'ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല'; കീം പരീക്ഷ നടത്തിപ്പില്‍ മുഖ്യമന്ത്രി
ആശങ്കപ്പെടേണ്ടതായ സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കീം പരീക്ഷ നടത്തിപ്പില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കീം പരീക്ഷ എഴുതിയ മൂന്ന് കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യന്ത്രിയുടെ പ്രതികരണം
സംസ്ഥാനത്ത് 88500 കുട്ടികളാണ് പരീക്ഷ എഴുതിയത്. തിരുവനന്തപുരം ജില്ലയിലെ 38 സെന്‍ററുകളില്‍ ഒരു സെന്‍ററിലാണ് ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടിയത് . ഇന്ന് രോഗബാധയുണ്ടായവര്‍ പരീക്ഷ എഴുതിയത് അവിടെയല്ല. അവര്‍ മറ്റ് സെന്‍ററുകളിലാണ് പരീക്ഷ എഴുതിയത്. കരമനയിലെ സെന്‍ററില്‍ പരീക്ഷ എഴുതിയ കുട്ടി പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിലാണ് പരീക്ഷ എഴുതിയത്. മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ല.
തൈക്കാട് പരീക്ഷ എഴുതിയ കുട്ടികള്‍ക്കൊപ്പം ഉള്ള കുട്ടികളെ നിരീക്ഷണത്തിലാക്കും. കോട്ടണ്‍ഹില്ലില്‍ പരീക്ഷ എഴുതിയ കുട്ടിയുടെ പിതാവിനും രോഗം സ്ഥിരീകരിച്ചു. അദ്ദേഹത്തോടൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ എന്നത് പരിശോധിക്കും. ആശങ്കപ്പെടേണ്ടതായ സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.