള കൂടുതല്‍ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. തനിക്ക് പഠിച്ച് ഒരു ഡോക്ടറാകണമെന്നും എല്ലാവരേയും നോക്കണമെന്നും ജിയാന അഭിമുഖത്തില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്നാല്‍ അതൊന്നും കാണാന്‍ അവളുടെ ഡാഡി ഉണ്ടാകില്ലല്ലോയെന്നും എന്താണ് എന്നില്‍ നിന്നും അവര്‍ പറിച്ചെടുത്ത് കളഞ്ഞത് എന്ന് നിങ്ങള്‍ മനസിലാക്കണമെന്നും റോക്‌സി പറഞ്ഞു.
'എല്ലാം കഴിയുമ്പോള്‍ എല്ലാവരും വീട്ടിലേക്ക് പോകും. അവിടെ അവര്‍ക്കെല്ലാം ഒരു കുടുംബം കാണും. പക്ഷേ എന്റെ ജിയാനയ്ക്ക് അവളുടെ ഡാഡിയില്ല. അവള്‍ വളരുന്നതോ, പഠിച്ചുമിടുക്കിയാകുന്നതോ കാണാന്‍ അദ്ദേഹമില്ല. അവളോടൊപ്പം നടക്കാനോ, അവള്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പറയാനോ ഒന്നും ഡാഡിയില്ല. അവള്‍ ജനിച്ചപ്പോള്‍ എന്നെക്കാള്‍ സന്തോഷിച്ചത് അദ്ദേഹമാണ്. ഞാന്‍ എങ്ങനെയിരുന്നാലും അദ്ദേഹത്തിന് പ്രശ്‌നമല്ല, പക്ഷേ അവളൊന്ന് കരഞ്ഞാല്‍ എവിടെയായിരുന്നാലും അദ്ദേഹം ഓടിവരുമായിരുന്നു. മറ്റുള്ളവര്‍ അദ്ദേഹത്തെ പറ്റി എന്തുതന്നെ കരുതിയാലും എനിക്കറിയാം അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നുവെന്ന്, അതിന്റെ തെളിവാണ് എന്റെ മകള്‍...'- റോക്‌സി പറയുന്നു.
നേരത്തേ മിനോപോളിസില്‍ നടന്ന പ്രതിഷേധത്തിനിടെ തന്റെ അങ്കിളിന്റെ തോളിലിരുന്ന് കൊണ്ട് ജിയാന ഉച്ചത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. സന്തോഷത്തോടെ 'എന്റെ ഡാഡി ലോകം മാറ്റിമറിച്ചല്ലോ...' എന്നായിരുന്നു ആ കൊച്ചുപെണ്‍കുട്ടി കൂവിവിളിച്ചുകൊണ്ട് പറഞ്ഞത്. അച്ഛന്റെ മരണകാരണമോ, ആ മരണമുണ്ടാക്കിയ ചലനങ്ങളുടെ തീവ്രതയോ, അതിലെ രാഷ്ട്രീയമോ ഒന്നും അവളറിയുന്നില്ല. എങ്കിലും എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന മൂര്‍ച്ചയേറിയ ഒരു വാചകം അവള്‍ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. 'എന്റെ ഡാഡി ലോകം മാറ്റിമറിച്ചല്ലോ....'...
Also Read:- വംശവെറി പുതിയതല്ല; മറന്നുപോവേണ്ടതല്ല ക്രൂരമായി കൊന്നുകളഞ്ഞ ആ പതിനാലുകാരനെ...