Asianet News MalayalamAsianet News Malayalam

വിലങ്ങാടിനെ മറന്ന് സ‍ർക്കാർ, വാടക വീടുകളിലുള്ളവർക്ക് തുക അനുവദിച്ചില്ല, കൃഷിയിടം നഷ്ടമായവർക്കും ധനസഹായമില്ല

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം അനുവദിച്ചില്ല. വാടക വീടുകളിലുള്ളവര്‍ക്കും കൃഷിസ്ഥലം നഷ്ടമായവര്‍ക്കുമുള്ള ധനസഹായം നൽകാതെ സർക്കാര്‍. വാടക നൽകാൻ കഴിയാതെ പലരും അപകടഭീഷണിയുള്ള വീടുകളിലേക്ക് മടങ്ങുന്നു.

vilangad landslide 2024 No amount was given to those in rented houses and no financial assistance given to those who lost their farmland
Author
First Published Oct 9, 2024, 7:14 AM IST | Last Updated Oct 9, 2024, 8:01 AM IST

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതരെ മറന്ന് സർക്കാർ. വാടക വീടുകളിൽ കഴിയുന്നവർക്കുള്ള 6000 രൂപ ഇതുവരെ നൽകിയില്ല. അപകട ഭീഷണി അവഗണിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങേണ്ട ഗതികേടിൽ ദുരിതബാധിതർ. വാടക നൽകാൻ കഴിയാതെ വന്നതോടെ പലരും അപകടഭീഷണിയുള്ള വീടുകളിലേക്ക് മാറി തുടങ്ങി. ഉരുള്‍പൊട്ടലിൽ കൃഷിയിടം നഷ്ടമായവര്‍ക്കും ഒന്നും കൊടുത്തിട്ടില്ല.

ഉരുള്‍പൊട്ടലിലെ അടിയന്തര ധനസഹായം പോലും പൂര്‍ണമായും നൽകിയിട്ടില്ല. ഉരുള്‍പൊട്ടലിൽ ബാക്കിയായ നീര്‍ച്ചാലും തകര്‍ന്ന വീടുകളുമൊക്കെ നിലകൊള്ളുന്ന ഭീതിയുടെ അന്തരീക്ഷത്തിലാണ് പലരും ഇപ്പോഴും പ്രദേശത്ത് കഴിയുന്നത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിനോട് ചേര്‍ന്ന് വീടുള്ളവര്‍ മറ്റു വഴികളില്ലാതെ ഇപ്പോഴും അവിടെ തന്നെ കഴിയുകയാണ്. കുടിയേറ്റ കര്‍ഷകര്‍ ഏറെ താമസിക്കുന്ന വിലങ്ങാട് സര്‍ക്കാര്‍ ധനസഹായം വൈകുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് ദുരന്ത ബാധിതർ.

ഒരോ തവണ മഴ പെയ്യുമ്പോഴും പേടിയാണെന്നും ഇനി എങ്ങനെ ജീവിക്കുമെന്ന് അറിയില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഉരുളൊഴുകിയ വഴിയിൽ നൂറോളം വീടുകൾ വാസയോഗ്യമല്ലെന്നാണ് കണക്ക്. വാടകക്ക് കഴിയുന്നവര്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഇവിടേക്ക് തൊഴിലുറപ്പ് ജോലിക്ക് വരുന്നത്. കിട്ടുന്ന പൈസയുടെ പകുതിയും വണ്ടിക്കൂലിക്ക് ചെലവാക്കിയാണ് ജോലിക്ക് വരുന്നതെന്നും വാടക വീടിനുള്ള തുക പോലും ലഭിച്ചിട്ടില്ലെന്നും രമ്യ പറഞ്ഞു. ഉരുള്‍പൊട്ടലിലെ അടിയന്തര ധനസഹായം പോലും പൂര്‍ണമായി കിട്ടാത്തവരും ഇവിടെയുണ്ട്. ഇതുവരെ വാടക തുക ആര്‍ക്കും ലഭിച്ചിട്ടില്ല. വാടക വീടുകളിൽ കഴിയുന്നവര്‍ക്ക് മാസം 6000  രൂപ നൽകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതുവരെ ഈ തുക നൽകാൻ നടപടിയായിട്ടില്ല. 

'മിൽട്ടൺ' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; കാറ്റഗറി 5 ശക്തിയിൽ നിലംതൊട്ടേക്കും, ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ


 

Latest Videos
Follow Us:
Download App:
  • android
  • ios