Asianet News MalayalamAsianet News Malayalam

അഭിമുഖ സമയത്ത് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായത് 2 പേർ; മലപ്പുറത്തെ സ്വർണക്കടത്ത് വിവരങ്ങൾ കൈമാറിയത് മലയാളി

മലപ്പുറത്തെ സ്വര്‍ണ്ണക്കടത്ത് വിവരം അഭിമുഖത്തില്‍ ചേര്‍ക്കാനാവശ്യപ്പെട്ടത് കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരനും, മുന്‍ സിപിഎം എംഎല്‍എ ടി കെ ദേവകുമാറിന്‍റെ മകൻ സുബ്രഹ്മണ്യനുമാണെന്ന് വ്യക്തമായി.

The Hindu interview Controversy  2 persons accompanied  CM Pinarayi Vijayan during  interview
Author
First Published Oct 2, 2024, 1:32 PM IST | Last Updated Oct 2, 2024, 1:32 PM IST

ദില്ലി: മുഖ്യമന്ത്രിയുടെ അഭിമുഖം ദ ഹിന്ദു ദിനപത്രമെടുത്തപ്പോള്‍ ദില്ലിയിലെ കേരള ഹൗസില്‍ പി ആര്‍ കമ്പനിയായ കൈസന്‍ ഗ്രൂപ്പിന്‍റെ സിഇഇയും ഉണ്ടായിരുന്നതായി വിവരം. മലപ്പുറത്തെ സ്വര്‍ണ്ണക്കടത്ത് വിവരം അഭിമുഖത്തില്‍ ചേര്‍ക്കാനാവശ്യപ്പെട്ടത് കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരനും, മുന്‍ സിപിഎം എംഎല്‍എ ടി കെ ദേവകുമാറിന്‍റെ മകൻ സുബ്രഹ്മണ്യനുമാണെന്ന് വ്യക്തമായി. മറ്റ് രണ്ട് പ്രധാന പത്രങ്ങളെയും അഭിമുഖത്തിനായി പിആർ ഏജൻസി സമീപിച്ചിരുന്നു.

മുഖ്യമന്ത്രിക്കെന്തിന് പി ആര്‍ എന്ന ചോദ്യം സിപിഎം ഉയര്‍ത്തുമ്പോള്‍ ടോപ്പ് ക്ലയന്‍റിന്‍റെ അഭിമുഖ വേളയില്‍ സാന്നിധ്യമറിയിച്ചത് കൈസന്‍ ഗ്രൂപ്പിന്‍റെ സിഇഒ വിനീത് ഹാന്‍ഡെ. അഭിമുഖത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ഹാന്‍ഡെക്കൊപ്പമുണ്ടായിരുന്നത് പൊളിറ്റിക്കല്‍ വിംഗില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ടി ഡി സുബ്രഹ്മണ്യനും. സുബ്രഹ്മണ്യനാണ് അഭിമുഖത്തില്‍ ചേര്‍ക്കേണ്ട കൂടുതല്‍ വിവരങ്ങള്‍, അതായത് മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തിന്‍റേതടക്കം വിശദാംശങ്ങള്‍ ലേഖികക്ക് കൈമാറിയത്. അഭിമുഖത്തില്‍ പറയാന്‍ വിട്ടുപോയതാണെന്നും ഈ വിവരങ്ങള്‍ കൂടി വരേണ്ടതുണ്ടെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞതായാണ് വിവരം. റിലയന്‍സ് കമ്പനിയില്‍ ജോലി നോക്കുന്ന സുബ്രഹ്മണ്യന് കൈസൻ്റെ ഇത്തരം പ്രോജക്ടുളുമായി സഹകരിക്കാറുണ്ടെന്നാണ് വിശദീകരണം.

കൈസന്‍റെ 75 ശതമാനം ഓഹരികളുമുള്ള കമ്പനിക്ക് റിലയൻസുമായി ബന്ധമുണ്ട്. സുബ്രമണ്യൻ്റെ ഇടപെടലിന് ഇതും കാരണമാണ്. ദ ഹിന്ദുവിന് പുറമെ മറ്റ് രണ്ട് പത്രങ്ങളെയും ഇതേ ഏജൻസി അഭിമുഖത്തിന് സമീപിച്ചിരുന്നു. ദില്ലിയിലോ കേരളത്തിലോ ഇത് പിന്നീട് നല്കാം എന്ന് ഇവരെ പിന്നീട് അറിയിച്ചു. അഭിമുഖം വിവാദമായതോടെ ഓണ്‍ലൈനില്‍ ഇത് തിരുത്തണം എന്നാണ് ഏജൻസി മുഖേന മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആദ്യം അറിയിച്ചത്. എന്നാൽ ഇതിന് തയ്യാറാകാതെ വന്നതോടെയാണ് പ്രസ് സെക്രട്ടറി കുറിപ്പ് നല്‍കിയത്. കഴി‍ഞ്ഞ ലോക്സഭ തെരഞ്‍ഞെടുപ്പ് കാലത്തും പിണറായിക്കായി ഏജൻസികൾ മാധ്യമങ്ങളെ സമീപിച്ചിരുന്നു. കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നാണ് കൈസന്‍ ഗ്രൂപ്പിന്‍റെ പ്രതികരണം. കരാറിലടക്കമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്ത കൈസന്‍ സര്‍ക്കാര്‍ വിശദീകരിക്കട്ടയെന്നാണ് നിലപാടെടുക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios