ഇടുക്കിയില്‍ ആശങ്കയേറുന്നു; രാജാക്കാട് പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
സമ്പർക്കം വഴി രോഗവ്യാപനം വർധിച്ച സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ 16 പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു.
ഇടുക്കി: കൊവിഡ് രോഗികൾ കൂടുന്ന ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ ആറ് വരെ വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സമ്പർക്കം വഴിയും ഉറവിടം വ്യക്തമാകാതെ രോഗവ്യാപനം കൂടുന്നതും പരിഗണിച്ചാണ് നടപടി. ജില്ലയിലെ 16 പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു.
ഇടുക്കിയിൽ ആറ് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 28 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ആറ് പേർ രോഗമുക്തരായി. 8 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ആറ് പേർ കരിമ്പൻ സ്വദേശികളാണ്. 13 രോഗികളുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ ഏക ക്ലസ്റ്ററായ രാജാക്കാട് ഉറവിടം അറിയാത്ത രോഗികൾ കൂടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച നാല് ആരോഗ്യപ്രവർത്തകർ രാജാക്കാട് ദേശികളാണ്. രാജാക്കാട് സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ കൊവിഡ് ഫസ്റ്റ്‍ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ തുടങ്ങി. ഇവിടെ 55 കിടക്കകൾ സജ്ജീകരിച്ചു.
തൊടുപുഴയിൽ 103 കിടക്കകളുള്ള ഫസ്റ്റ്‍ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററും സജ്ജമാക്കി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാർ ഒരാഴ്ചത്തേക്ക് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. നിലവില്‍ 215 പേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളത്.