സ്വകാര്യ ഹോട്ടലിന്‍റെ ഇരുമ്പ് തൂണുകൾ അടർന്ന് വീണു; കോഴിക്കോട്ട് സ്കൂൾ തകർന്നു
അഞ്ച്, ആറ് ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് ഇരുമ്പ് തൂൺ അടർന്ന് വീണത്. കോഴിക്കോട് ജില്ലയിൽ ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു.
കോഴിക്കോട്: കോഴിക്കോട് കല്ലായി റോഡില്‍ സ്വകാര്യ ഹോട്ടലിന്‍റെ കൂറ്റന്‍ ഇരുമ്പ് തൂണുകൾ വീണ് ഗണപത് ബോയ്സ് സ്കൂള്‍ കെട്ടിടം തകര്‍ന്നു. സ്കൂളിന് അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി. രാവിലെ 10:30 യോടെയാണ് സംഭവമുണ്ടായത്. അഞ്ച്, ആറ് ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടടിത്തിന് മുകളിലേക്കാണ് ഇരുമ്പ് തൂൺ അടർന്നു വീണത്. അപകടത്തിൽ കെട്ടിടത്തിന്‍റെ മേൽക്കുര പൂർണ്ണമായും തകർന്നു.
അറുപതോളം കുട്ടികളാണ് ഈ രണ്ട് ക്ലാസുകളിലുമായി പഠിക്കുന്നത്. കോഴിക്കോട് ജില്ലയിൽ ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. സ്കൂളിന്‍റെ പ്രധാന കെട്ടിടത്തിന് മുമ്പിലേക്കും ഒരു ഇരുമ്പ് തൂൺ പതിച്ചു. അപകടം നടക്കുന്ന സമയത്ത് ആരും സ്കൂളിൽ ഉണ്ടായിരുന്നില്ല. വുഡീസ് എന്ന സ്വകാര്യ ഹോട്ടലിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ച ഇരുമ്പ് തൂണുകളാണ് സ്കൂളിന് മുകളിൽ പതിച്ചത്.
അനധികൃത നിർമ്മാണമാണ് ഹോട്ടൽ നടത്തിയിരുന്നതെന്നും ഉടൻ നടപടി വേണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.