ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ രണ്ട് തൊഴിലാളികൾക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ല, മാർക്കറ്റ് അടച്ചു
രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മാർക്കറ്റ് അടച്ചു. രോഗം സ്ഥിരീകരിച്ച കലുങ്ക് സ്വദേശി പനിയും ചുമയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ജൂലൈ 13ന് വൈകിട്ട് ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിയിരുന്നു
കോട്ടയം: ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മത്സ്യമാര്‍ക്കറ്റില്‍ വാഹനങ്ങളിൽ എത്തിക്കുന്ന മത്സ്യബോക്സുകൾ ഇറക്കുന്ന രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചുമട്ടുതൊഴിലാളിയായ ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35 കാരനും, ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് ഇന്ന് പുലര്‍ച്ചെ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും അകലക്കുന്നത്തെ കൊവിഡ് സെന്ററിലേക്ക് മാറ്റി. രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മാർക്കറ്റ് അടച്ചു.
രോഗം സ്ഥിരീകരിച്ച കലുങ്ക് സ്വദേശി പനിയും ചുമയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ജൂലൈ 13ന് വൈകിട്ട് ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തി മരുന്ന് വാങ്ങിയിരുന്നു. ഓണംതുരുത്ത് സ്വദേശിക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ലെന്നത് സ്ഥിതി ഗുരുതരമാക്കുന്നു. മത്സ്യമാര്‍ക്കറ്റില്‍ 48 പേരെയാണ് ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയത്.