Asianet News MalayalamAsianet News Malayalam

മലപ്പുറം സ്വദേശിനി എത്തിയത് വയറുവേദനയുമായി, വീര്‍ത്ത വയര്‍ മാത്രം ലക്ഷണം, പക്ഷെ പുറത്തെടുത്തത് 10 കിലോ മുഴ

മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ 43 വയസുകാരിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്. 

native of Malappuram came with abdominal pain he only symptom was a swollen stomach 10 kg tumor was removed
Author
First Published May 2, 2024, 6:22 PM IST

കോഴിക്കോട്: വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ 43 വയസുകാരിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്. 

36 സെന്റീമീറ്റര്‍ നീളവും 33 സെന്റീമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയമുഴ 3 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഒരാഴ്ച മുമ്പ് വയറുവേദനയായിട്ടാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കായെത്തിയത്. വീര്‍ത്ത വയറൊഴികെ മറ്റ് രോഗ ലക്ഷണങ്ങളൊന്നും കണ്ടില്ല. അള്‍ട്രാസൗണ്ട്, എം.ആര്‍.ഐ. സ്‌കാനിംഗ് തുടങ്ങിയ പരിശോധനകളില്‍ ഗര്‍ഭാശയ മുഴയാണെന്ന് സ്ഥിരീകരിച്ചു. രക്തയോട്ടം കൂടുതലുള്ള മുഴയായതിനാല്‍ അതീവ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയ. 

രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ശസ്ത്രക്രിയയുടെ തുടക്കത്തില്‍ തന്നെ തുന്നിച്ചേര്‍ത്തിരുന്നു. രക്തസ്രാവമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് രക്തം ശേഖരിച്ച് വച്ചിരിന്നെങ്കിലും നല്‍കേണ്ടി വന്നില്ല. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു.

ഗൈനക്കോളജി വിഭാഗം കാന്‍സര്‍ സ്പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസ്, ഡോ. അമ്മു മോഹന്‍, ഡോ. ഐശ്വര്യ ഗൗതം, ഡോ. അഞ്ജന, അനസ്ത്യേഷ്യാ വിഭാഗം ഡോ. ബിനു സാജിദ്, ഡോ. സോനു എസ്.എ., സ്റ്റാഫ് നഴ്സ് സരിത സി.എസ്., സിജിമോള്‍ ജോര്‍ജ്. നഴ്സിംഗ് അസിസ്റ്റന്റ് അശോകന്‍ വി.കെ. എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഗൈനേക്കോളജി വിഭാഗം മേധാവി ഡോ. ജ്യോതി രമേശ് ചന്ദ്രന്‍ ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചു.

രക്ഷപ്പെടില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞ്; മരണത്തിനു വിട്ടുകൊടുക്കില്ലെന്ന് മാതാപിതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios