പഞ്ചായത്ത് പ്രസിഡണ്ട് ചേര്‍ത്തുപിടിച്ചു; കൊവിഡ് വ്യാജ പ്രചാരണത്തില്‍ നിന്ന് രക്ഷപ്പെട്ട് രാമചന്ദ്രൻ
നേരിട്ടറിയാവുന്ന രാമചന്ദ്രന്‍റെ കൈയ്യും പിടിച്ച് കവലയിലൂടെ നടന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി.പി .മുഹമ്മദ് ഹനീഫ രാമചന്ദ്രന് കൊവിഡില്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തി.
മലപ്പുറം: പഞ്ചായത്ത് പ്രസിഡണ്ട് ചേര്‍ത്തുപിടിച്ചതോടെ കൊവിഡ് ബാധിതനെന്ന വ്യാജ പ്രചാരണത്തില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ് മലപ്പുറം പുലാമന്തോളിലെ രാമചന്ദ്രൻ. പാചക വാതക വിതരണ തൊഴിലാളിയായ രാമചന്ദന് കൊവിഡ് ഉണ്ടെന്ന പ്രചാരണം ചില്ലറ പ്രശ്നങ്ങളല്ല ഉണ്ടാക്കിയത്.
കഴിഞ്ഞ തിങ്കളാഴ്ച്ച പതിവുപോലെ പാചകവാതക വിതരണത്തിന് വണ്ടിയുമായി ഇറങ്ങിയപ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ തന്നോട് അകല്‍ച്ച കാണിക്കുന്നുവെന്ന് രാമചന്ദ്രൻ തിരിച്ചറിഞ്ഞത്. രാമചന്ദ്രന് പെട്ടന്ന് തന്നെ കാര്യം പിടികിട്ടി. തനിക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് ആ അകല്‍ച്ചയെന്ന്. മാറിപ്പോകാൻ ശ്രമിച്ചവരോട് തനിക്ക് അസുഖമില്ലെന്ന് ആവും വിധം പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല.
അവസാനം രാമചന്ദ്രൻ നാട്ടുകാരന്‍ കൂടിയായ പഞ്ചായത്ത് പ്രസിഡണ്ടിനോട് സങ്കടം പറഞ്ഞു. നേരിട്ടറിയാവുന്ന രാമചന്ദ്രന്‍റെ കൈയ്യും പിടിച്ച് കവലയിലൂടെ നടന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി.പി .മുഹമ്മദ് ഹനീഫ രാമചന്ദ്രന് കൊവിഡില്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തി.
മറ്റൊരു സ്ഥലത്ത് ഒരു പാചകവാതക വിതരണക്കാരന് കോവിഡ് 19 ബാധിച്ചത് ഈ പ്രദേശത്ത് നേരത്തെ സാമൂഹ്യവാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. .ചിലര്‍ ഇത് തെറ്റായി പ്രചരിപ്പിച്ചതാണ് രാമചന്ദ്രന് വിനയായത്.