Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസിനെ വെട്ടിലാക്കി വാർത്താസമ്മേളനം; എകെ ഷാനിബിനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി

കോൺ​ഗ്രസിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് എകെ ഷാനിബ് ഉന്നയിച്ചത്. ഉപതെര‍ഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെ സരിന് പിന്നാലെ എകെ ഷാനിബും പരസ്യമായി രം​ഗത്തുവന്നത് കോൺ​ഗ്രസിനെ വെട്ടിലാക്കിയിരുന്നു. 

press conference against Congress AK Shanib was expelled from the Congress party in palakkad
Author
First Published Oct 19, 2024, 9:06 PM IST | Last Updated Oct 19, 2024, 9:10 PM IST

പാലക്കാട്: പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ കോൺ​ഗ്രസിൽ നിന്നും പുറത്താക്കി. സംഘടനാ വിരുദ്ധപ്രവർത്തനവും അച്ചടക്കലംഘനവും കാട്ടിയതിനെ തുടർന്ന് കോൺ​ഗ്രസിൻ്റെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റി അറിയിച്ചു. കോൺ​ഗ്രസിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് എകെ ഷാനിബ് ഉന്നയിച്ചത്. ഉപതെര‍ഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെ സരിന് പിന്നാലെ എകെ ഷാനിബും പരസ്യമായി രം​ഗത്തുവന്നത് കോൺ​ഗ്രസിനെ വെട്ടിലാക്കിയിരുന്നു. 

തുടർ ഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് - വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും എകെ ഷാനിബ് ആരോപിച്ചിരുന്നു. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരെന്നും കരാറിൻ്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്നും ഷാനിബ് പറഞ്ഞു. ആറന്മുളയിൽ അടുത്ത തെരെഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു. താൻ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ഷാനിബ് വ്യക്തമാക്കി. ഡ‍ോ. പി സരിൻ്റെ വിജയത്തിനായി ഇനി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പാലക്കാട് ഒരു സമുദായത്തിൽപെട്ട നേതാക്കളെ കോൺഗ്രസ് പൂർണമായും തഴയുകയാണെന്ന് ഷാനിബ് വിമ‍ർശിച്ചു. ആ സമുദായത്തിൽ നിന്ന് താൻ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിൻ്റെ നിലപാട്. എതിർ നിലപാട് പറഞ്ഞാൽ ഫാൻസ് അസോസിയേഷൻകാരെക്കൊണ്ട് അപമാനിക്കും. ഷാഫി പറമ്പിലിനു വേണ്ടി യൂത്ത് കോൺഗ്രസ് തെരെഞ്ഞടുപ്പ് രീതി തന്നെ മാറ്റി. ഉമ്മൻ ചാണ്ടി അസുഖബാധിതനായതോടെയാണ് ഷാഫി പറമ്പിൽ കൂടുതൽ തലപൊക്കിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മൻചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചു. ഷാഫി പറമ്പിൽ അത് അട്ടിമറിച്ച് വിഡി സതീശനൊപ്പം നിന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി വിഡി സതീശൻ ആർഎസ്എസിൻ്റെ കാല് പിടിക്കുകയാണെന്ന് പറഞ്ഞ ഷാനിബ് വാർത്താസമ്മേളനത്തിനിടെ വിതുമ്പി.

വ്യക്തിപരമായ നേട്ടത്തിനല്ല പാർട്ടി വിടുന്നത്. ഉമ്മൻചാണ്ടി സാറ് പോയ ശേഷം പാർട്ടിയിൽ പരാതി പറയാൻ ആളില്ലാത്ത സ്ഥിതിയാണ്. പരാതി പറയുമ്പോൾ അത് കേൾക്കാനാളില്ല. നിവൃത്തികേട് കൊണ്ടാണ് പലരും പാർട്ടിയിൽ മിണ്ടാതെ നിൽക്കുന്നത്. രാഷ്ട്രീയ വഞ്ചനയുടെ കഥയാണ് ഈ പാർട്ടിയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട്ടെ പല കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്. ഉപതെരെഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ തോൽക്കും. കോൺഗ്രസ് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഡോ. പി സരിനെ പിന്തുണക്കും. സിപിഎമ്മിലോ മറ്റേതെങ്കിലും പാ‍ർട്ടിയിലോ ഇപ്പോൾ ചേരാൻ തീരുമാനിച്ചിട്ടില്ലെന്നും ഷാനിബ് വ്യക്തമാക്കി. 

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios