വയനാട് ദുരന്തം; അയൽക്കൂട്ടങ്ങളുടെ ലോൺ എഴുതി തള്ളാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയെ സമീപിച്ച് കുടുംബശ്രീ മിഷൻ
ചൂരൽമലയിലും മുണ്ടക്കൈയിലുമായി 3.66 കോടി രൂപയാണ് വിവിധ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ബാങ്കുകൾക്ക് നൽകാനുള്ളത്. മേഖലയിലെ കുടുംബശ്രീക്ക് കീഴിലുള്ള മുഴുവൻ മൈക്രോ സംരംഭങ്ങളും ഉരുൾപൊട്ടലോടെ ഇല്ലാതായ പശ്ചാത്തലത്തിലാണ് നടപടി.
വയനാട്: വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിലെ കുടുംബ ശ്രീ അയൽക്കൂട്ടങ്ങളുടെ ലോൺ എഴുതി തള്ളാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയെ സമീപിച്ച് കുടുംബശ്രീ മിഷൻ. ചൂരൽമലയിലും മുണ്ടക്കൈയിലുമായി 3.66 കോടി രൂപയാണ് വിവിധ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ബാങ്കുകൾക്ക് നൽകാനുള്ളത്. മേഖലയിലെ കുടുംബശ്രീക്ക് കീഴിലുള്ള മുഴുവൻ മൈക്രോ സംരംഭങ്ങളും ഉരുൾപൊട്ടലോടെ ഇല്ലാതായ പശ്ചാത്തലത്തിലാണ് നടപടി.
ഉരുൾ കവർന്ന മുണ്ടക്കൈയിലും ചൂരൽമലയിലുമായി ആകെ ഉണ്ടായിരുന്നത് 62 കുടുംബശ്രീ അയൽക്കൂട്ടങ്ങളാണ്. 685 പേരായിരുന്നു അംഗങ്ങൾ. ഉരുൾപൊട്ടലിൽ 47അംഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്. ലിങ്കജ് ലോൺ ഉൾപ്പെടെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ഉണ്ടായിരുന്ന കട ബാധ്യത 3.66കോടി രൂപയായിരുന്നു. ഇതിന് പുറമെ കുടുംബ ശ്രീ മൈക്രോ സംരംഭങ്ങളും ബാങ്കുകളിൽ പണം തിരിച്ചടക്കാനുണ്ട്. പക്ഷെ ആകെ ഉണ്ടായിരുന്ന 18 സംരംഭങ്ങളിൽ ഒന്ന് പോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബാങ്കുകൾ വായ്പ എഴുതി തള്ളണം എന്ന ആവശ്യവുമായി കുടുംബശ്രീ മിഷൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയെ സമീപിച്ചത്.
അതേസമയം, ക്യാമ്പുകളിൽ നിന്നും വാടക വീടുകളിലേക്ക് ഉള്ളപ്പടെ മാറിയ കുടുംബ ശ്രീ അംഗങ്ങൾക്ക് സംരംഭം തുടങ്ങാനായി അടിയന്തിര സഹായം എന്ന നിലയിൽ കുടുംബശ്രീ കമ്മ്യൂണിറ്റി ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ദുരന്ത ബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന സ്ഥലങ്ങളിൽ തൊഴിൽ ഉറപ്പ് വരുത്താനുള്ള പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ.
സൂചിപ്പാറയില്‍ ഇന്ന് പ്രത്യേക തെരച്ചില്‍
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് ഇന്ന് ആനടിക്കാപ്പ് സൂചിപ്പാറ മേഖലയില്‍ പ്രത്യേക തെരച്ചില്‍. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ സൂചിപ്പാറ ഭാഗങ്ങളിൽ തെരച്ചിൽ നടത്തണമെന്ന് ബന്ധുക്കളെ നഷ്ടപ്പെട്ടവർ ആവശ്യപ്പെട്ടിരുന്നു. ചെങ്കുത്തായ വന മേഖലയില്‍ പരിശോധന നടത്താൻ 14 പേര്‍ അടങ്ങുന്ന ഒരു സംഘമാണ് സജ്ജമായിരിക്കുന്നത്. ടീമിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും തുടര്‍ന്നുള്ള ദിവസങ്ങളിലെ തെരച്ചില്‍ ഏകോപിപ്പിക്കുക.