'ആദ്യ കേസ് വരും മുമ്പേ കേരളം പ്രതിരോധത്തിലേക്ക് കടന്നു'; കൊവിഡിനൊപ്പമുള്ള ആറ് മാസം വിശദീകരിച്ച് മുഖ്യമന്ത്രി

ലോകരാജ്യങ്ങൾക്കൊപ്പം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് കേരളം കടന്നിട്ട് ആറ് മാസം പിന്നിടുകയാണ്.

Kerala enters defense before first case CM pinarayi vijayan  explains six months with Covid

തിരുവനന്തപുരം: ലോകരാജ്യങ്ങൾക്കൊപ്പം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് കേരളം കടന്നിട്ട് ആറ് മാസം പിന്നിടുകയാണ്. വിശ്രമമില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും സർക്കാറിന്റെ നടപടികളെ കുറിച്ചും വിശദീകരിക്കുകയാണ് മുഖ്യമന്ത്രി. 

മുഖ്യമന്ത്രിയുടെ വാക്കുകൾ

കൊവിഡിനൊപ്പം കേരളത്തിന്‍റെ സഞ്ചാരം ആറ് മാസമായി. സർക്കാർ എല്ലാ സംവിധാനവും ഉപയോഗിച്ചാണ് അപരിചിതമായ ഈ സാഹചര്യത്തെ മറികടക്കാൻ ശ്രമിക്കുന്നത്. ജനം കാട്ടുന്ന ജാഗ്രതയും പിന്തുണയും പ്രതിരോധ പ്രവർത്തനത്തിന് ഊർജ്ജമായി.സർക്കാരിന് കൊവിഡ് പ്രതിരോധത്തിൽ എന്ത് പങ്കെന്ന് ചോദ്യം കേട്ടു. 

നാൾവഴി പരിശോധിച്ചാൽ ഉത്തരമുണ്ടാകും. ജനുവരി 30-നാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനത്തിന് അതിലേറെ പഴക്കമുണ്ട്. ജനുവരി രണ്ടാം വാരം മുതൽ ആരോഗ്യവകുപ്പ് ഉണർന്ന് പ്രവർത്തിച്ചു. അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോൾ ഇല്ലാതിരുന്നപ്പോഴും നടപടികളുമായി മുന്നോട്ട് പോയി.ജനുവരി 30, ഫെബ്രുവരി 2, നാല് തീയതികളിലായി മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ മാത്രമായി ആദ്യ ഘട്ടം ഒതുങ്ങി. 

ആദ്യം സ്ഥിരീകരിച്ച രാജ്യങ്ങളിൽ രോഗം പടർന്ന് പിടിച്ചപ്പോൾ നാം വ്യാപനമില്ലാതെ ആദ്യ ഘട്ടം അതിജീവിച്ചു. മാർച്ച് എട്ടിന് വിദേശത്ത് നിന്ന് എത്തിയവർക്ക് രോഗം. ഇതോടെ രണ്ടാം ഘട്ടം തുടങ്ങി. മാർച്ച് 24-ന് കേരളത്തിൽ 105 രോഗികളാണ് ഉണ്ടായിരുന്നത്. മെയ് മൂന്നിന് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 95 ആയി കുറഞ്ഞു. രണ്ടാം ഘട്ടം പിന്നിട്ടപ്പോൾ 496 പേർക്കാണ് ആകെ രോഗം ബാധിച്ചത്. 165 പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തിയത്.അൺലോക്ക് ആരംഭിച്ചതോടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. 

അതിർത്തി കടന്നും വിമാനത്തിലൂടെയും കേരളത്തിലേക്ക് ആളുകൾ വന്നു. 682699 പേർ ഇതുവരെ വന്നു. 419943 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരായിരുന്നു. 262756 പേർ വിദേശത്ത് നിന്നും വന്നവർ.ഇന്നലെ വരെ 21298 പേർക്കാണ് കൊവിഡ് ബാധിച്ചത്. രോഗബാധിതരായവരിൽ 9099 പേർ കേരളത്തിന് പുറത്ത് നിന്ന് വന്നവരാണ്. 12,199 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായി. രോഗികളുടെ എണ്ണത്തിൽ മൂന്നാം ഘട്ടത്തിൽ വർധനവ് പ്രതീക്ഷിച്ചിരുന്നു. 

രോഗവ്യാപന തോത് പ്രവചിക്കപ്പെട്ട രീതിയിൽ കൂടാതെയാണ് ഇപ്പോഴും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം പിടിച്ച് നിൽക്കുന്നത്.മറ്റിടങ്ങളിലെ പോലെ രോഗവ്യാപനം കേരളത്തിലില്ല. നാം നടത്തിയ ചിട്ടയായ പ്രവർത്തനമാണ് അപകടത്തിലേക്ക് പോകാതെ കേരളത്തെ രക്ഷിച്ചത്. ആരോഗ്യമേഖലയിൽ കൊവിഡ് പ്രതിരോധത്തിന് ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടർമാരെ നിയമിച്ചു. കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തന സജ്ജമാക്കി. 

273 തസ്തിക സൃഷ്ടിച്ചു. 980 ഡോക്ടർമാർക്ക് താത്കാലിക നിയമനം നൽകി. 6700 താത്കാലിക തസ്തികകളിലേക്ക് എൻഎച്ച്എം വഴി നിയമനം നടത്തി. കൊവിഡ് രോഗികൾക്ക് മാത്രമായി ആയിരത്തോളം ആംബുലൻസുകൾ സജ്ജമാക്കി. 50 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ആശുപത്രികളെ വളരെപ്പെട്ടെന്ന് കൊവിഡ് ആശുപത്രികളാക്കി, സൗകര്യം സജ്ജമാക്കി. 105, 95 വയസുള്ള രോഗികളെ വരെ ചികിത്സിച്ച് ഭേദമാക്കി. 

വാർഡ് തല സമിതി തുടങ്ങി മുകളറ്റം വരെയുള്ള നിരീക്ഷണ സംവിധാനമാണ് സംസ്ഥാനത്തിന്‍റെ കരുത്ത്.ഒരാൾ പോലും പട്ടിണി കിടക്കരുത്, ഒരു ജീവി പോലും കരുതലിന് പുറത്താകരുത് - ലോക്ക്ഡൗണിലും അൺലോക്കിലും സർക്കാർ നിലപാട് ഇത് തന്നെയായിരുന്നു. ലോക്ക്ഡൗൺ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20000 കോടിയുടെ പാക്കേജ് സംസ്ഥാനം നടപ്പാക്കി. 60 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകി. 

ക്ഷേമപെൻഷൻ കിട്ടാത്ത 15 ലക്ഷം കുടുംബങ്ങൾക്ക് ആയിരം രൂപ വീതം ധനസഹായം നൽകി. വിവിധ ക്ഷേമനിധി അംഗങ്ങൾക്ക് ധനസഹായം നൽകി. കുടുംബശ്രീ വഴി 2000 കോടി രൂപ വിതരണം ചെയ്യാൻ പദ്ധതി തയ്യാറാക്കി. 184474 പേർക്കായി 1742.32 കോടി രൂപ വിതരണം ചെയ്തു.പൊതുവിതരണ സംവിധാനം വഴി 85 ലക്ഷം കുടുംബങ്ങൾക്ക് ധാന്യം വിതരണം ചെയ്തു. 

ഫലവ്യഞ്ജന കിറ്റ് സൗജന്യമായി നൽകി. അങ്കൺവാടികളിൽ നിന്ന് കുട്ടികൾക്ക് പോഷകാഹാരം വീടുകളിൽ എത്തിച്ചു. 26 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് നൽകി.ഇങ്ങിനെയെല്ലാം സാധ്യമായ എല്ലാ ഇടപെടലും ആറ് മാസത്തിൽ കേരളം നടത്തി. കൊവിഡിനൊപ്പം ഇനിയും നാം സഞ്ചരിക്കേണ്ടി വരും. അതിന് സജ്ജമാവുകയാണ് പ്രധാനം.

Latest Videos
Follow Us:
Download App:
  • android
  • ios