സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിൽ ഈടാക്കാവുന്ന കൊവിഡ് ചികിത്സാ നിരക്ക് പ്രഖ്യാപിച്ചു
ജനറല്‍ വാര്‍ഡ് 2300 രൂപ, , ഐസിയൂ 6500 രൂപ, ഐസിയൂ വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സക്ക് ഈടാക്കേണ്ട നിരക്ക് സർക്കാർ നിശ്ചയിച്ചു. പ്രതിദിന നിരക്ക് നിശ്ചയിച്ച് ഉത്തരവും പുറപ്പെടുവിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും , സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകൾ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്.
കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെയാണ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നത്. ജനറല്‍ വാര്‍ഡ് 2300 രൂപ, , ഐസിയൂ 6500 രൂപ, ഐസിയൂ വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകള്‍. ഇതിന് പുറമേ പിപിഇ കിറ്റിനുള്ള ചാര്‍ജും ഈടാക്കാവുന്നതാണ്.
വിവിധ കൊവിഡ് പരിശോധനകള്‍ തെരെഞ്ഞെടുക്കപ്പെട്ട അംഗീകൃത സ്വകാര്യ ആശുപത്രികളിലെ ലാബുകളിലോ സ്വകാര്യ ലാബുകളിലോ ചെയ്യാവുന്നതാണ്. ആര്‍ടിപിസിആര്‍ ഓപ്പണ്‍ 2750 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വണ്‍) 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് ടു) 1500 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ചികിത്സാ പ്രോട്ടോകോള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിലുണ്ട്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ കോവിഡ് ചികിത്സ ചെലവ് പൂര്‍ണമായും സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഹിക്കുന്നതാണ്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ സംവിധാനം റഫര്‍ ചെയ്യുന്ന രോഗികളുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതാണെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.