കൊവിഡ് രോഗി കടത്തിണ്ണയില്‍ കഴിഞ്ഞ സംഭവം; നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍
മെയ് ഒന്‍പതിന് ചൈന്നയില്‍ നിന്നും ടാക്സിയില്‍ യാത്ര പുറപ്പെട്ട നരിപ്പറ്റ സ്വദേശിയാണ് ക്വാറന്‍റൈന്‍ സൗകര്യം ലഭിക്കാതെ വടകരയിലെ കടത്തിണ്ണയില്‍ കഴിഞ്ഞത്.
കോഴിക്കോട്: വടകരയില്‍ കൊവിഡ് സ്ഥിരീകരിച്ച വ്യക്തി കടത്തിണ്ണയില്‍ കഴിഞ്ഞ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ സമരം തുടങ്ങി. കൊവിഡ് നിയന്ത്രണം പാലിച്ച് യൂത്ത് കോണ്‍ഗ്രസ് താലൂക്ക് ഓഫീസും യൂത്ത് ലീഗ് ഡിവൈഎസ്പി ഓഫീസും ഉപരോധിച്ചു.
മെയ് ഒന്‍പതിന് ചൈന്നയില്‍ നിന്നും ടാക്സിയില്‍ യാത്ര പുറപ്പെട്ട നരിപ്പറ്റ സ്വദേശിയാണ് ക്വാറന്‍റൈന്‍ സൗകര്യം ലഭിക്കാതെ വടകരയിലെ കടത്തിണ്ണയില്‍ കഴിഞ്ഞത്. പിന്നീട് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വടകരയിലെ രണ്ട് കൊവിഡ് കെയര്‍ സെന്‍ററുകളില്‍ പോയെങ്കിലും താമസ സൗകര്യം കിട്ടിയില്ലെന്ന് റൂട്ട് മാപ്പ് തയാറാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഇദ്ദേഹം വിവരം നല്‍കിയതോടെയാണ് സംഭവം പുറത്താകുന്നത്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ വടകര നഗരസഭാ കൗണ്‍സിലര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‍പെക്ടര്‍ ശുചീകരണ തൊഴിലാളികള്‍ സഞ്ചരിച്ച ഓട്ടോറിഷയുടെ ഡ്രൈവര്‍ എന്നിവരടക്കം 14 പേര്‍ നിരിക്ഷണത്തിലാണ്
ഇയാള്‍ കടത്തിണ്ണയില്‍ കിടന്ന 10ന് രാത്രി 12 മണി മുതല്‍ 11ന് രാവിലെ 7 മണിവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടിയെടുക്കമെന്നാണ് യുത്ത് ലീഗ് ആവശ്യം. ഇതുന്നയിച്ച് വടകര ഡിവൈഎസ്‍പി ഓഫീസ് ഉപരോധിച്ചു. അന്ന് വടകരയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് താലൂക്ക് ഓഫീസ് ഉപരോധിച്ചത്. സാമൂഹിക അകലം പാലിച്ചായിരുന്നു ഉപരോധം. അതേസമയം സംഭവത്തില്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്.