കൊവിഡ് കാലത്തെ ആത്മഹത്യ; ഇതുവരെ ജീവനൊടുക്കിയത് 11 പേർ, തലസ്ഥാനത്ത് മാത്രം 4 പേർ

ആരോഗ്യപ്രവർത്തകയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവഗണനയും ഒറ്റപ്പെടുത്തലുമാണ് വില്ലന്മാരെന്ന് മാനസികാരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

suicide increased in kerala on covid period

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ സംസ്ഥാനത്ത് ഇതുവരെ ആത്മഹത്യ ചെയ്തത് 11 പേർ. മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചവർക്ക് പുറമെ ദുരൂഹമായ മരണങ്ങളും ഇതിലുൾപ്പെടുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം മൂന്ന് പേരാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്തെ ബാർട്ടൻ ഹിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ചാടി നെടുമങ്ങാട് സ്വദേശി താഹ മരിച്ചിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന താഹ മാനസിക പ്രശ്നങ്ങൾ കാണിച്ചതോടെയാണ് സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റിയത്. താഹയുടെ മറവി രോഗമുള്ള പിതാവ് വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനെ നാട്ടുകാർ എതിർത്തതും ബന്ധുക്കളെ നിസ്സഹായരാക്കി. നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമ്പോൾ മാനസിക പിന്തുണ ആവശ്യമുള്ള രോഗിയാണ് എന്ന് അധികൃതരെ അറിയിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പക്ഷെ പിന്നീട് ബന്ധുക്കൾ അറിയുന്നത് താഹ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നുള്ള വിവരമാണ്.

താഹയുടേത് മാനസിക പ്രശ്നമായിരുന്നെങ്കിൽ മെഡിക്കൽ കോളേജിലെ നിരീക്ഷണ വാർഡിൽ തൂങ്ങി മരിച്ച സൈഫുദ്ദീന്റെ മരണം ദുരൂഹമായി തുടരുകയാണ്. വാരിയെല്ലും തോളെല്ലും പൊട്ടിയ നിലയിലായിരുന്ന സൈഫുദ്ദീൻ എങ്ങനെ തൂങ്ങി മരിക്കുമെന്നാണ് ബന്ധുക്കളുടെ സംശയം. മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി ഇവർ പൊലീസിന് പരാതിയും നൽകിയിട്ടുണ്ട്. അതിന് മുമ്പും മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യ ചെയ്ത രണ്ട് രോഗികൾക്കും ആവശ്യമായ ശ്രദ്ധ കിട്ടിയില്ലെന്ന പരാതിയുണ്ട്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലും നിരീക്ഷണത്തിലുള്ള ഓരോരുത്തർ വീതം ആത്മഹത്യ ചെയ്തു. നിരീക്ഷണത്തിലുള്ളയാളുടെ സമ്പർക്കത്തിലുള്ളവരുമായി അടുത്തിടപഴകിയെന്ന് പ്രചരിപ്പിച്ചതിനെ തുടർന്ന് കണ്ണൂരിൽ ഒരു ആരോഗ്യപ്രവർത്തകയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വിഷാദം, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ നേരിടുന്നവരിൽ കൊവിഡ് കാലത്തെ ഒറ്റപ്പെടലും അവഗണനയും കടുത്ത പിരിമുറുക്കമാണ് ഉണ്ടാക്കുന്നത്. ചെറിയ ഒരു ശ്രദ്ധകുറവ് പോലും അങ്ങനെയുള്ളവരെ അപകടത്തിലേക്ക് എത്തിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഓരോ ആത്മഹത്യയും പ്രത്യേക കേസുകളായി പഠിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. നിരീക്ഷണത്തിലുള്ളവർക്കും ചികിത്സയിലുള്ളവർക്കും ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിന് പ്രധാന കൊവിഡ് ആശുപത്രികളിൽ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും തുടരുന്ന ആത്മഹത്യകൾ സൂചിപ്പിക്കുന്നത് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൂടുതൽ ശ്രദ്ധ വേണമെന്നതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios