Asianet News MalayalamAsianet News Malayalam

തൃശൂർ സ്വർണ കവർച്ചയുടെ മുഖ്യസൂത്രധാരൻ ഇൻസ്റ്റഗ്രാമിലെ 'രങ്കണ്ണൻ'; 22 കേസുകളിലെ പ്രതിക്ക് അര ലക്ഷം ഫോളോവേഴ്സ്

തൃശൂര്‍ കുതിരാന്‍ ദേശീയ പാതയില്‍ നടന്ന സംഭവങ്ങളുടെ പിന്നാലെ ഒരു സ്വകാര്യ ബസിലെ ക്യാമറയിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് അതിവേഗം റോഷനിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.

main accused in Thrissur gold theft case has more than 50k followers on instagram
Author
First Published Oct 1, 2024, 7:52 AM IST | Last Updated Oct 1, 2024, 7:52 AM IST

തൃശ്ശൂർ: തൃശൂരിൽ രണ്ടു കോടി രൂപയുടെ സ്വര്‍ണ്ണം കവർന്ന സംഭവത്തിലെ മുഖ്യ സൂത്രധാരനായ റോഷന്‍ വര്‍ഗീസെന്ന റോഷന്‍ തിരുവല്ലയ്ക്ക് ഇന്‍സ്റ്റയിലുള്ളത് അര ലക്ഷത്തിലേറെ ഫോളോവേഴ്സ്. രങ്കണ്ണന്‍ സ്റ്റൈലിലുള്ള വീഡിയോകളാണ് ഇയാളുടെ ഇന്‍സ്റ്റ പ്രൊഫൈൽ നിറയെ. എന്നാൽ മൂന്നു സംസ്ഥാനങ്ങളിലായി 22 കേസുകളില്‍ പ്രതിയാണ് റോഷന്‍

തിരുവല്ലക്കാരന്‍ റോഷൻ വര്‍ഗീസ്, ഇന്‍സ്റ്റയിലെ ഫോളോവേഴ്സിനിടയില്‍ റോഷന്‍ തിരുവല്ല എന്നാണ് അറിയപ്പെടുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും ദേശീയപാത കേന്ദ്രീകരിച്ചുള്ള കൊള്ള സംഘമാണ് ഇയാളുടേത്. തൃശൂര്‍ കുതിരാന്‍ ദേശീയ പാതയില്‍ സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് രണ്ടര കിലോയിലേറെ സ്വര്‍ണം തട്ടിയ ഒമ്പതംഗ സംഘത്തിന്‍റെ തലവനാണ് റോഷന്‍. കാപ്പാ ചുമത്തി നാട്ടില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട് റോഷനെ. 

കേരളം, തമിഴ് നാട്, കര്‍ണാടക എന്നിവിടങ്ങളിലെ ദേശീയ പാതകളില്‍ കറങ്ങിനടന്ന് കുഴല്‍പണ, സ്വര്‍ണ വേട്ടയാണ് റോഷന്‍റെ സംഘത്തിന്‍റെ പ്രധാന പണി. കോയമ്പത്തൂരില്‍ നിന്ന് കാറിലെത്തിയ സ്വര്‍ണ വ്യാപാരിയെ സിനിമാ സ്റ്റൈലില്‍ ചേസ് ചെയ്ത് തട്ടിക്കൊണ്ട് പോയി സ്വര്‍ണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു റോഷനും സംഘവും ചെയ്തത്. 

റോഷനിലേക്കും കൂട്ടാളികളിലേക്കും പൊലീസിനെ വേഗത്തില്‍ എത്തിച്ചത് സംഭവം നടക്കുമ്പോള്‍ പിന്നില്‍ വന്ന സ്വകാര്യ ബസ്സിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു. പ്രതികള്‍ പോയ വഴികളിലെ നൂറിലേറെ ക്യാമറ ദൃശ്യങ്ങളും റോഷനെ പിടികൂടാന്‍ നിര്‍ണായകമായി. റോഷന്‍ ഉള്‍പ്പടെ അഞ്ചുപേരാണ് വലയിലായത്. 

റോഷന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തെങ്കിലും സ്വര്‍ണം കണ്ടെത്താനായിട്ടില്ല. സംഘത്തിലെ മറ്റു നാലു കൂട്ടാളികള്‍ കൂടി വലയിലാകാനുണ്ട്. അവരില്‍ നിന്ന് സ്വര്‍ണം വീണ്ടെടുക്കാനാവുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios