മുന്നണികളിൽ പോസ്റ്റർ യുദ്ധം, പാർട്ടി പരിഗണിച്ച സ്ഥാനാർത്ഥികളെ വേണ്ടെന്ന് അണികൾ
കളമശ്ശേരി മണ്ഡലത്തിൽ എൽഡിഎഫിനുള്ളിലാണ് പോസ്റ്റർ യുദ്ധം. എൽഡിഎഫ് പി രാജീവിനെ സ്ഥാനാർത്ഥിയാക്കരുതെന്നും സിഐടിയു നേതാവ് കെ ചന്ദ്രൻപിള്ളയെ കളമശ്ശേരിക്ക് വേണമെന്നുമാണ് പോസ്റ്റർ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുന്നതിനിടെ എൽഡിഎഫ്-യുഡിഎഫ് മുന്നണികളിൽ പോസ്റ്റർ യുദ്ധം. സ്ഥാനാർത്ഥികളായി മുന്നണികളും പാർട്ടികളും പരിഗണിക്കുന്നവർക്കെതിരെയാണ് പോസ്റ്ററുകളുയരുന്നത്.
കളമശ്ശേരി മണ്ഡലത്തിൽ എൽഡിഎഫിനുള്ളിലാണ് പോസ്റ്റർ യുദ്ധം. എൽഡിഎഫ് പി രാജീവിനെ സ്ഥാനാർത്ഥിയാക്കരുതെന്നും സിഐടിയു നേതാവ് കെ ചന്ദ്രൻപിള്ളയെ കളമശ്ശേരിക്ക് വേണമെന്നുമാണ് പോസ്റ്റർ. പ്രബുദ്ധതയുള്ള കമ്മ്യൂണിസ്റ്റ്കാർ പ്രതികരിക്കും, തുടർ ഭരണം കേരള ജനതയുടെ സ്വപ്നം. ചന്ദ്രൻപിള്ള കളമശ്ശേരിയുടെ സ്വപ്നം, വെട്ടി നിരത്തൽ എളുപ്പമാണ് വോട്ട് പിടുക്കാനാണ് പാട്, പി രാജീവിനെ വേണ്ട ചന്ദ്രൻപിള്ളയെ മതി തുടങ്ങിയ വാചകങ്ങൾ ആണ് പോസ്റ്ററുകളിൽ ഉള്ളത്.
വ്യവസായ മേഖലയായ എലൂരിലെ പാർട്ടി ഓഫീസിന് എതിർ വശത്തും, മുനിസിപ്പാലിറ്റി ഓഫീസിനു മുൻപിലും. കളമശ്ശേരി പാർട്ടി ഓഫീസ് മുൻ ഭാഗത്തുമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. കളമശ്ശേരിയിൽ ഇടത് സ്‌ഥാനാർതിയായി ട്രേഡ് യൂണിയൻ നേതാവും മുൻ എം പിയുമായ ചന്ദ്രൻ പിള്ളയെ നേരത്തെ പരിഗണിച്ചിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തിന് പകരം പി രാജീവിനെ സ്‌ഥാനാർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണം.
കഴക്കൂട്ടത് കോൺഗ്രസ് പരിഗണിക്കുന്ന ഡോ. എസ് എസ് ലാലിനെതിരെയാണ് പോസ്റ്ററുകൾ. ഇറക്കുമതി സ്ഥാനാർത്ഥിയെ കഴക്കൂട്ടത്തിന് വേണ്ട, പ്രൊഫഷണലുകളെ വേണ്ട, ഇറക്കുമതി സ്ഥാനാർത്ഥിയെ കഴക്കൂട്ടത്തിറക്കുന്നത് ബിജെപിക്ക് വോട്ട് കൊടുക്കാൻ വേണ്ടിയോ എന്നാണ് പോസ്റ്ററിലൂടെ ഒരുവിഭാഗം ഉയർത്തുന്ന ചോദ്യം.
കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എൻസിപിയിലെ എകെ. ശശീന്ദ്രനെതിരെയാണ് പോസ്റ്റർ. ശശീന്ദ്രനെ മത്സരിപ്പിക്കരുത്. മണ്ഡലത്തിൽ പുതുമുഖത്തിന് സീറ്റ് നൽകി മത്സരിപ്പിക്കണം. ഫോൺ വിളി വിവാദം മറക്കരുതെന്നുമാണ് പോസ്റ്ററിൽ. സേവ് എൻസിപി എന്ന പേരിലാണ് പോസ്റ്ററുകളുള്ളത്.
പുതുക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ വ്യാപക പോസ്റ്ററുകളുയർന്നു. കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെ വേണ്ടെന്നാണ് പോസ്റ്റുകളിൽ പറയുന്നത്. സേവ് കോൺഗ്രസ്- സേവ് പുതുക്കാട് എന്ന പേരിലാണ് പോസ്റ്ററുകൾ.