പൊലീസിനെ തടഞ്ഞ് നാടകം കളിച്ചതിൽ ദുരൂഹതയുണ്ടെന്ന് ടിവി രാജേഷ്; 'അതിന്റെ മറവിൽ എന്തെങ്കിലും നടന്നോയെന്ന് സംശയം'

"മറയ്ക്കാനും ഒളിയ്ക്കാനും അധികം സമയമൊന്നും വേണ്ടല്ലോ, ഒന്നും ഒളിയ്ക്കാനില്ലെങ്കിൽ പിന്നെ ഒരു സീനുണ്ടാക്കിയത് എന്തിന്?" ടിവി രാജേഷിന്റെ പ്രതികരണം

TV Rajesh alleging congress leaders created drama during the police checking in Palakkad hotel

പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നടന്ന പൊലീസ് പരിശോധനയ്ക്കിടെ ബോധപൂർവം നാടകം കളിക്കുകയായിരുന്നു എന്ന് ആരോപിച്ച് അതേ ഹോട്ടലിൽ താമസിക്കുകയായിരുന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ടി.വി രാജേഷ്. തന്റെ മുറിയിലാണ് ആദ്യം പരിശോധന നടത്തിയതെന്നും അപ്പോൾ ആരെയും കണ്ടില്ലെന്നും പറഞ്ഞ അദ്ദേഹം പിന്നീട് കോൺഗ്രസ് നേതാക്കൾ എല്ലാവരെയും വിളിച്ചുവരുത്തി സീൻ ഉണ്ടാക്കിയെന്നും അതിന്റെ മറവിൽ എന്തെങ്കിലും നടന്നോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"രാത്രി 11.30ഓടെയാണ് തന്റെ മുറിയിൽ പൊലീസുകാർ എത്തിയത്. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ ചില വിവരങ്ങളുണ്ടെന്ന് പറഞ്ഞു. പരശോധിക്കാൻ അനുവദിച്ചു. അത് പൂർത്തിയാക്കി പൊലീസുകാർ പുറത്തിറങ്ങി. വാതിൽ അടയ്ക്കാൻ നോക്കിയപ്പോൾ വേറെ ആരും അപ്പോൾ പരിസരത്ത് ഉണ്ടായിരുന്നില്ല. സ്വാഭാവികമായ പരിശോധനയാണെന്നാണ് കരുതിയത്".

"തന്റെ മുറിയിൽ പരിശോധന നടത്തിയപ്പോൾ താൻ ആരെയും വിളിച്ചില്ല. എന്നാൽ പിന്നീട് മറ്റ് മുറികളിൽ പരിശോധന നടത്തിയപ്പോൾ പൊലീസിനെ തടയുകയും നേതാക്കളെയും മാധ്യമ പ്രവ‍ർത്തകരെയുമൊക്കെ വിളിച്ചു വരുത്തുകയും നാടകം കളിക്കുകയും ചെയ്തതിൽ ദുരൂഹതയുണ്ടെന്നാണ് തന്റെ തോന്നലെന്നും" ടി.വി രാജേഷ് പറഞ്ഞു. ആദ്യം പരിശോധിച്ച മുറി തന്റേതാണ്. ഇവിടെ ഒരു സീൻ ഉണ്ടാക്കി അതിന്റെ മറവിൽ മറ്റ് വല്ലതും നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഒന്നും മറച്ചുവെയ്ക്കാനോ ഒളിച്ചുവെയ്ക്കാനോ ഇല്ലെങ്കിൽ പൊലീസിനെ തടഞ്ഞ് അവിടെ എന്തിനാണ് ഒരു സീനുണ്ടാക്കുന്നതെന്നും ടിവി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് നടത്തിയ പ്രതികരണത്തിൽ ചോദിച്ചു. അതേസമയം ഈ റെയ്ഡിൽ സിപിഎമ്മിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് അക്കാര്യം തനിക്ക് അറിയില്ലെന്നും അത് പൊലീസാണ് വ്യക്തമാക്കേണ്ടതെന്നുമാണ് അദ്ദേഹം മറുപടി പറ‌ഞ്ഞത്. "സിപിഎം പരാതി കൊടുത്തിട്ടുണ്ടോ എന്നും അറിയില്ല. തെരഞ്ഞെടുപ്പുകളിൽ പൊലീസ് പരിശോധന സാധാരണമാണ്. എന്നാൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ആദ്യം വാതിൽ തുറന്നില്ല. പിന്നീട് എല്ലാവരെയും വിളിച്ചുവരുത്തി നാടകം കളിച്ചു.  ഒളിയ്ക്കാനും മറയ്ക്കാനുമൊന്നും അധിക സമയം വേണ്ടല്ലോയെന്നും അല്ലെങ്കിൽ പിന്നെ എന്തിനാണ് ഒരു സീൻ ഉണ്ടാക്കിയതെന്നും" ടിവി രാജേഷ് ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios