'വിവാദ കമന്റ്, കലാപ ശ്രമം': ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ

ഗോഡ്‌സെ ഒരുപാട് പേരുടെ ഹീറോ ആണെന്ന കൃഷ്ണരാജ് എന്നയാളുടെ ഫേസ്ബുക്ക് പരാമര്‍ശത്തെ പിന്തുണച്ച് ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു ഷൈജ ആണ്ടവന്‍ കമന്റിട്ടത്.

kerala dyfi against calicut nit professor shaija andavan joy

തിരുവനന്തപുരം: നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. അധ്യാപിക സമൂഹത്തില്‍ കലാപം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിച്ചു. ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. 

ഡിവൈഎഫ്‌ഐ പ്രസ്താവന: ''മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണം. ഗോഡ്‌സേയെ പുകഴ്ത്തി കൊണ്ട് സംഘപരിവാര്‍ അനുകൂലിയായ വ്യക്തി ഇട്ട ഫേസ് ബുക്ക് പോസ്റ്റിലാണ് ഗാന്ധിയെ കൊന്നു ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സേ അഭിമാനമാണെന്ന അര്‍ത്ഥത്തില്‍ ഷൈജ ആണ്ടവന്‍ കമന്റിട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം നല്‍കുകയും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അടയാളമായി മാറുകയും ചെയ്ത രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഹിന്ദുത്വ ഭീകരന്‍ ഗോഡ്‌സെക്ക് വീര പരിവേഷം നല്‍കി ഗാന്ധിജിയെ അധിക്ഷേപിച്ച് രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയും സംഘര്‍ഷവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് രാജ്യദ്രോഹപരവും ചരിത്രത്തോടുള്ള അവഹേളനവുമാണ്. ഗാന്ധിയെ കൊന്നതിലൂടെ ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചു എന്ന് പറഞ്ഞ് സമൂഹത്തില്‍ കലാപം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിച്ച അധ്യാപിക ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം.''

കഴിഞ്ഞദിവസമായിരുന്നു ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം. ഗോഡ്‌സെ ഒരുപാട് പേരുടെ ഹീറോ ആണെന്ന കൃഷ്ണരാജ് എന്നയാളുടെ ഫേസ്ബുക്ക് പരാമര്‍ശത്തെ പിന്തുണച്ച് ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു ഷൈജ ആണ്ടവന്‍ കമന്റിട്ടത്. പ്രാണപ്രതിഷ്ഠാദിനത്തില്‍ എന്‍ഐടിയില്‍ സംഘപരിവാര്‍ അനുകൂല വിദ്യാര്‍ത്ഥി കൂട്ടായ്മ ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കുകയും കാവി നിറത്തില്‍ ഇന്ത്യയുടെ ഭൂപടം വരയ്ക്കുകയും ചെയ്തതിനെച്ചൊല്ലിയുളള വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനു പിന്നാലെയായിരുന്നു ഈ സംഭവം. എന്നാല്‍ ഗൗരവമുള്ള കമന്റല്ല ഇട്ടതെന്നും ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലെന്നും ഷൈജ ആണ്ടവന്‍ പ്രതികരിച്ചു. കമന്റ് ഡിലീറ്റ് ചെയ്യില്ലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

'കേരളം ചെയ്താല്‍ അത് നാടകം, കര്‍ണാടക അതുതന്നെ ചെയ്താലോ?' പ്രതിപക്ഷ നേതാവിനോട് മന്ത്രിമാര്‍ 
 

Latest Videos
Follow Us:
Download App:
  • android
  • ios