തിരുനെല്ലിയിലെ ഭക്ഷ്യ കിറ്റ്: കോൺഗ്രസിന് തിരിച്ചടി; കോടതി അനുമതിക്ക് പിന്നാലെ പൊലീസ് കേസെടുത്തു

കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടിൻ്റെ സ്ഥാപനത്തിൽ നിന്ന് പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രം പതിച്ച ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ പോലീസ് കേസെടുത്തു

police registers FIR on Tirunelli Congress food kit controversy

കൽപ്പറ്റ: വയനാട് ജില്ലയിലെ തിരുനെല്ലിയിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഫ്ലയിങ് സ്ക്വാഡാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്ന് കിറ്റുകൾ പിടിച്ചെടുത്തത്. കേസെടുക്കുന്നതിന് പോലീസിന് മാനന്തവാടി കോടതി അനുമതി നൽകിയിരുന്നു. പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രം പതിച്ച കിറ്റുകളാണ് പിടിച്ചെടുത്തത്. പ്രളയ ദുരന്ത ബാധിതർക്ക് നൽകാനായി പാർട്ടി നൽകിയ കിറ്റുകളെന്നാണ് കോൺഗ്രസ് വിശദീകരണം.

തിരുനെല്ലി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്  ശശികുമാറിന്‍റെ വീടിനോട് ചേർന്ന മില്ലിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തി കിറ്റുകള്‍ പിടിച്ചെടുത്തത്. രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി  സിദ്ധരാമയ്യ, ഡികെ ശിവകുമാ‍ർ തുടങ്ങിയവരുടെ ചിത്രം പതിച്ച ഭക്ഷ്യസാധനങ്ങളായിരുന്നു ചിലത്. ഉരുള്‍പ്പൊട്ടല്‍ ദുരന്ത സഹായമെന്നും കിറ്റുകളിലുണ്ട്. വയനാട് ഡിസിസിയുടെ പേരിലുള്ള കിറ്റുകളും ഇതോടൊപ്പം ഉണ്ട്. .  വോട്ടർമാരെ സ്വാധീനിക്കാനായി വിതരണം ചെയ്യുന്ന കിറ്റുകളാണെന്നും ജനാധിപത്യ വിരുദ്ധ നടപടിയെന്നും എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി വിമർശിച്ചിരുന്നു.

എന്നാല്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിതരണത്തിന് എത്തിച്ച കിറ്റുകളാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത‍ർക്ക് പുറമെ പ്രളയബാധിത‍ർക്കും കിറ്റുകള്‍ നല്‍കുന്നുണ്ട്.  തെരഞ്ഞെടുപ്പായതിനാല്‍ വിതരണം ചെയ്യാതെ കിറ്റുകള്‍ സൂക്ഷിച്ച സ്ഥലത്ത് നിന്നാണ് ഇത് പിടിച്ചെടുത്തതെന്നും എംഎല്‍എ ടി സിദ്ധിഖ് പറഞ്ഞു. സംഭവത്തില്‍ സിപിഎം സ്ഥലത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സിപിഎം നേതാവ് പി ജയരാജനും തിരുനെല്ലിയില്‍ പ്രതിഷേധിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios