പൂജപ്പുര ജയിലിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 145 പേർക്ക്, രോഗബാധിതർ 363 ആയി
144 തടവുകാരും ഒരു ഉദ്യോഗസ്ഥനുമാണ് രോഗബാധയെന്നാണ് വിവരം. നാളെയോടെ പരിശോധന പൂർത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെയും ജയിൽ അധികൃതരുടേയും തീരുമാനം.
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്ന് 145 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 298 പേരിൽ നടത്തിയ പരിശോധനയിലാണ് 145 പേർക്ക് രോഗബാധയുണ്ടായെന്ന് സ്ഥിരീകരിച്ചത്. 144 തടവുകാരും ഒരു ഉദ്യോഗസ്ഥനുമാണ് രോഗബാധയെന്നാണ് വിവരം. നാളെയോടെ പരിശോധന പൂർത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെയും ജയിൽ അധികൃതരുടേയും തീരുമാനം. 900ൽ അധികം അന്തേവാസികളാണ് ജയിലിലുള്ളത്.
സെൻട്രൽ ജയിലിൽ ആദ്യം രോഗബാധ സ്ഥിരീകരിച്ച തടവുകാരൻ ഉൾപ്പടെ നാല് പേർ തിരുവനന്തപുരത്ത് ഇന്ന് മരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 72 വയസ്സായിരുന്നു. കടുത്ത ആസ്മ രോഗിയായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങളോടെ 11 നാണ് മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചത്. മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. പ്രായമേറിയവരും രോഗപ്രതിരോധ ശേഷിയും കുറഞ്ഞവരാണ് കൂടുതൽ അന്തേവാസികളുമെന്നതിനാൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.
ചിറയൻീകീവ് പരവൂരിൽ വെള്ളിയാഴ്ച മരിച്ച 76കാരിയായ കമലമ്മയുടെ ആർടിപിസിആർ ഫലമാണ് ഇന്ന് രോഗംസ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധനഫലം നെഗറ്റീവായിരുന്നതിനെ തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും സംസ്കരിക്കുകയും ചെയ്തിരുന്നു. ശ്വാസകോശ രോഗത്തെ തുടർന്ന് ഇന്നലെ രാത്രി മരിച്ച 58കാരിയായ രമാദേവിയുടെ പരിശോധഫലവും പോസിറ്റീവാണ്. വെട്ടൂർ സ്വദേശിയായ മഹദാണ് തിരുവനന്തപുരത്ത് മരിച്ച നാലാമത്തെയാൾ.