അനുനയ നീക്കങ്ങൾക്കും വഴങ്ങാതെ സന്ദീപ് വാര്യർ; മനസ് ശൂന്യം, ഇനി എന്തെന്ന് തീരുമാനിച്ചില്ലെന്നും പ്രതികരണം
ജയകുമാർ തനിക്ക് ഗുരുതുല്യനാണെന്നും കാര്യങ്ങൾ അദ്ദേഹത്തോട് തുറന്ന് പറഞ്ഞുവെന്നും അറിയിച്ച സന്ദീപ്, കെ സുരേന്ദ്രൻ സംസാരിച്ചിരുന്നെങ്കിൽ കൂടൂതൽ സന്തോഷമായേനെയെന്നും പറഞ്ഞു.
പാലക്കാട്: തന്റെ മനസ് ശൂന്യമെന്നും ഇനി എന്തെന്ന് തീരുമാനിച്ചിട്ടില്ലെന്നും ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യർ. സന്ദീപിനെ അനുനയിപ്പിക്കാൻ വീട്ടിലെത്തിയ ആർഎസ്എസ് വിശേഷ് സമ്പർക് പ്രമുഖ് എ ജയകുമാർ, ബിജെപി നേതാവ് പി.ആർ ശിവശങ്കർ എന്നിവരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സന്ദീപ് വാര്യർ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്നെ സ്വാഗതം ചെയ്ത സിപിഎം നേതാക്കളോട് സ്‍നേഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യരുടെ വീട്ടിലെത്തിയ എ ജയകുമാറും പി.ആർ ശിവശങ്കറും അടച്ചിട്ട മുറിയിൽ സന്ദീപുമായി ചർച്ച നടത്തി. പാർട്ടി വിടരുതെന്ന് ആവശ്യപ്പെടാനാണ് നേതാക്കളെത്തിയതെങ്കിലും ചർച്ചയിൽ സന്ദീപിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല. നിലപാടിൽ മാറ്റമില്ലെന്ന് സന്ദീപ് ഇവരെ അറിയിച്ചതായാണ് സൂചന. ജയകുമാർ തനിക്ക് ഗുരുതുല്യനാണെന്നും കാര്യങ്ങൾ അദ്ദേഹത്തോട് തുറന്ന് പറഞ്ഞുവെന്നും സന്ദീപ് പറഞ്ഞു. കെ സുരേന്ദ്രൻ സംസാരിച്ചിരുന്നെങ്കിൽ കൂടൂതൽ സന്തോഷമായേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടകര കുഴൽപ്പണക്കേസിന്റെ കുരുക്കിനിടെയാണ് ബിജെപിയെ കൂടുതൽ വെട്ടിലാക്കി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യർ കടുത്ത വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി പാർട്ടിയോട് ഇടഞ്ഞ സന്ദീപ് ഇത്ര പെട്ടെന്ന് പരസ്യനിലപാട് എടുക്കുമെന്ന് നേതാക്കൾ കരുതിയിരുന്നില്ല. ശക്തമായ പോരാട്ടം നടക്കുന്ന പാലക്കാട്ടെ സ്ഥാനാർത്ഥിയെയും സംസ്ഥാന നേതൃത്വത്തെയും വിമർശിച്ച സന്ദീപിൻറെ നടപടി കടുത്ത അച്ചടക്കലംഘനമായി പാർട്ടി കാണുന്നതിനിടെയാണ് ബിജെപി-ആർഎസ്എസ് നേതാക്കളുടെ സന്ദർശനം.
സിപിഎം നേതാക്കളുമായി സന്ദീപ് ആശയവിനിമയം നടത്തിയെന്ന വിവരം ബിജെപി നേതാക്കൾക്കുണ്ട്. സരിൻറെ വഴിയെ സന്ദീപും എത്തട്ടെ എന്നാണ് സിപിഎം നിലപാട്. ബിജെപി വിടുമെന്ന് സന്ദീപ് അറിയിച്ചാൽ അപ്പോൾ സ്വീകരിക്കാനാണ് തീരുമാനം. എൻഡിഎ കൺവെൻഷൻ വേദിയിൽ സീറ്റ് കിട്ടാത്തതല്ല സന്ദീപിൻറെ യഥാർത്ഥ പ്രശ്നം. ആഗ്രഹിച്ചിരുന്ന പാലക്കാട് സീറ്റ് നൽകാത്തത് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചു. നേരത്തെ ചില പരാതികളുടെ പേരിൽ സന്ദീപിനെ പാർട്ടി വക്താവ് സ്ഥാനത്ത് നിന്നടക്കം ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃ നിരയിലേക്ക് എത്തിക്കാൻ മുൻകൈയ്യെടുത്തത്. സന്ദീപിനെതിരെ അച്ചടക്ക നടപടി വേണമെന്നാണ് ബിജെപിയിൽ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം