Anupama Missing baby case| അനുപമയുടെ പരാതി മുഖ്യമന്ത്രി നേരത്തെ കയ്യൊഴിഞ്ഞു, ശബ്ദ രേഖ
അച്ഛനും അമ്മയും തീരുമാനിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന് ശബ്ദ രേഖയില്‍ ശ്രീമതി പറയുന്നുണ്ട്. വിഷയത്തില്‍ നമുക്ക് റോൾ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു എന്നും ശ്രീമതി അനുപമയോട് പറഞ്ഞിരുന്നു.
തിരുവനന്തപുരം: അനുപമയുടെ (Anupama) കുഞ്ഞിനെ ദത്ത് നൽകിയത് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ (pinarayi vijayan) അറിഞ്ഞിട്ടും കയ്യൊഴിഞ്ഞു എന്ന് വെളിപ്പെടുത്തുന്ന പി കെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത്. ദത്ത് വിവാദത്തിൽ അനുപമയുടെ അച്ഛനും അമ്മയും തീരുമാനമെടുക്കട്ടേ എന്നും സർക്കാറിന് റോളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് ശ്രീമതി അനുപമയോട് സംസാരിക്കുന്നത്. മുഖ്യമന്ത്രി ഇടപെടാത്തതിൽ വേദനയുണ്ടെന്ന് അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദത്ത് വിവാദം ശക്തമാകുമ്പോൾ കുഞ്ഞിനെ അനുപമക്ക് കിട്ടണമെന്നാണ് സർക്കാറും സിപിഎമ്മും പറയുന്നത്. എന്നാൽ ഈ നിലപാട് മുൻപുണ്ടായില്ലെന്ന് വ്യക്തമാക്കുന്നതാണ് പി കെ ശ്രീമതിയും അനുപമയും തമ്മിലുള്ള ശബ്ദരേഖ. സെപ്തംബർ 25നാണ് ഇരുവരും ഫോണിൽ സംസാരിക്കുന്നത്. അച്ഛനും അമ്മയും തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞത് അറിയിക്കുമ്പോൾ തന്റെ അച്ഛന്റെ രാഷ്ട്രീയ സ്വാധീനത്തിലാണ് എല്ലാം നടക്കുന്നതെന്ന ആശങ്കയും അനുപമ അറിയിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു.
ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒക്ടോബര്‍ 14 ന് വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെയാണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയും തുടർവാർത്തകളും അമ്മയുടെ ദുരവസ്ഥ കൂടുതൽ പുറത്ത് കൊണ്ടുവരികയും വിവാദം ശക്തമാകുകയും ചെയ്തതോടെയാണ് അധികൃതർ കണ്ണ് തുറന്നത്.