എന്താണത്? എല്ലാവർക്കും സംശയം; ബാഗ് തുറന്ന് സ്പീക്കർ പുറത്തെടുത്ത് പൊളിച്ചു; കിട്ടിയത് രണ്ട് കിലോയിലേറെ സ്വർണം
ബാഗേജ് സ്ക്രീൻ ചെയ്തപ്പോൾ, അതിനകത്തുണ്ടായിരുന്ന സ്പീക്കറിനകത്ത് മെറ്റൽ എന്ന് സംശയം തോന്നുന്ന എന്തോ വസ്തു ഉള്ളതായി കണ്ടു
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. സ്പീക്കറിനുള്ളിലും ശരീരത്തിലുമായി ഒളിപ്പിച്ച് കടത്തിയ ഒന്നേ കാൽ കോടി രൂപയിലേറെ വിലമതിക്കുന്ന സ്വർണം വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗമാണ് പിടിച്ചത്. ഷാർജയിൽ നിന്നും വന്ന പാലക്കാട് സ്വദേശി റഫീഖാണ് സ്വർണം കടത്തിയത്.
ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോൾ, അതിനകത്തുണ്ടായിരുന്ന സ്പീക്കറിനകത്ത് മെറ്റൽ എന്ന് സംശയം തോന്നുന്ന എന്തോ വസ്തു ഉള്ളതായി കണ്ടു. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്പീക്കർ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചു. പിന്നീട് ബാഗ് തുറന്ന് സ്പീക്കർ പുറത്തെടുത്ത് പൊളിച്ച് നോക്കിയപ്പോഴാണ് ഇതിനകത്ത് സ്വർണം കണ്ടെത്തിയത്.
ആകെ 1599 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് സ്പീക്കറിനകത്ത് ഒളിപ്പിച്ച് കടത്തിയത്. തുടർന്ന് റഫീഖിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. ഇയാളുടെ ശരീരത്തിലും സ്വർണം ഉണ്ടായിരുന്നു. നാല് പാക്കറ്റുകളിലായി സൂക്ഷിച്ച സ്വർണമാണ് ഇയാളുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. ഇതിന് 683 ഗ്രാം തൂക്കമുണ്ടായിരുന്നു. പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.