കര്‍ണാടക സ്വദേശിയായ ഡോക്ടര്‍ക്ക് രോഗം; താമരശ്ശേരി ആശുപത്രിയിലെ 6 ജീവനക്കാര്‍ നിരീക്ഷണത്തില്‍
മെയ് അഞ്ചിന് ഡോക്ടര്‍ കേരളത്തില്‍ നിന്നും തിരികെ പോയിരുന്നു.
കോഴിക്കോട്: കര്‍ണാടകയിലേക്ക് പോയ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ താമരശേരി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന ആറുപേരെ ക്വാറന്‍റൈനിലാക്കി. കൂടുതല്‍ പേരുമായി ഡോക്ടര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ എന്നറിയാന്‍ ആശുപത്രിയില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി.
ഈ മാസം അഞ്ചിനാണ് ഈങ്ങാപ്പുഴയില്‍ നിന്നും ഡോക്ടര്‍ ബെംഗളൂരുവിലേക്ക് പോയത്. പതിനാലിന് എടുത്ത സാമ്പിളുകളുടെ ഫലം ഇന്നലെ എത്തിയപ്പോഴാണ് കൊവിഡ് പോസിറ്റിവെന്ന് സ്ഥിരീകരിച്ചത്. ഇതോടെ വിവരം കോഴിക്കോട് ആരോഗ്യവകുപ്പിനെ അറിയിച്ചു. വീട്ടിലെത്തിയ അന്നുമുതല്‍ റൂം ക്വാറന്‍റൈനായതിനാല്‍ വൈറസ് കേരളത്തില്‍ നിന്നും ലഭിച്ചതെന്നാണ് ഡോക്ടറുടെ നിഗമനം. രോഗലക്ഷണങ്ങള്‍ കാണിക്കാതെ രോഗവാഹകരായി കഴിയുന്ന ജിവനക്കാര്‍ ആശുപത്രിയിലുണ്ടാകാമെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നു.
റിസപ്ഷനിസ്റ്റ്, നഴ്‍സ് എന്നിവരുമായി നിരന്തരം സമ്പര്‍ക്കമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലേക്ക് ഡോക്ടറെ കോണ്ടുപോയ ടാക്സി ഡ്രൈവറുടെ സാമ്പിളുകള്‍ പരിശോധനക്കയക്കും. ഇയാളിപ്പോള്‍ ക്വാറന്‍റൈനിലാണ്. കൂടുതല്‍ പേര്‍ ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി.