സന്ദീപിനെ അനുനയിപ്പിക്കാൻ ആർഎസ്എസ് - ബിജെപി നേതാക്കൾ വീട്ടിലെത്തി: അടച്ചിട്ട മുറിയിൽ ചർച്ച
ആർഎസ്എസ് വിശേഷ് സമ്പർക് പ്രമുഖ് എ ജയകുമാറിൻ്റെ നേതൃത്വത്തിലാണ് സന്ദീപിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നത്
പാലക്കാട്: ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് പരസ്യ നിലപാടെടുത്ത സന്ദീപ് ജി വാര്യരെ അനുനയിപ്പിക്കാൻ ആർഎസ്എസ് ഇടപെടൽ. ആർഎസ്എസ് വിശേഷ് സമ്പർക് പ്രമുഖ് എ ജയകുമാർ, ബിജെപി നേതാവ് പി.ആർ ശിവശങ്കർ തുടങ്ങിയ നേതാക്കൾ സന്ദീപിൻ്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയിലായിരുന്നു ചർച്ച. പാർട്ടി വിടരുതെന്ന് ആവശ്യപ്പെടാനാണ് നേതാക്കളെത്തിയത്.
കൊടകര കുഴൽപ്പണക്കേസിൻറെ കുരുക്കിനിടെയാണ് ബിജെപിയെ കൂടുതൽ വെട്ടിലാക്കി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യർ കടുത്ത വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി പാർട്ടിയോട് ഇടഞ്ഞ സന്ദീപ് ഇത്ര പെട്ടെന്ന് പരസ്യനിലപാട് എടുക്കുമെന്ന് നേതാക്കൾ കരുതിയിരുന്നില്ല. ശക്തമായ പോരാട്ടം നടക്കുന്ന പാലക്കാട്ടെ സ്ഥാനാർത്ഥിയെയും സംസ്ഥാന നേതൃത്വത്തെയും വിമർശിച്ച സന്ദീപിൻറെ നടപടി കടുത്ത അച്ചടക്കലംഘനമായി പാർട്ടി കാണുന്നതിനിടെയാണ് ബിജെപി-ആർഎസ്എസ് നേതാക്കളുടെ സന്ദർശനം.
സിപിഎം നേതാക്കളുമായി സന്ദീപ് ആശയവിനിമയം നടത്തിയെന്ന വിവരം ബിജെപി നേതാക്കൾക്കുണ്ട്. സരിൻറെ വഴിയെ സന്ദീപും എത്തട്ടെ എന്നാണ് സിപിഎം നിലപാട്. ബിജെപി വിടുമെന്ന് സന്ദീപ് അറിയിച്ചാൽ അപ്പോൾ സ്വീകരിക്കാനാണ് തീരുമാനം. എൻഡിഎ കൺവെൻഷൻ വേദിയിൽ സീറ്റ് കിട്ടാത്തതല്ല സന്ദീപിൻറെ യഥാർത്ഥ പ്രശ്നം. ആഗ്രഹിച്ചിരുന്ന പാലക്കാട് സീറ്റ് നൽകാത്തത് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചു. നേരത്തെ ചില പരാതികളുടെ പേരിൽ സന്ദീപിനെ പാർട്ടി വക്താവ് സ്ഥാനത്ത് നിന്നടക്കം ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃ നിരയിലേക്ക് എത്തിക്കാൻ മുൻകൈയ്യെടുത്തത്. സന്ദീപിനെതിരെ അച്ചടക്ക നടപടി വേണമെന്നാണ് ബിജെപിയിൽ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെടുന്നത്.