സുരക്ഷ മേഖലയിൽ കടന്നിട്ടും പൊലീസ് നോക്കി നിന്നെന്ന് അദാനി ഗ്രൂപ്പ്, സുരക്ഷ ആവശ്യപ്പെട്ട് ഹർജി; ഇന്ന് വിധി
സമരത്തിന്‍റെ പേരിൽ നിർമ്മാണം നിർത്തിവെക്കാനാകില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. ഗർഭിണികളെയും കുട്ടികളെയും മുൻനിർത്തിയാണ് സമരമെന്നും അതിനാൽ കടുത്ത നടപടികൾ സമരക്കാർക്കെതിരെ സ്വീകരിക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് അനു ശിവരാമനാണ് വിധി പ്രസ്താവിക്കുക. സമരം കാരണം തുറമുഖ നിർമ്മാണം സ്തംഭിച്ചെന്നാണ് അദാനി ഗ്രുപ്പ് ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്. സമരക്കാർ അതീവ സുരക്ഷ മേഖലയിൽ പ്രവേശിച്ചു നാശനഷ്ടം ഉണ്ടാക്കിയിട്ടും പൊലീസ് നോക്കി നിന്നെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു.
എന്നാൽ, സമരത്തിന്‍റെ പേരിൽ നിർമ്മാണം നിർത്തിവെക്കാനാകില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. ഗർഭിണികളെയും കുട്ടികളെയും മുൻനിർത്തിയാണ് സമരമെന്നും അതിനാൽ കടുത്ത നടപടികൾ സമരക്കാർക്കെതിരെ സ്വീകരിക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. സമരം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകൾ പാലിക്കാതെയുള്ള നിർമ്മാണം അനുവദിക്കില്ലെന്നുമാണ് ഹർജിയിൽ എതിർകക്ഷികളായ വൈദികരുടെ വാദം.
അതേസമയം, വിഴിഞ്ഞത്ത് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ വീട്ടുവാടക നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മുട്ടത്തറയിൽ കണ്ടെത്തിയ സ്ഥലത്ത് ഫ്ലാറ്റ് നിര്‍മ്മിക്കും. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ശക്തമായി തുടരുന്നതിനിടെയാണ് ഓണത്തിന് മുമ്പ് പുരധിവാസം നടപ്പിലാക്കുമെന്ന വാഗ്ദാനത്തിന്‍റെ ഭാഗമായുള്ള സര്‍ക്കാര്‍ പ്രഖ്യാപനം. ക്യാമ്പുകളില്‍ കഴിയുന്ന 335 കുടുംബങ്ങൾക്ക് വാടകവീട്ടിലേക്ക് മാറാൻ പ്രതിമാസം 5500 രൂപ സര്‍ക്കാര്‍ നൽകും. മുട്ടത്തറയിൽ കണ്ടെത്തിയ എട്ട് ഏക്കര്‍ ഭൂമിയിൽ സമയബന്ധിതമായി ഫ്ലാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കും.
ഇതിനായി നിര്‍മ്മാതാക്കളുടെ ടെൻഡര്‍ വിളിക്കും. പുനരധിവാസ പാക്കേജ് വേഗത്തിൽ നടപ്പാക്കുമെന്നും മന്ത്രിസഭാ തീരുമാനത്തിലുണ്ട്. എന്നാൽ തീരദേശവാസികളായ മല്‍സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി പുച്ഛിക്കുകയാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തുറമുഖ സമരസമിതി. വീട് വാടകയ്ക്ക് നൽകുന്നതിനുള്ള അഡ്വാൻസ് തുക ആര് നൽകുമെന്നും സമരവുമായി മുന്നോട്ടുപോകുമെന്നുമാണ് സമരസമിതി പറയുന്നത്.
സമരം കൂടുതല്‍ ശക്തമാക്കുമെന്നും തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും സമരസമിതി വ്യക്തമാക്കുന്നു. സമരം ചെയ്ത പുരോഹിതരെ പൊലീസ് മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് വിവിധ ഇടവകകളിലെ മത്സ്യത്തൊഴിലാളികൾ പൂവാര്‍ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കരുംകുളം പള്ളിയിൽ നിന്ന് തുടങ്ങിയ പന്തംകൊളുത്തി പ്രതിഷേധം പൂവാര്‍ സ്റ്റേഷനു മുന്നിൽ അവസാനിപ്പിച്ചു.