താമിര്‍ ജിഫ്രിയെ കസ്റ്റഡിയിലെടുക്കാൻ ഉപയോഗിച്ചത് ഒന്നാം പ്രതിയായ പൊലീസുകാരന്റെ കാര്‍; സിബിഐ കസ്റ്റഡിയിലെടുത്തു

മലപ്പുറം താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച്  മമ്പുറം സ്വദേശി താമിര്‍ ജിഫ്രി  മരിച്ച കേസില്‍ നിര്‍ണായക നീക്കമാണ് സിബിഐയുടേത്

Thamir Jifri taken to custody in private car owned by policeman CBI seized it

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണക്കേസിൽ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയെ കസ്റ്റഡിയില്‍ എടുക്കാൻ ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയായ പൊലീസുദ്യോഗസ്ഥന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. സംഭവത്തിൽ ഓഫീസര്‍ റാങ്കിലുള്ള പൊലീസുദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുമെന്നാണ് വിവരം. അടുത്ത ദിവസം തന്നെ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ സിബിഐ വിളിപ്പിക്കും.

മലപ്പുറം താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച്  മമ്പുറം സ്വദേശി താമിര്‍ ജിഫ്രി  മരിച്ച കേസില്‍ നിര്‍ണായക നീക്കമാണ് സിബിഐയുടേത്. കേസിലെ ഒന്നാം പ്രതി താനൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര് ‍ സിപിഒ ആയിരുന്ന ജിനേഷാണ്. രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റ്യന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവരാണ്. ഇവരെല്ലാം ഇപ്പോൾ സിബിഐ അറസ്റ്റ് ചെയ്ത് റിമാന്റിലാണ്.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് താനൂരില്‍  പോലീസ്  കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കുഴഞ്ഞു വീണു മരിച്ചത്. ലഹരി മരുന്ന് കൈവശം വെച്ചതിന് താമിര്‍ ജിഫ്രിയേയും അഞ്ച് സുഹൃത്തുക്കളേയും മലപ്പുറം എസ്‌പിക്ക് കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫ് ടീം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് താമിര്‍  ജിഫ്രി മരിച്ചതെന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പ്രതിഷേധമുയര്‍ന്നു. ഡാന്‍സാഫ് ടീം താമിര്‍ ജിഫ്രിയെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം ഉയര്‍ന്നത്. പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. എന്നാല്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ കേസ് സിബിഐക്ക് കൈമാറുകായായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios