കൊവിഡ് വിശകലനത്തിന് ശേഖരിച്ച ഡാറ്റ നശിപ്പിച്ചെന്ന് സ്പ്രിംക്ലര്‍ ഹൈക്കോടതിയിൽ

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഡാറ്റാ നശിപ്പിക്കാൻ സ്പ്രിംക്ലറിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു

Sprinkler claims  data collected for covid 19 analysis has been deleted

കൊച്ചി: കൊവിഡ് 19 മായി ബന്ധപ്പെട്ട വിശകലനത്തിന് ശേഖരിച്ച ഡാറ്റാ മുഴുവൻ നശിപ്പിച്ചെന്ന് സ്പ്രിംക്ലര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഡാറ്റാ നശിപ്പിക്കാൻ സ്പ്രിംക്ലറിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാറിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ്  ബാക്ക് അപ് ഡാറ്റയടക്കം എല്ലാ വിവരങ്ങളും നശപിപ്പിച്ചതെന്ന് കമ്പനി നൽകിയ സത്യവാങ്മൂലത്തിൽ അറിയിക്കുന്നു.

കൊവിഡ് രോഗികളുടെ വിവര വിശകലനത്തിനായി ശേഖരിച്ച എല്ലാ ഡാറ്റയും നശിപ്പിച്ചുകളയണമെന്ന് ഏപ്രിൽ 24 നുള്ള ഇടക്കാല ഉത്തരവിൽ ഹൈക്കോടതി നിർദ്ദശിച്ചിരുന്നു. എന്നാൽ ബാക് അപ് ഡാറ്റയക്കമുള്ള കാര്യങ്ങളിൽ ഉത്തരവിൽ വ്യക്തതയില്ലെന്ന് ചൂണ്ടികാട്ടി സ്പ്രിംക്ലര്‍ ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകി. സർക്കാരുമായാണ് കമ്പനിയ്ക്ക് കരാർ എന്നും  സർക്കാർ നിർദ്ദേശമില്ലാതെ ബാക് അപ് ഡാറ്റ നശിപ്പിക്കുന്നത് കരാർ ലംഘനമാകുമെന്നും ഇക്കാര്യത്തിൽ വ്യക്തതവേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ഇതിനിടെയാണ് മെയ് 16ന്  ബാക് അപ് ഡാറ്റ അടക്കം പെർമനന്ർറായി നശിപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ഈ കത്തിന്‍റെ അടിസ്ഥാനത്തിൽ എല്ലാ വിവരങ്ങളും നശിപ്പിച്ചതായി കമ്പനി കോടതിയെ അറിയിച്ചു.

ഉത്തരവിൽ വ്യക്തതതേടി സമർപ്പിച്ച ഹർ‍ജി പിൻവലിക്കാൻ അനുവദിക്കണമെന്നും സത്യവാങ്മൂലത്തിൽ സ്പ്രിംക്ലര്‍ അറിയിക്കുന്നു.  കേരളത്തിലെ കൊവിഡ് രോഗികളുടെ വിവര ശേഖരണവും വിശകലനവും സ്പ്രിംക്ലര്‍ സോഫ്റ്റ് വെയർ ഉപയോഗിച്ച്  സി ഡിറ്റ് നിയന്ത്രിക്കുമെന്നും ഡാറ്റ സുരക്ഷിതമാണെന്നും സർക്കാരും കോടതിയെ അറിയിച്ചിരുന്നു. ആപ്ളിക്കേഷൻ അപ്ഡേഷന് മാത്രമാകും ഇനി  സ്പ്രിംക്ലര്‍ ഉദ്യോഗസ്ഥർക്ക് സർവ്വറിലേക്ക് പ്രവേശനമുണ്ടാകുകയെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിലും അറിയിച്ചിട്ടുണ്ട്.

 

Latest Videos
Follow Us:
Download App:
  • android
  • ios