Asianet News MalayalamAsianet News Malayalam

കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

കുടുംബത്തിന്‌ പ്രതിവർഷം അഞ്ചു ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയിൽ 41.99 ലക്ഷം കുടുംബങ്ങൾ ഗുണഭോക്താക്കളാണ്‌. സ്‌റ്റേറ്റ്‌ ഹെൽത്ത്‌ ഏജൻസി വഴി നടപ്പാക്കിയ പദ്ധതിയിൽ, 1050 രൂപയാണ്‌ ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്‌.

state government has allocated an additional Rs 100 crore for the Karunya health and safety scheme
Author
First Published Jun 27, 2024, 5:29 AM IST

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി (കാസ്‌പ്‌) ക്ക്‌ 100 കോടി രൂപ കൂടി സംസ്ഥാന ധനകാര്യ വകുപ്പ് അനുവദിച്ചു. ഏപ്രിൽ ആദ്യം 150 കോടി രൂപ പദ്ധതിക്കായി നൽകിയിരുന്നു. രണ്ടാം പിണറായി വിജയൻ സർക്കാർ 2,795 കോടി രൂപയാണ്‌ പദ്ധതിക്കായി ഇതുവരെ നൽകിയിട്ടുള്ളത്‌. ഇതിൽ വർഷം 151 കോടി രൂപ മാത്രമാണ്‌ കേന്ദ്ര സർക്കാർ വിഹിതമെന്ന് മന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. ദരിദ്രരും ദുർബലരുമായ 42 ലക്ഷത്തോളം വരുന്ന കുടുംബങ്ങളുടെ ചികിത്സയ്‌ക്കായാണ്‌ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി.
 
കുടുംബത്തിന്‌ പ്രതിവർഷം അഞ്ചു ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയിൽ 41.99 ലക്ഷം കുടുംബങ്ങൾ ഗുണഭോക്താക്കളാണ്‌. സ്‌റ്റേറ്റ്‌ ഹെൽത്ത്‌ ഏജൻസി വഴി നടപ്പാക്കിയ പദ്ധതിയിൽ, 1050 രൂപയാണ്‌ ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്‌. ഇതിൽ 23.97 ലക്ഷം കുടുംബങ്ങൾക്ക്‌ മാത്രമാണ്‌ കേന്ദ്ര സഹായമുള്ളത്‌. 631.20 രൂപ വീതമാണ്‌ ഓരോ കുടുംബത്തിനും കേന്ദ്രത്തിൽ നിന്ന്‌ ലഭിക്കുക. ഈ കുടുംബങ്ങൾക്ക്‌ ബാക്കി തുകയും 18.02 ലക്ഷം പേരുടെ പ്രീമിയത്തിന്റെ മുഴുവൻ തുകയും സംസ്ഥാനസർക്കാരാണ്‌ നൽകുന്നത്‌.

197 സർക്കാർ ആശുപത്രി, നാല്‌ കേന്ദ്ര സർക്കാർ ആശുപത്രി, 364 സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലായി കേരളത്തിലുടനീളം പദ്ധതിയുടെ സേവനം ലഭ്യമാണ്. മരുന്നുകൾ, അനുബന്ധ വസ്തുക്കൾ, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തിയറ്റർ ചാർജുകൾ, ഐസിയു ചാർജ്, പരിശോധനകൾ എന്നിവയും ഇതിൽ ഉൾപ്പെടും. കാസ്‌പ്സ്‌ ഗുണഭോക്താക്കൾ അല്ലാത്ത, മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനവുമുള്ള കുടുംബങ്ങൾക്ക് ഒറ്റത്തവണത്തേക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ സ്‌കീം ഉണ്ട്‌. കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്ക് മൂന്നു ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ലഭ്യമാകും.

ഗുജറാത്തിലെ ബിൽ ഇതാ...; രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ചാർജ് കേരളത്തിലാണോ? കെഎസ്ഇബി വിശദീകരണം

സന്ധ്യയായാൽ കൂട്ടത്തോടെ ചിറകടികളും കരച്ചിലും; ഒടുവിൽ പ്രശ്നം വച്ച് നോക്കി, മരത്തിന്‍റെ ചില്ല കോതാൻ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios