Asianet News MalayalamAsianet News Malayalam

കണ്ണൂരിൽ വിമാന യാത്രയ്ക്ക് തടസമായി മയിലുകൾ: മന്ത്രിതല യോഗം ചേരും

വെള്ളിയാഴ്ചയാണ് വിമാനത്താവളത്തിൽ വെച്ച് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നത്.

peacocks poses threat to smooth conduct of airline traffic in kannur
Author
First Published Jul 4, 2024, 7:44 AM IST

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന മയിലുകളുടെ സാന്നിധ്യം സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച യോഗം ചേരും. ജൂലൈ അഞ്ചിന് രാവിലെ പത്ത് മണിക്ക് കണ്ണൂർ വിമാനത്താവളത്തിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, എയർപോർട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കുമെന്ന് അധികൃതർ അറിയിച്ചു.

കോഴിക്കോട് വിമാനത്താവളത്തിന് സമീപം ബലൂണുകൾക്കും ലേസർ ബീം ലൈറ്റുകൾക്കും വിലക്ക്
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‌ളൈറ്റ് സോണിൽ പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച്  മലപ്പുറം ജില്ലാ കളക്ടർ വി ആർ  വിനോദ് ഉത്തരവിട്ടു. പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗം, പട്ടം പറത്തൽ എന്നിവയ്ക്കും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിരോധനം. സി ആർ പി സി സെക്ഷൻ 144 പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കളക്ടർ അറിയിച്ചു. 

ഏതെങ്കിലും വിമാനത്തിന്റെ ലാന്റിങ്, ടേക്ക് ഓഫ്, ഫ്‌ളൈയിങ് പ്രവർത്തനങ്ങൾ എന്നിവ തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് വിമാനത്താവള പരിസരത്തും റൺവേയിലും അപകടങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നും വിമാനങ്ങളുടെ ടേക് ഓഫ്, ലാന്റിങ് എന്നിവയ്ക്ക് ഭീഷണിയാവുമെന്നും വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും കാണിച്ച് വിമാനത്താവള ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കളക്ടറുടെ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios