കുമ്പളയില്‍ പൊലീസ് ഓഫീസർക്ക് കൊവിഡ്; 20 പൊലീസുകാർ ക്വാറന്‍റീനില്‍
കാസർകോട് ഇന്നലെ രോഗം സ്ഥിരീകരിച്ച 47പേരിൽ 41 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 20 പൊലീസുകാർ ക്വാറന്‍റീനില്‍ പോയി. കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ പൊലീസുകാരന് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. കാസര്‍കോട് രോഗവ്യാപനം കൂടുതലുള്ള മേഖലയാണ് കുമ്പള. ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 47പേരിൽ 41 പേരും സമ്പർക്കത്തിലൂടെയാണ് രോഗ ബാധിതരായത്.
കാസർകോട് നഗരസഭയിൽ മാത്രം 10 പേർക്കാണ് രോഗം ബാധിച്ചത്. കാസർക്കോട്, കുമ്പള മാർക്കറ്റുകൾ ഉൾപ്പെടെ ജില്ലയിലെ ക്ലസ്റ്ററുകളിൽ രോഗബാധിതർ കൂടുകയാണ്. സമ്പർക്ക രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ കുമ്പള പഞ്ചായത്തിൽ 24 മുതൽ 15 ദിവസം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പഞ്ചായത്ത് ഭരണസമിതിയുടേതാണ് തീരുമാനം.