Asianet News MalayalamAsianet News Malayalam

തൃശ്ശൂർ റെയിൽവെ സ്റ്റേഷൻ്റെ സ്ഥലത്ത് കാനയിൽ യുവാവിൻ്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം തുടങ്ങി

ഒരു വർഷമായി ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുന്ന ഇയാൾ സ്വന്തം വീട്ടിലേക്ക് വല്ലപ്പോഴും മാത്രമേ എത്താറുള്ളൂവെന്ന് ബന്ധുക്കൾ

Man found dead near thrissur murder says police launch probe
Author
First Published Sep 20, 2024, 7:45 PM IST | Last Updated Sep 20, 2024, 7:45 PM IST

തൃശ്ശൂർ: റെയിൽവേ സ്റ്റേഷൻ്റെ സ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അന്നമനട കല്ലൂർ കാഞ്ഞിരപറമ്പിൽ മജിദിന്റെ മകൻ ഷംജാദി( 45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവ് കൊല്ലപ്പെട്ടതാണെന്ന സംശയത്തിൽ പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം തന്നെയാണോയെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിക്കാൻ കഴിയുമെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടത്തിനടുത്ത്, നടപ്പാതയോട് ചേർന്നുള്ള മതിലിനുള്ളിൽ റെയിൽവേയുടെ സ്ഥലത്തെ ചെറിയ കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. തലകുത്തി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെറ്റിയിലും തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റ പാടുകളുണ്ടായിരുന്നു. ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. കൊലപാതകമാണെന്ന സംശയം ഉയരുന്നുണ്ട്. ഇന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം മാത്രമേ കൊലപാതകമാണോയെന്ന് അറിയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് നിന്ന് ഇയാളുടേതെന്ന് കരുതുന്ന ബാഗ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. ഒരു വർഷമായി ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുന്ന ഇയാൾ സ്വന്തം വീട്ടിലേക്ക് വല്ലപ്പോഴും മാത്രമേ എത്താറുള്ളൂവെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.
 

Latest Videos
Follow Us:
Download App:
  • android
  • ios