ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ പശു; വീഡിയോ വമ്പൻ പ്രതിഷേധങ്ങളുണ്ടാക്കുന്നു
വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയ ശേഷം സംഭവം അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവിടത്തെ കൊവിഡ് വാര്‍ഡിലാണ് ഇതുണ്ടായിരിക്കുന്നതെന്നാണ് അറിവ്.
വൃത്തിയും സുരക്ഷയും നല്ലരീതിയില്‍ ഉറപ്പാക്കേണ്ടുന്നൊരു ഇടമാണ് ആശുപത്രികള്‍. അത് സര്‍ക്കാര്‍ ആശുപത്രികളായാലും സ്വകാര്യ ആശുപത്രികളായാലും ശരി. എന്നാല്‍ പലപ്പോഴും ഇതിന് വിരുദ്ധമായ വാര്‍ത്തകളാണ് നാം കാണാറുള്ളത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ രോഗികളെ ചികിത്സിക്കുന്നതോ, അല്ലെങ്കില്‍ രോഗികള്‍ക്ക് സുരക്ഷിതമല്ലാത്ത ചുറ്റുപാടുകളോ എല്ലാം ഇത്തരത്തില്‍ പരാതികളായും പ്രതിഷേധങ്ങളായും ഉയരാറുണ്ട്.
സമാനമായ രീതിയില്‍ വമ്പൻ പ്രതിഷേധത്തിന് ഇടയാക്കുകയാണിപ്പോള്‍ മദ്ധ്യപ്രദേശില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു വീഡിയോ. ആശുപത്രിയിലെ ഐസിയുവിനകത്ത് സ്വൈര്യവിഹാരം നടത്തുന്ന പശുവിനെയാണ് വീഡിയോയില്‍ കാണുന്നത്.
രാജ്ഘഡിലെ ഒരു ആശുപത്രിയില്‍ നിന്നുള്ളതാണ് ദൃശ്യം. ഐസിയുവിനകത്ത് 'മേഞ്ഞുനടക്കുന്ന' പശു, പിന്നീട് ഇവിടെയുള്ള ബിന്നുകളില്‍ നിന്ന് മെഡിക്കല്‍ വേസ്റ്റ്, അഥവാ ആശുപത്രിയില്‍ നിന്ന് പുറന്തള്ളുന്ന തരം മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. ഏറെ അസ്വസ്ഥതപ്പെടുത്തുകയും ആശങ്ക തോന്നിപ്പിക്കുകയും ചെയ്യുന്നൊരു കാഴ്ച തന്നെയാണിത്.
വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയ ശേഷം സംഭവം അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവിടത്തെ കൊവിഡ് വാര്‍ഡിലാണ് ഇതുണ്ടായിരിക്കുന്നതെന്നാണ് അറിവ്. ശേഷം ആരോഗ്യമന്ത്രിയും ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ ആശുപത്രിയിലെ ചില ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായതായും സൂചനയുണ്ട്.
ഈ ആശുപത്രിക്കകത്ത് മുമ്പും പശുക്കള്‍ കയറിവരുന്ന സാഹചര്യമുണ്ടായിരുന്നുവെന്നാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇത് നോക്കാനായി തന്നെ സ്പെഷ്യല്‍ ഡ്യൂട്ടി നല്‍കാറുണ്ടായിരുന്നുവെന്നും നാട്ടുകാരെ ഉദ്ദരിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വീഡിയോ കാണാം...
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്ന് ഏറെ അസ്വസ്ഥതപ്പെടുത്തുന്നൊരു ദൃശ്യം ഇതേരീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പരുക്കേറ്റ് ആശുപത്രിയിലെത്തിയ രോഗി രക്തം വാര്‍ന്നുകൊണ്ട് ആശുപത്രി തറയില്‍ കിടക്കുകയും സമീപത്ത് ഒരു തെരുവുനായ ചുറ്റിത്തിരിഞ്ഞ് നടക്കുന്നതുമായിരുന്നു ഈ വീഡിയോയുടെ ഉള്ളടക്കം. ഇതും വലിയ രീതിയില്‍ ചര്‍ച്ചയാവുകയും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
Also Read:- പിറന്നാളിന് നടുറോഡില്‍ കേക്കുമുറി; പിന്നാലെ പിറന്നാളുകാരന് 'പണി'