സംസ്ഥാനത്താകെ 37 കൊവിഡ് ക്ലസ്റ്ററുകൾ, തൂണേരിയും ചെല്ലാനവും ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ ആശങ്കയിൽ

11 ജില്ലകളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ഉറവിടമില്ലാത്ത കേസുകളും ക്ലസ്റ്ററുകളും കൂടുന്നതോടെ സാമൂഹിക വ്യാപന ആശങ്കയും ശക്തമാകുന്നു

kerala covid update, 37 covid clusters in kerala

കൊച്ചി: സമ്പർക്ക വ്യാപനം കുതിച്ചുയർന്നതോടൊപ്പം ആശങ്കയായി സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകൾ. വടകരയിലും തൂണേരിയിലും ക്ലസ്റ്ററുകളായതോടെ സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകളുടെ ആകെ എണ്ണം 37 ആയി. 11 ജില്ലകളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ഉറവിടമില്ലാത്ത കേസുകളും ക്ലസ്റ്ററുകളും കൂടുന്നതോടെ സാമൂഹിക വ്യാപന ആശങ്കയും ശക്തമാകുന്നു

സമ്പർക്കവും ഉറവിടമില്ലാത്ത കേസുകളും വർധിച്ചതോടെ വിവിധതരത്തിൽ തരംതിരിച്ചിട്ടുള്ള എല്ലാ ക്ലസ്റ്ററുകളും കേരളത്തിൽ രൂപപ്പെട്ടു കഴിഞ്ഞു. പ്രാദേശികമായി പടർന്ന അമ്പതിലധികം കേസുകൾ വരുന്നതോടെ രൂപം കൊള്ളുന്ന ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാണ് ഇതിൽ ഏറ്റവും അപകടകരം. നിലവിൽ പൊന്നാനിയും പൂന്തുറയും ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാണ്. പൂന്തുറയിൽ സമൂഹവ്യാപനത്തിന്റെ തൊട്ടുമുൻപത്തെ ഘട്ടമായ സൂപ്പർ സ്പ്രെഡ് സംഭവിച്ചു കഴിഞ്ഞു. 50ലധികം പേരിലേക്ക് രോഗം പടർന്ന തൂണേരിയും ഈ നിലയിൽ തുടർന്നാൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായേക്കും. ഇന്നലെ മാത്രം 20 പേരിലേക്ക് രോഗം പടർന്ന എറണാകുളത്തെ ചെല്ലാനവും ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായേക്കുമെന്ന ആശങ്കയിലാണ്. 

ഇതിന് തൊട്ടുതാഴെ, പ്രാദേശിക വ്യാപനമുണ്ടായ ചെറിയ പ്രദേശങ്ങളാണ് ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ. പത്തനംതിട്ടയിലെ നഗരസഭാ വാർഡുകളടക്കം സംസ്ഥാനത്ത് ഇവയുടെ എണ്ണം 27 ആണ്. ജവാന്മാരിൽ രോഗം പടർന്നുപിടിച്ച കണ്ണൂരിലെ സഐഎസ്എഫ് ക്യാംമ്പ്, ഡിഎസ്സി ക്യാമ്പ്, ആലപ്പുഴ നൂറനാട് ഐടിബിപി എന്നിവ ക്ലോസ്ഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ്. ആശുപത്രികളിലും ഫ്ലാറ്റുകളിലും ഓഫീസുകളിലും രോഗം പടർന്നുപിടിച്ച ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റററായി 3 സ്ഥലങ്ങൾ സംസ്ഥാനത്ത് രൂപപ്പെട്ടു. 

തൃശൂർ കോർപ്പറേഷൻ ഓഫീസ്, വെയർഹൗസ്, കോഴിക്കോട് വെള്ളയിലെ ഫ്ലാറ്റ് എന്നിവ ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്ററുകളാണ്. അതേസമയം 12 ക്ലസ്റ്ററുകളെ കണ്ടെയിന്മെന്റ് നടപടികളിലൂടെ ഇതിനോടകം ഇല്ലാതാക്കാൻ കഴിഞ്ഞു. വയനാട്, കാസർഗോഡ് ജില്ലകളാണ് ഇങ്ങനെ പൂർണമായും ക്ലസ്റ്റർ മുക്തമായത്. ദിവസേനയുള്ള സമ്പർക്ക വ്യാപനം ഇതിനോടകം 50 ശതമാനം പിന്നിട്ടതിനാൽ ക്ലസ്റ്ററുകളുടെ എണ്ണവും കൂടാനാണാ സാധ്യത. അങ്ങനെയെങ്കിൽ കാത്തിരിക്കുന്നത് സമൂഹവ്യാപനമെന്ന ഭയപ്പെട്ട അപകടമാകും. സമൂഹവ്യാപനം നടന്നുകഴിഞ്ഞെന്ന് നേരത്തെ ഐഎംഎ മുന്നറിയിപ്പ് നൽകിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios